
കണ്ണൂര്‍/ന്യൂഡല്‍ഹി/കോട്ടയം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റത്തെച്ചൊല്ലി സി.പി.എം. ഉന്നയിച്ച അഴിമതി ആരോപണം തള്ളി പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍. താന്‍ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും ഉന്നയിച്ചവര്‍ അക്കാര്യത്തില്‍ വ്യക്‌തത വരുത്തണമെന്നും ജയരാജന്‍ തുറന്നടിച്ചു.
തുറമുഖത്തിന്റെ 49% ഓഹരി അദാനി ഗ്രൂപ്പ് എം.എസ്.സി. കമ്പനിക്കു കൈമാറിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ നിയമസഭയില്‍ സര്‍ക്കാരിനെതിരേ ഉന്നയിച്ചതടക്കം പാര്‍ട്ടിയുടെ ആരോപണങ്ങള്‍ക്കു വിരുദ്ധമാണ് ജയരാജന്റെ നിലപാട്. വിഴിഞ്ഞം തുറമുഖം മാനേജിങ് ഡയറക്‌ടര്‍ ദിവ്യ എസ്. അയ്യരെ മാറ്റിയതു ഡീലിന്റെ ഭാഗമാണെന്നാരോപിച്ച സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെ തള്ളി മറ്റൊരു കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജയും രംഗത്തെത്തിയതോടെ പാര്‍ട്ടിയിലെ ഭിന്നത രൂക്ഷമായി.
വിഴിഞ്ഞം തുറമുഖക്കരാര്‍ വ്യവസ്‌ഥ ലംഘിക്കാനാവില്ലെന്നും മാറ്റണമെങ്കില്‍ കേന്ദ്ര-സംസ്‌ഥാനസര്‍ക്കാരുകളുടെ അനുമതി വേണമെന്നും ഇ.പി. ജയരാജന്‍ ചൂണ്ടിക്കാട്ടി. അദാനിതന്നെ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ തര്‍ക്കമുണ്ടെന്ന് തോന്നുന്നില്ല. വിഴിഞ്ഞം പോലുള്ള ബൃഹദ്‌പദ്ധതിയെ വിവാദങ്ങള്‍ തകിടംമറിക്കുന്നത് കേരളത്തിനു ദോഷമാണ്. അനാവശ്യവിവാദങ്ങള്‍ ഒഴിവാക്കണം. കരാര്‍പ്രകാരം പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിക്കണം. വികസനത്തേക്കാള്‍ വിവാദങ്ങള്‍ക്കും ശണ്‌ഠകള്‍ക്കുമാണു ഭരണമുന്നണി മുന്‍ഗണന നല്‍കുന്നത്. കരാറില്‍നിന്നു വ്യതിചലിക്കാതെ സംസ്‌ഥാനതാത്‌പര്യം സംരക്ഷിക്കാന്‍ മന്ത്രിമാര്‍ ശ്രദ്ധിക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.
അതേസമയം, വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റത്തില്‍ പ്രതിപക്ഷത്തിനെതിരേ ആരോപണങ്ങളുന്നയിച്ച് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ പ്രതികരിച്ചു. ദേശാഭിമാനിയിലെ വാര്‍ത്ത പൊക്കിപ്പിടിച്ചാണ് മുഖ്യമന്ത്രിയുടെ പത്രസമ്മേളനമെന്നും അദ്ദേഹം ദേശാഭിമാനി വായിക്കുന്നതു നല്ല കാര്യമാണെന്നും പിണറായി പരിഹസിച്ചു.
അതേസമയം, വിഴിഞ്ഞം വിഷയത്തില്‍ സി.പി.എമ്മില്‍ ഭിന്നാഭിപ്രായമില്ലെന്നു മുന്‍മന്ത്രി വി.എന്‍. വാസവന്‍ പ്രതികരിച്ചു. ഇ.പി. ജയരാജന്‍ പറഞ്ഞതിനെപ്പറ്റി അറിയില്ല. അദ്ദേഹം പാര്‍ട്ടി ലൈനില്‍ത്തന്നെയാണ് പോകുന്നത്. പാര്‍ട്ടി ഒറ്റക്കെട്ടായെടുത്ത തീരുമാനമാണ് സംസ്‌ഥാന സെക്രട്ടറിയും പ്രതിപക്ഷനേതാവും പറയുന്നത്. ഇ.പി. ജയരാജനും പങ്കെടുത്ത യോഗത്തിലാണ് കാര്യങ്ങള്‍ ചര്‍ച്ചചെയ്‌തത്. അവിടെ ജയരാജന്‍ എതിരഭിപ്രായം പറഞ്ഞില്ലെന്നും വാസവന്‍ കോട്ടയത്ത് വ്യക്‌തമാക്കി.
പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ഉദ്യോഗസ്‌ഥരെ മാറ്റുന്നതു സ്വാഭാവികമാണെന്നു സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജ ഡല്‍ഹിയില്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖം എം.ഡി. ദിവ്യ എസ്. അയ്യരെ മാറ്റിയതു സംബന്ധിച്ച വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍. സ്‌ഥാനമാറ്റം വിവാദമാക്കേണ്ട കാര്യമില്ലെന്നും ശൈലജ പറഞ്ഞു. എം.ഡിയെ മാറ്റുന്നതിനു പിന്നില്‍ പ്രത്യേക ഡീലുണ്ടെന്നായിരുന്നു പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ ആരോപണം. എം.ഡിയെ മാറ്റുന്നതു സ്വാഭാവികനടപടിയാണെന്നും അതില്‍ രാഗേഷിനെന്താണ് പ്രത്യേകതാത്‌പര്യമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍ ചോദിച്ചതു വിവാദമായിരുന്നു. എന്നാല്‍, രാഗേഷ് പാര്‍ട്ടി നേതാവ് എന്നതിലുപരി പൗരനെന്ന നിലയില്‍ക്കൂടിയാണ് വിഴിഞ്ഞം വിഷയത്തില്‍ അഭിപ്രായം പറഞ്ഞതെന്നു വി.എന്‍. വാസവന്‍ ന്യായീകരിച്ചു. സതീശന്‍ രാഗേഷിനെ ഭീഷണിപ്പെടുത്തുകയായിരുന്നെന്നും വാസവന്‍ ആരോപിച്ചു.






