
കല്‍പ്പറ്റ: വയനാട് കള്ളാടിയിലെ മണ്ണിടിച്ചില്‍ ദുരന്ത ഭൂമിയില്‍ മൂന്നാം ദിവസം നടന്ന തെരച്ചിലില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശി അസ്‌ഹറുദ്ദീന്‍ അന്‍സാരി (സര്‍വെയര്‍), ഹിമാചല്‍പ്രദേശ് സ്വദേശി രാഹുല്‍ ശര്‍മ (എന്‍ജിനീയര്‍), ബിഹാര്‍ സ്വദേശി മുഹമ്മദ് ഇമ്രാന്‍ (എസ്‌കവേറ്റര്‍ ഓപറേറ്റര്‍) എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. ഇതോടെ മണ്ണിടിച്ചിലില്‍ മരണസംഖ്യ ആറായി.
സോണ്‍ ഒന്ന്, മൂന്ന് എന്നിവ കേന്ദ്രീകരിച്ചാണ് ഇന്നലെ രാവിലെ മുതല്‍ തെരച്ചില്‍ നടത്തിയത്. ഒന്നാം സോണില്‍നിന്ന് ഒരു മൃതദേഹവും മൂന്നാം സോണില്‍നിന്ന് രണ്ട് മൃതദേഹങ്ങളുമാണ് കണ്ടെടുത്തത്. അപകടസ്‌ഥലത്ത് ഇന്നും തെരച്ചില്‍ തുടരും.
മന്ത്രിമാരായ എ.പി. അനില്‍കുമാര്‍, അഡ്വ. ടി. സിദ്ദീഖ് എന്നിവര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്‌ത് തെരച്ചിലിന് നേതൃത്വം നല്‍കുന്നുണ്ട്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീര്‍ അപകടസ്‌ഥലം സന്ദര്‍ശിച്ച് സ്‌ഥിതിഗതികള്‍ വിലയിരുത്തി. മീനാക്ഷിപാലത്തിനോടു ചേര്‍ന്നുള്ള, തകര്‍ന്ന പള്ളിയുടെ ഭാഗത്തുനിന്നാണ് ആദ്യത്തെ മൃതദേഹം കണ്ടെത്തിയത്. പാലത്തിന്റെ മറുവശത്ത് നിര്‍മ്മാണ കമ്പനിയുടെ താല്‍ക്കാലിക ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന ഭാഗത്തിന് താഴെനിന്നു രണ്ടാമത്തെ മൃതദേഹവും കണ്ടെത്തി. പുഴയുടെ മറുകരയില്‍ ഇരുമ്പ് ഭാഗങ്ങള്‍ക്ക് അടിയില്‍നിന്നാണ് മൂന്നാമത്തെ മൃതദ്ദേഹം കണ്ടെടുത്തത്. മൃതദേഹങ്ങള്‍ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി എംബാം ചെയ്യാനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകും. തുടര്‍ന്ന് സ്വദേശങ്ങളിലേക്കു കൊണ്ടുപോകും. പശ്‌ചിമബംഗാള്‍ സ്വദേശി രാകേഷ് ഗുച്ചൈത് (സര്‍വേയര്‍), ഹിമാചല്‍പ്രദേശ് സ്വദേശി വിക്രം റാണ (കണ്‍സ്‌ട്രക്ഷന്‍ മാനേജര്‍) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.
എന്‍.ഡി.ആര്‍.എഫ്. സംഘം മീനാക്ഷിപുഴയുടെ ഇരുകരകളിലും ആറു കിലോമീറ്ററോളം ദൂരത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതേസമയം ദുരന്തത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതമായി തുടരുകയാണ്.






