
ചെന്നൈ: ഡി.എം.കെ. ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എ. രാജ എം.പിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷനു പരാതിയുമായി അണ്ണാ ഡി.എം.കെ.
മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്കെതിരേ നിരന്തരം അപമാനിക്കുന്നതരത്തില്‍ പ്രസംഗിക്കുന്ന രാജയെ പ്രചാരണത്തില്‍നിന്നു വിലക്കണമെന്നാണ് ആവശ്യം. എ. രാജ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിരന്തരം ലംഘിക്കുകയാണെന്നും നടപടി വേണമെന്നും എ.ഐ.എ.ഡി.എം.കെ. അഭിഭാഷകവിഭാഗം ജോ. സെക്രട്ടറി സി. തിരുമാരന് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷനു നല്കിയ പരാതിയില്‍ പറയുന്നു.
എടപ്പാടി പളനിസ്വാമിക്ക് എം.കെ. സ്റ്റാലിന്റെ ചെരുപ്പിന്റെ വില പോലുമില്ലെന്ന് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് റാലിയില്‍ എ. രാജ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ശര്‍ക്കര മാര്‍ക്കറ്റിലെ തൊഴിലാളിയായിരുന്ന പളനിസ്വാമിയെ എങ്ങനെ സ്റ്റാലിനുമായി താരതമ്യപ്പെടുത്താന്‍ കഴിയും. സ്റ്റാലിന്റെ ചെരുപ്പിന്റെ വില നിങ്ങളേക്കാള്‍ ഒരു രൂപ കൂടുതലായിരിക്കും.
സ്റ്റാലിനോട് ഏറ്റുമുട്ടാനുള്ള ധൈര്യം പളനിസ്വമിക്കുണ്ടോയെന്നും രാജ ചോദിച്ചു. ജില്ലാ സെക്രട്ടറി പദം മുതല്‍ പടിപടിയായാണ് പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്ക് സ്റ്റാലിന് എത്തിയതെന്നു ചൂണ്ടിക്കാട്ടിയ രാജ, പളനിസ്വാമിയുടെ ജനനം പൂര്ണവളര്ച്ചെയെത്താത്ത കുഞ്ഞിന്റേതുപോലെയാണെന്നും പരിഹസിച്ചു. ഇതാണ് അണ്ണാ ഡി.എം.കെയെ ചൊടിപ്പിച്ചത്.






