
തിരുവനന്തപുരം: പി.എസ്.സി. പരീക്ഷകളിലും നിയമനനടപടികളിലും ക്രമക്കേട് നടന്നെന്ന പരാതികള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) രൂപീകരിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കി. ൈക്രംബ്രാഞ്ച് ഐ.ജി: എസ്. അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ എസ്.പി. സക്കറിയാ മാത്യുവും ഡിവൈ.എസ്.പി. അജയ്‌നാഥും അംഗങ്ങളാണ്. ൈക്രംബ്രാഞ്ച് എ.ഡി.ജി.പിയുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. ചോദ്യപേപ്പര്‍ തയാറാക്കല്‍, പരീക്ഷാ നടത്തിപ്പ്, ഉത്തരക്കടലാസ് മൂല്യനിര്‍ണയം, അഭിമുഖ മാര്‍ക്ക്, റാങ്ക് പട്ടിക തയാറാക്കല്‍, അന്തിമ നിയമന നടപടികള്‍ തുടങ്ങി പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാഘട്ടങ്ങളും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്.) ഉള്‍പ്പെടെ വിവിധ തസ്‌തികകളിലേക്കുള്ള നിയമനങ്ങളുമായി ബന്ധപ്പെട്ട പരാതികളും പരിശോധിക്കും.
എഴുത്തുപരീക്ഷയിലെ മാര്‍ക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ചില ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തില്‍ വളരെ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചതായുള്ള ആരോപണങ്ങള്‍, മൂല്യനിര്‍ണയത്തിലെ പൊരുത്തക്കേടുകള്‍, റാങ്ക് പട്ടിക തയാറാക്കിയതിലെ ക്രമക്കേടുകള്‍, നിയമന നടപടികളുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവയാണ് അന്വേഷണത്തിന്റെ പ്രധാന വിഷയങ്ങള്‍. രേഖകള്‍ ശേഖരിക്കുകയും ഉദ്യോഗസ്‌ഥരുടെയും പരാതിക്കാരുടെയും മൊഴിയെടുക്കുകയും ചെയ്‌ത ശേഷമാകും അന്വേഷണം മുന്നോട്ടുപോകുക. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത സംരക്ഷിക്കുകയാണ് അന്വേഷണത്തിന്റെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ വ്യക്‌തമാക്കി. ക്രമക്കേട് നടന്നതായി കണ്ടെത്തിയാല്‍ ഉത്തരവാദികള്‍ക്കെതിരേ നിയമാനുസൃത നടപടി സ്വീകരിക്കും.
ഉദ്യോഗാര്‍ഥികള്‍ നല്‍കിയ പരാതികള്‍, വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന രേഖകള്‍, പരീക്ഷാ നടപടികളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണങ്ങള്‍ എന്നിവയുടെ അടിസ്‌ഥാനത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്‌തമായതോടെയാണ് അന്വേഷണസംഘം രൂപീകരിച്ചത്.






