
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ പശ്ചിമ ബംഗാളില്‍ 82, അസമില്‍ 76.9 ശതമാനം പോളിങ്. ഇരു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് പൊതുവേ സമാധാനപരമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്.
അതേസമയം, വോട്ടെടുപ്പിനു മണിക്കൂറുകള്‍ മുമ്പ് പശ്ചിമ ബംഗാളിലെ കിഴക്കന്‍ മിഡ്നാപ്പൂരില്‍ ബോംബേറ് നടന്നെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. ഭഗവാന്‍പുര്‍ മണ്ഡലത്തില്‍ വെടിവയ്പുണ്ടായെന്നും രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു പരുക്കുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. സംഘര്‍ഷത്തിനു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് ബി.ജെ.പി. ആരോപിച്ചു.
അസമില്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവള്‍ ദിസ്ബര്ഗില് വോട്ട് ചെയ്തു. സോനോവളിനു പുറമേ സ്പീക്കര്‍ ഹിതേന്ദ്രനാഥ് ഗോസ്വാമി, അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ റിപ്പണ്‍ ബോറ എന്നിവരാണ് ഇന്നലെ ജനവിധി തേടിയവരില്‍ പ്രമുഖര്‍.
അസമിലും പശ്ചിമ ബംഗാളിലും 77 അസംബ്ലി മണ്ഡലങ്ങളിലായി 21825 പോളിങ് സ്റ്റേഷനുകളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്.
പശ്ചിമ ബംഗാളില്‍ പ്രശ്നബാധിത ബൂത്തുകളടക്കം പകുതിയിലേറെ ബൂത്തുകളിലും വെബ്കാസ്റ്റിങ് നടത്തി.






