നാല് ലക്ഷം വ്യാജ പേരുകാരെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ
സമീപിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അമ്മയ്ക്കും എ.ഐ.സി.സി. വക്താവ് ഷമാ മുഹമ്മദിനും ഇരട്ടവോട്ട് ഉണ്ടെന്നുള്ള പ്രതിരോധ തന്ത്രവുമായി
ഇടതുപക്ഷം രംഗത്ത് എത്തിയതോടെ ഇരട്ടവോട്ട് വിവാദം ഇരുതല വാളായി മാറി. കഴക്കൂട്ടത്തെ യു.ഡി.എഫ്. സ്ഥാനാർഥി എസ്.എസ്. ലാലിനും ഇരട്ടവോട്ട് ഉള്ളതാതി സിപിഎം ആരോപിക്കുന്നു.
വോട്ടർ പട്ടികയിലുണ്ടായ ഇത്തരം ക്രമക്കേടുകള്‍ സ്വാഭാവികമായ ചില പോരായ്മകൾ മാത്രമാണെന്നും മുൻകാലത്തും ഇത്തരം അപാകങ്ങൾ ഉണ്ടായിട്ടുണ്ടെന്നും സംസ്ഥാന തിരഞ്ഞടുപ്പ് കമ്മിഷൻ പറയുന്നു. രാജ്യത്ത് ഇത്തരത്തിൽ 26 ലക്ഷത്തിലേറെ വോട്ടുകളുണ്ടെന്നും കഴിഞ്ഞ ദിവസം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വിശദീകരിച്ചിരുന്നു.
എന്നാല്‍ പ്രതിപക്ഷവും ബിജെപിയും പ്രതിഷേധം ഉയര്‍ത്തിയതോടെ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയമായി മാറി ഇരട്ടവോട്ട്. വികസനവും ക്ഷേമപ്രവര്‍ത്തനങ്ങളും മുന്‍നിര്‍ത്തി വോട്ടുതേടിയ ഇടതുമുന്നണിക്ക് ഇരട്ടവോട്ട് വിവാദം തിരിച്ചടിയായെങ്കിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ ഇരട്ടവോട്ടു ചൂണ്ടിക്കാണിച്ച് ആരോപണങ്ങളെ പ്രതിരോധിക്കുകയാണിപ്പോള്.
ഇതിനിടെ ഇരട്ട വോട്ട് തടയാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നടപടി തുടങ്ങി. ഇതുപ്രകാരം ഇലക്ഷന് രജിസ്ട്രേഷന് ഓഫീസര്‍മാര്‍ക്ക് (ഇ.ആര്.ഒ) ഇരട്ടിപ്പ് പട്ടിക തയ്യാറാക്കാനുള്ള ചുമതല നല്കി. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ പുറത്തിറങ്ങി. വോട്ട് ഇരട്ടിപ്പു സംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘവും പരിശോധനക്കായി കേരളത്തിലെത്തി.
ഇ.ആര്.ഒമാര്‍ തയ്യാറാക്കുന്ന പട്ടിക അതതു ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കു (ബി.എല്‍.ഒ) കൈമാറണം. ഈ പട്ടികയിലെ വിവരങ്ങള്‍ അനുസരിച്ച് ബി.എല്‍.ഒമാര്‍ തങ്ങളുടെ ബൂത്തിലെ വോട്ടര്‍ പട്ടിക ഒത്തുനോക്കി ഇരട്ടിപ്പ് വന്നിട്ടുള്ള വോട്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കും. ബൂത്തിന്റെ പരിധിയില്‍ ഉള്ളവര്‍ മാത്രമേ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളുവെന്ന് ബി.എല്‍.ഒമാര്‍ ഉറപ്പു വരുത്തേണ്ടതുണ്ട്. അങ്ങനെയല്ലാത്തവരുടെ വിവരങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തും.
ഫീല്‍ഡ് പരിശോധന നടത്തേണ്ട ചുമതല ബി.എല്‍.ഒമാര്‍ക്കാണ്. ഇവര്‍ ഇത്തരത്തില്‍ ബൂത്തു തിരിച്ച് ഇരട്ടിപ്പു സംബന്ധിച്ച പട്ടിക ഇ.ആര്.ഒക്കു സമര്‍പ്പിക്കണം. ബി.എല്‍.ഒമാര്‍ ബാക്കി പട്ടികയില്‍ അപാകതകള്‍ ഇല്ലെന്ന് സാക്ഷ്യപ്പെടുത്തും. മാര്‍ച്ച് 30 നു വൈകിട്ട് അഞ്ചുമണിക്ക് മുന്‍പ് ഈ സാക്ഷ്യപത്രം അതതു തഹസില്‍ദാര്‍മാര്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാര്ക്ക് സമര്‍പ്പിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നു.
ആരുടെ പേരിലായാലും ഇരട്ടവോട്ടുകള്‍ ഉണ്ടെങ്കില്‍ നീക്കം ചെയ്യുക തന്നെ വേണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആലപ്പുഴയില്‍ പറഞ്ഞു. നാല് ലക്ഷം വ്യാജ പേരുകാരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് താന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
തന്റെ 80 വയസ് കഴിഞ്ഞ അമ്മയ്ക്ക് ഇരട്ടവോട്ടുണ്ടെന്നാണു സി.പി.എമ്മിന്റെ വിമര്‍ശനം. അതു ശരിയെങ്കില്‍ പേര് മാറ്റാത്തതിന് ഉദ്യോഗസ്ഥര്‍ മറുപടി പറയണം. ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ പട്ടികയില്‍നിന്നു പേര് മാറ്റി ഹരിപ്പാട്ട് ഉള്‍പ്പെടുത്തണമെന്നു കാട്ടിയാണ് തന്റെ കുടുംബം കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കിയിരുന്നത്. അതുമാറ്റാതിരുന്നതിന് താന്‍ ഉത്തരവാദിയല്ല.
എ.ഐ.സി.സി. വക്താവ് ഷമാ മുഹമ്മദിനും ഇരട്ടവോട്ടെന്നു സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന് ആരോപിച്ചു. ഒരിടത്ത് പിതാവിന്റെയും മറ്റൊരിടത്ത് മാതാവിന്റെയും പേര് ചേര്‍ത്തെന്നും അദ്ദേഹം പറഞ്ഞു . ഇരട്ട വോട്ട് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു.ഡി.എഫ്. ഉയര്‍ത്തിക്കൊണ്ടുവന്ന ഇരട്ടവോട്ട് ആരോപണം അവരെ തന്നെ തിരിഞ്ഞുകൊത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ മണ്ഡലത്തിലെ 89ാം നമ്പര്‍ ബൂത്തില്‍ ഷമാ മുഹമ്മദിന് ഇരട്ടവോട്ടുണ്ട്. ഒരിടത്ത് പിതാവിന്റെ പേരാണു കൊടുത്തത്. ഒരിടത്ത് മാതാവിന്റെ പേരും കൊടുത്തു. അത് ബോധപൂര്‍വം ചെയ്ത കാര്യമാണ്. ഇതു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാര് ചെയ്യുന്ന കാര്യമല്ല എന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരിനെ തുടര്‍ന്നാണു സ്വന്തം പാര്‍ട്ടിയിലെ നേതാക്കളുടെ ഇരട്ട വോട്ട് വിവരം പുറത്തുകൊണ്ടുവരാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശ്രമിച്ചത്. അങ്ങനെയൊരു പരാതി കൊടുത്തതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മാതാവിന്റെ ഇരട്ടവോട്ട് സംബന്ധിച്ച വിവരംപോലും പുറത്തുവന്നുവെന്നും ജയരാജന് പറഞ്ഞു.
എന്നാല്‍, ആരോപണം നിഷേധിച്ച് ഷമ രംഗത്തെത്തി. തനിക്ക് രണ്ട് വോട്ടര്‍ ഐ.ഡി. ഇല്ലെന്നും സി.പി.എം. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അവര്‍ പറഞ്ഞു.






