
എറണാകുളം ജില്ലയുടെ ഭരണസിരാകേന്ദ്രമായ തൃക്കാക്കര പോരാട്ടവീര്യംകൊണ്ട് ഇത്തവണ ശ്രദ്ധേമാകുന്ന മണ്ഡലങ്ങളില്‍ ഒന്നാണ്. സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ യു.ഡി.എഫിന്റെ പി.ടി.തോമസ് ഇറങ്ങുമ്പോള്‍ എതിരാളി ഇടതുസ്വതന്ത്രന് പുതുമുഖമായ ഡോ.ജെ. ജേക്കബാണ്.
2016ല്‍ മണ്ഡലത്തില്‍ 21,000 ത്തില്‍പ്പരം വോട്ട് നേടിയ ബി.ജെ.പിയുടെ എസ്. സജി ഇത്തവണയും കളത്തിലുണ്ട്. ഇതിനുപുറമെ സജീവസാന്നിധ്യമായി ട്വന്റി20യുടെ ഡോ. ടെറിതോമസ് ഇടത്തൊട്ടിയും.
കഴിഞ്ഞതവണ പി.ടി.തോമസിന്റെ ഭൂരിപക്ഷം 11,996 ആയിരുന്നു. അന്നത്തെ എതിരാളി ഡോ. സെബാസ്റ്റ്യന്‍ പോള്‍. എന്നാല്‍ ഇത്തവണ വിവിധ ഘടകങ്ങള്‍ യു.ഡി.എഫിന്റെ മത്സരം കടുത്തതാക്കുന്നു.
വിവാദമുയര്‍ത്തിയ പാലാരിവട്ടം പാലം തൃക്കാക്കര മണ്ഡലത്തിലാണ്. അഴിമതിയുടെ പേരില്‍ സി.പി.എമ്മും ബി.ജെ.പിയും നടത്തിയ തുടര്‍സമരങ്ങള്‍ക്ക് വേദിയായ മണ്ഡലമാണിത്. ഇത് വോട്ടര്‍മാരെ എത്രത്തോളം സ്വാധിനിക്കുമെന്നത് പ്രധാനഘടകമാണ്. നിയമസഭയില്‍ യു.ഡി.എഫിന്റെ സമരമുഖങ്ങളിലൊന്നായിരുന്നു പി.ടി.തോമസ്. അദേഹത്തിന്റെ വിജയം പാര്‍ട്ടിയ്ക്ക് അനിവാര്യമാണ്.
മത്സരിക്കുന്നെങ്കില്‍ തൃക്കാക്കരയില്‍ നിന്നുതന്നെ എന്ന നിലപാടില്‍ ഉറച്ച് ആദ്യഘട്ടംമുതല്‍ പ്രവര്‍ത്തനം ഏകോപിപ്പിച്ചാണ് പി.ടി.തോമസ് നീങ്ങിയത്.
എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ അസ്ഥിരോഗ ചികിത്സാവിദഗ്ധനായ ഡോ. ജെ. ജേക്കബിന്റെ സ്ഥാനാര്‍ഥിത്വം അപ്രതീക്ഷിതമായിരുന്നു. ഇടത് വോട്ടുകള്ക്കുപുറമെ നിഷ്പക്ഷവോട്ടുകള്കൂടി അദേഹം സമാഹരിക്കുമെന്ന കണക്കുകൂട്ടലാണ് ഇടതുപക്ഷത്തിനുള്ളത്.
വൈറ്റില ഹബ്ബും മെട്രോയും വാട്ടര്‍മെട്രോയും റെയില്‍വേയും ചേര്‍ന്നുള്ള സമഗ്രവികസനം മണ്ഡലത്തിലെ സ്ഥാനാര്‍ഥികളെല്ലാം വോട്ടര്‍മാര്‍ക്കുമുന്നില്‍ വയ്ക്കുന്നു.
കൊച്ചി നഗരത്തിന്റെ വളര്‍ച്ചയില്‍ പൊന്നുരുന്നി റെയില്‍വേ വികസനം ഉള്‍പ്പെടെ പ്രതീക്ഷയേകുന്ന നിരവധി വാഗ്ദാനങ്ങള്‍ മുന്നോട്ടുവച്ചുകൊണ്ടാണ് ഇത്തവണ എല്ലാകക്ഷികളും വോട്ടുതേടുന്നത്.
രാജു പോള്‍






