
പെരുമ്പാവൂര്‍: ലഹരി വില്‌പനക്കാരെന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ ക്രൂരമായി മര്‍ദിച്ചശേഷം പരസ്യമായി തല മുണ്ഡനം ചെയ്‌ത കേസില്‍ ആറു പേര്‍ അറസ്‌റ്റില്‍. ബുധനാഴ്‌ച വൈകിട്ട് നാലോടെ കണ്ടത്തറയിലെ ഒരു സ്വകാര്യ സോഡാ ഫാക്‌ടറിക്ക് മുന്നില്‍വച്ചായിരുന്നു സംഭവം. മഞ്ഞപ്പെട്ടി നീറികാണിക്കല്‍ ഗോകുല്‍(18), കളപ്പോത്ത് അല്‍ഫാസ് (20), കണ്ടന്തറ പുത്തന്‍പുരക്കല്‍ ആല്‍ബി (20) എന്നിവര്‍ക്കാണു മര്‍ദനമേറ്റത്.
കേസില്‍ പ്രതികളായ കണ്ടന്തറ ചിറക്കക്കുടി സാജിദ് സി.എസ്.(54), പട്ടരുമഠം ഷമീര്‍ പി.വി.(46), കരോത്തുകുടി ഷറഫ് കെ.എ.(54), കരോത്തുകുടി അന്‍വര്‍ കെ.എ.(50), മാറംപിള്ളി ഉപ്പുത്തില്‍ റഫീഖ് (57), മില്ലുംപടി കരത്തുക്കുടി മാഹിന്‍കുട്ടി (42) എന്നിവരെ അറസ്‌റ്റ് ചെയ്‌തു.
സ്വകാര്യ സോഡാ ഫാക്‌ടറിയിലെ ഇതരസംസ്‌ഥാന തൊഴിലാളികള്‍ നാട്ടില്‍ പോയ ഒഴിവില്‍, സൂപ്പര്‍വൈസര്‍ വിളിച്ച പ്രകാരമാണ് മൂവരും ജോലിക്ക് എത്തിയത്. ഫാക്‌ടറിക്ക് മുന്നില്‍ ബൈക്ക് നിര്‍ത്തിയിരുന്ന ഇവരുടെ അടുത്തേക്ക് ഒരു സംഘം ആളുകള്‍ എത്തി. ബൈക്കില്‍നിന്ന് താക്കോല്‍ ഊരിയെടുത്തശേഷം നിങ്ങള്‍ ലഹരി വില്‍പ്പനക്കാരല്ലെയെന്ന് ചോദിച്ച് മര്‍ദിക്കുകയായിരുന്നു. പോലീസിനെയോ ബന്ധുക്കളെയോ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവാക്കളുടെ കൈയിലുണ്ടായിരുന്ന ഫോണുകളും സംഘം പിടിച്ചു വാങ്ങി. ബലമായി ഫാക്‌ടറിയുടെ അകത്തുള്ള മുറിയിലേക്ക് കൊണ്ടുപോയി വസ്‌ത്രങ്ങള്‍ അഴിച്ചുമാറ്റി ക്രൂരമര്‍ദനം തുടര്‍ന്നു. ഫാക്‌ടറി ഉടമ സ്‌ഥലത്ത് ഉണ്ടായിരുന്നില്ല. പിന്നീട് ഇവരെ പുറത്തേക്ക് കൊണ്ടുവന്ന് നടുറോഡില്‍ മുട്ടില്‍ കുനിച്ചുനിര്‍ത്തി പരസ്യമായി തല മുണ്ഡനം ചെയ്യുകയായിരുന്നു. യുവാക്കളെ സ്‌ഥലത്തുനിന്നു ഓടിച്ചു വിട്ടതായും പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ടെന്ന് യുവാക്കള്‍ ചൂണ്ടിക്കാട്ടി. സംഭവത്തിനുശേഷം പരുക്കുകളോടെ ബന്ധുക്കളോടൊപ്പം പെരുമ്പാവൂര്‍ പോലീസ് സ്‌റ്റേഷനിലെത്തിയാണ് യുവാക്കള്‍ പരാതി നല്‍കിയത്. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നു.






