
കേരള കോണ്‍ഗ്രസ് സ്വയം മുന്നണി മാറിയതല്ല, മുന്നണിയില്‍നിന്നു മാറ്റുകയാണുണ്ടായത്. ഈ മാറ്റം ജനങ്ങള്‍ അംഗീകരിച്ചുകഴിഞ്ഞു. അതിന്റെ തെളിവാണ് കഴിഞ്ഞ തദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ മിന്നുന്ന വിജയമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ. മാണി. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മംഗളവുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന്.
ഒന്നര വര്‍ഷത്തിന് ശേഷം മറ്റൊരു മുന്നണിയുടെ ഭാഗമായി ജനങ്ങളുടെ മുന്നില്‍ വോട്ട് തേടുന്നത് തിരിച്ചടിയാകില്ലേ ?
ഒരിക്കലുമില്ല യു.ഡി.എഫിന്റെ സ്ഥാപകരിലൊരാളായിരുന്നു കെ.എം.മാണി. ഇതിന് മുമ്പ് പല തിക്താനുഭവങ്ങളും നേരിട്ടപ്പോഴും യു.ഡി.എഫിന്റെ കെട്ടുറപ്പിന് വേണ്ടിയാണ് കെ.എം. മാണി നിലകൊണ്ടത്. എന്നാല്‍ കേരള കോണ്‍ഗ്രസി(എം)നെ പുറത്താക്കണമെന്ന ചിലരുടെ വാശിയാണ് യു.ഡി.എഫില്‍ നടന്നത്.
കേരള കോണ്‍ഗ്രസിനെ യു.ഡി.എഫില്‍ നിന്നും പുറത്താക്കി എന്നു പറയുന്നത് തെറ്റാകാതിരിക്കാനാണ് കണ്‍വീനറായിരുന്ന ബെന്നി ബഹന്നാന് എഴുതിക്കൊണ്ടു വന്ന് വായിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും യു.ഡി.എഫ്. നേതൃത്വത്തിന്റെയും ഗൂഢാലോചന തിരിച്ചറിഞ്ഞതിനാലാണ് മറ്റൊരു മുന്നണിയെപ്പറ്റി ചിന്തിച്ചത്. ഇടതുമുന്നണിക്ക് ജനങ്ങളിലുളള സ്വീകര്യത വളരെ വ്യക്തമാണ്. അതുകൊണ്ട് തന്നെ മുന്നണി മാറ്റം ഒരു തിരിച്ചടിയാക്കില്ല.
കേരള കോണ്‍ഗ്രസിന്റെ നയങ്ങളും ഇടതു പാര്‍ട്ടികളുടെ നയങ്ങളുമായി എങ്ങനെ യോജിച്ച് പോകാന്‍ കഴിയും. പ്രവര്‍ത്തകര്‍ക്ക് ഇത് അംഗീകരിക്കാനാകുമോ?
കര്‍ഷകരുടെ ക്ഷേമമാണ് കേരള കോണ്‍ഗ്രസിന്റെ മുഖമുദ്ര. ഇടതുസര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന കര്‍ഷകരോടുളള സമീപനം കേരള കോണ്‍ഗ്രസിന്റെ ആശയത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ്. അതോടൊപ്പം ഇടതുമുന്നണി സ്വീകരിച്ചുവരുന്ന മതേതര നിലപാട്. ഈ സമീപനം ഇടതുമന്നണിക്ക് മാത്രമേ കേരളത്തില്‍ ഉറപ്പ് നല്കാന് കഴിയൂ. ഇത് നിലപാട് തന്നെയാണ് കേരള കോണ്ഗ്രസിനുമുളളത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍കൊണ്ട് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇടതുപ്രവര്ത്തകരായി മാറിക്കഴിഞ്ഞു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുമായി കൃത്യമായി അകലം പാലിച്ചുവന്നിരുന്ന സഭയുടെ പിന്തുണ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമോ?
കേരളത്തിലെ ക്രൈസ്തവ സഭകള്‍ ഒരിക്കലും രാഷ്ട്രീയ നിലപാട് സ്വീകരിച്ചിട്ടില്ല. എല്ലാ പാര്‍ട്ടികളോടും സഭയ്ക്ക് ഒരേ നിലപാടാണുളളത്. എന്നാല്‍ സഭ ഉയര്‍ത്തിയിരുന്ന കാര്‍ഷിക വിഷയങ്ങളിലടക്കം ഇടതു സര്‍ക്കാര്‍ സ്വീകരിച്ച സമീപനം പൊതുവേ കേരള സമൂഹം സ്വാഗതം ചെയ്തിട്ടുണ്ട്. അതിനാല്‍ സഭയ്ക്കു സ്ഥായിയായ ഒരു വിരോധവും ആരോടുമില്ല.
കെ.എം മാണിയുടെ അഭാവത്തില്‍ നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിനെ എങ്ങനെയാണ് കാണുന്നത്.?
അഞ്ച് പതിറ്റാണ്ടിലേറെയായി പാലാ മണ്ഡലത്തെ നെഞ്ചോട് ചേര്‍ത്താണ് കെ.എം മാണി പ്രവര്‍ത്തിച്ചത്. പാലായ്ക്ക് കേരള സമൂഹത്തില്‍ ഒരു സ്ഥാനം നല്കാന് കെ.എം. മാണിക്ക് കഴിഞ്ഞു.
പാലായിലൂടെ കെ.എം. മാണിയും മാണിയിലൂടെ പാലായും കേരളത്തിന്റെ ഭാഗമായി മാറി. അദേഹത്തിന്റെ ഭൗതിക സാന്നിധ്യമില്ലെങ്കിലും പാലായില്‍ കെ.എം. മാണിയുണ്ട്. അത് നല്കുന്ന ആത്മവിശ്വാസം ചെറുതല്ല. അഞ്ച് പതിറ്റാണ്ട് പാലായുടെ ബ്രാന്‍ഡായിരുന്നു കെ.എം. മാണിയുടെ അഭാവം കഴിഞ്ഞ ഒന്നര വര്‍ഷമായി പലായിലെ ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. അത് തിരുത്താനുളള അവസരമായി ഈ തെരഞ്ഞെടുപ്പിനെ പാലാക്കാര് കാണുമെന്നാണ് കരുതുന്നത്.
ഉപതെരഞ്ഞെടുപ്പ് പോലെ ഇത്തവണയും രണ്ടില കൈവിട്ടുപോകുമെന്ന് കരുതിയിരുന്നോ?
കേരള കോണ്‍ഗ്രസ് ഒരുമിച്ച് നിന്ന സമയത്താണ് പാര്‍ട്ടി നിര്‍ത്തിയ സ്ഥാനാര്‍ഥിക്ക് രണ്ടില ചിഹ്നം ലഭിക്കാതെ പോയത്. അതുകൊണ്ടാണ് അന്ന് നിര്‍ത്തിയ സ്ഥാനാര്‍ത്ഥി വിജയിക്കാനായില്ല. എന്നാല്‍ സത്യം വിജയിക്കുമെന്ന് ഉറപ്പായിരുന്നു. തന്നെ വ്യക്തിപരമായി തന്നെ ആക്ഷേപിച്ച സംഭവങ്ങളു ണ്ടായി. പക്ഷേ സത്യം ഞങ്ങള്‍ക്കൊപ്പമായിരുന്നു. പാര്‍ട്ടിയുടെ പേരും ചിഹ്നവും ഞങ്ങള്‍ക്കു കിട്ടി. രണ്ടില തരാതിരിക്കാന്‍ പണിപ്പെട്ടവര്‍ പിന്നീട് ഒരു ചിഹ്നം കിട്ടാന്‍ വേണ്ടി അലയുന്നതും നമ്മള് കണ്ടു. ഇത് കാവ്യനീതിയാണ്.
ഇടതുമുന്നണിയുടെ വിജയസാധ്യത എങ്ങനെ കാണുന്നു?
ഓരോ ദിവസവും പുറത്തുവരുന്ന അഭിപ്രായ സര്‍വേകള്‍ പറയുന്നത് ഇടതുമുന്നണിയുടെ തുടര്‍ഭരണമാണ്. ജനം ഇത് ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണ് സര്‍വേ ഫലങ്ങള്‍. കേരളത്തിന് കരുത്തനായ ഒരു മുഖ്യമന്ത്രിയുണ്ടെന്ന തോന്നല്‍ ഇടതുമുന്നണിക്ക് അനുകൂലമാണ്്. അതോടൊപ്പം ഇടതുമുന്നണിയുടെ ചിട്ടയായ പ്രവര്‍ത്തനം.
ഈ സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍, പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചു നല്കിയ ലൈഫ് പദ്ധതി, എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തുന്നതിനുളള കെ. ഫോണ്‍ പദ്ധതി ഇതെല്ലാം കേരളത്തിലെ ജനകീയ സര്‍ക്കാരിനുളള അംഗീകാരമാണ്. ഇത് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് അനുകൂലമാകും.
ഷാലു മാത്യു





