
മൈസുരു: അനിതര സ്വരമാധുരിയിലൂടെ ആറുപതിറ്റാണ്ടോളം ആസ്വാദകമനസുകളെ ആനന്ദിപ്പിച്ച അനുഗ്രഹീതഗായിക എസ്. ജാനകി (88) അന്തരിച്ചു. മൈസുരുവിലെ അപ്പോളോ ആശുപത്രിയില്‍ ഇന്നലെ വൈകിട്ടാണ് തെന്നിന്ത്യന്‍ വാനമ്പാടി സ്വരക്കൂടൊഴിഞ്ഞത്. വാര്‍ധക്യസഹജമായ അവശതയേത്തുടര്‍ന്ന് ഇന്നലെ രാവിലെയാണ് മലയാളത്തിന്റെ സ്വന്തം ജാനകിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്‍സ്‌റ്റഗ്രാമിലൂടെ കൊച്ചുമകള്‍ അപ്‌സര വൈദ്യുല വിയോഗവാര്‍ത്ത ലോകത്തെ അറിയിച്ചു. മരണസമയത്ത് ഉറ്റബന്ധുക്കളെല്ലാവരും ആശുപത്രിയിലുണ്ടായിരുന്നു.
മലയാളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്കു പുറമേ ഇംീഷ്, ഹിന്ദി ഉള്‍പ്പെടെ ഇരുപതോളം ഭാഷകളിലായി അരലക്ഷത്തിലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. എസ്. രാജേശ്വര റാവു, എം.എസ്. ബാബുരാജ്, എം.എസ്. വിശ്വനാഥന്‍, വി. ദക്ഷിണാമൂര്‍ത്തി, ഇളയരാജ തുടങ്ങി എ.ആര്‍. റഹ്‌മാന്‍ വരെ ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക സംഗീതസംവിധായകര്‍ക്കായും ഗാനങ്ങള്‍ ആലപിച്ചു. മികച്ച പിന്നണി ഗായികയ്‌ക്കുള്ള ദേശീയപുരസ്‌കാരം നാലുവട്ടം സ്വന്തമാക്കിയ ജാനകിയെത്തേടി മലയാളത്തിന്റെ 14 പുരസ്‌കാരങ്ങളടക്കം 33 സംസ്‌ഥാനബഹുമതികളുമെത്തി. ആന്ധ്രാപ്രദേശ് പത്തുതവണയും തമിഴ്‌നാട് ഏഴുതവണയും മികച്ച പിന്നണിഗായികയ്‌ക്കുള്ള പുരസ്‌കാരം ജാനകിക്കു സമ്മാനിച്ചു. മൈസൂര്‍ സര്‍വകലാശാലയുടെ ഓണററി ഡോക്‌ടറേറ്റും തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരവും കര്‍ണാടക സര്‍ക്കാരിന്റെ രാജ്യോത്സവ പ്രശസ്‌തി പുരസ്‌കാരവും ലഭിച്ചു. രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ പത്മഭൂഷണ്‍ 2013-ല്‍ നിരസിച്ച ചരിത്രവും ജാനകിയമ്മയ്‌ക്കുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി, സംസ്‌കൃതം, ഒഡിയ, തുളു, ഉറുദു, പഞ്ചാബി, ബംഗാളി, കൊങ്കണി സിനിമകളിലൂടെയും ആല്‍ബങ്ങളിലൂടെയും ആസ്വാദകപ്രീതി പിടിച്ചുപറ്റി. ഇംീഷിനു പുറമേ വിദേശഭാഷകളായ ജാപ്പനീസ്, ജര്‍മന്‍, സിംഹള ഭാഷകളിലും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
1938 ഏപ്രില്‍ 23-ന് ആന്ധ്രാപ്രദേശിലെ ഗൂണ്ടൂരിലാണ് ഭാവാവിഷ്‌കാരത്തിന്റെയും ശബ്‌ദക്രമീകരണത്തിന്റെയും രാജ്‌ഞിയായി അറിയപ്പെട്ട എസ്. ജാനകിയുടെ ജനനം. ആയുര്‍വേദ ഡോക്‌ടര്‍ ശിസ്‌തില രാമമൂര്‍ത്തിയാണു പിതാവ്. ബാല്യത്തില്‍ത്തന്നെ മാതാപിതാക്കളെ നഷ്‌ടമായ ജാനകിയുടെ സംരക്ഷകന്‍ അമ്മാവനായ ഡോ. ചന്ദ്രശേഖറായിരുന്നു. മൂന്നാം വയസില്‍ത്തന്നെ സംഗീതമാണു തന്റെ വഴിയെന്ന സൂചനകള്‍ ജാനകി നല്‍കിയെങ്കിലും ശാസ്‌ത്രീയമായി അഭ്യസിക്കാനുള്ള അവസരം ലഭിച്ചില്ല. നാഗസ്വരവിദ്വാന്‍ പൈദിസ്വാമിയാണ് സംഗീതത്തിന്റ ബാലപാഠങ്ങള്‍ ജാനകിക്കു പകര്‍ന്നത്. ഒന്‍പതാം വയസില്‍ ആദ്യമായി പൊതുവേദിയില്‍ ഗാനം ആലപിച്ചെങ്കിലും 1956-ല്‍ ആകാശവാണിയുടെ അഖിലേന്ത്യാ സംഗീതമത്സരത്തില്‍ രണ്ടാം സ്‌ഥാനത്തെത്തിയതോടെയാണ് ഭാഗ്യം തെളിഞ്ഞത്. തൊട്ടടുത്തവര്‍ഷം മദ്രാസിലെ പ്രശസ്‌തമായ എ.വി.എം. സ്‌റ്റുഡിയോയില്‍ ജോലി ലഭിച്ചു. ഇതേവര്‍ഷം ടി. ചലപതി റാവുവിന്റെ സംഗീതസംവിധാനത്തില്‍ 'വിധിയിന്‍ വിളൈയാട്ട്' എന്ന തമിഴ് ചിത്രത്തില്‍ ഗാനമാലപിച്ച് വെള്ളിത്തിരയില്‍ അരങ്ങേറി. ചിത്രം പുറത്തുവന്നില്ലെങ്കിലും ജാനകിയിലെ ഗായികയെ ആസ്വാദകര്‍ നെഞ്ചേറ്റുന്നതിനാണ് പിന്നീടുള്ള വര്‍ഷങ്ങള്‍ സാക്ഷ്യം വഹിച്ചത്. 'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന ചിത്രത്തിലെ (1957) 'ഇരുള്‍ മൂടുകയോ എന്‍ വഴിയില്‍' എന്ന ഗാനത്തിലൂടെയായിരുന്നു മലയാളത്തിലെ അരങ്ങേറ്റം. എസ്.എന്‍. ചാമിയായിരുന്നു സംഗീതസംവിധായകന്‍. തമിഴ് ചിത്രമായ 'കൊഞ്ചും ചിലങ്കൈ' എന്ന ചിത്രത്തിലെ 'ശിങ്കാര വേലനേ ദേവാ' എന്ന ക്ലാസിക്കല്‍ സ്‌പര്‍ശമുള്ള ഗാനത്തിലൂടെ തെന്നിന്ത്യന്‍ ചലച്ചിത്ര പിന്നണിഗാനരംഗത്ത് തന്റേതായ സിംഹാസനം ജാനകി ഉറപ്പിച്ചു.
1976-ല്‍ പുറത്തിറങ്ങിയ 'പതിനാറു വയതിനിലെ' എന്ന തമിഴ് ചിത്രത്തിലെ 'സിന്ദൂരപ്പൂവേ' എന്ന ഗാനത്തിന് ജാനകിക്ക് ആദ്യമായി മികച്ച ഗായികയ്‌ക്കുള്ള ദേശീയപുരസ്‌കാരം ലഭിച്ചു. നാലുവര്‍ഷത്തിനുശേഷം 'ഓപ്പോളി'ലെ 'ഏറ്റുമാനൂര്‍ അമ്പലത്തില്‍' എന്ന ഗാനത്തിന് അവരെത്തേടി രണ്ടാംവട്ടം ദേശീയപുരസ്‌കാരമെത്തി. 1984-ല്‍ തെലുങ്ക് ചിത്രമായ 'സിതാര'യിലെ 'വെന്നല്ലോ ഗോദാരി ആനന്ദം' എന്ന ഗാനത്തിനും 1992-ല്‍ തമിഴ്‌ചിത്രം 'തേവര്‍മകനി'ലെ 'ഇഞ്ചി ഇടുപ്പഴകാ' എന്ന ഗാനത്തിനും അവര്‍ രാജ്യത്തെ മികച്ച പിന്നണിഗായികയായി.
2017 ഒക്‌ടോബറില്‍ ഇനി പൊതുവേദിയില്‍ പാടില്ലെന്ന് ജാനകി പരസ്യമായി പ്രഖ്യാപിച്ചത് സംഗീതലോകത്തെ ഞെട്ടിച്ചു. മൈസുരുവിലെ മാനസഗംഗോത്രി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലാണ് അവര്‍ ഒടുവില്‍ പരിപാടി അവതരിപ്പിച്ചത്.
ഭര്‍ത്താവ്: പരേതനായ വി. രാമപ്രസാദ്. 1959-ലായിരുന്നു വിവാഹം. മകന്‍ മുരളീകൃഷ്‌ണ. 1997-ല്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് ഭര്‍ത്താവ് മരിച്ചതോടെ ജാനകി പിന്നണിഗാനരംഗത്തുനിന്ന് മെല്ലെ അകന്നു. കഴിഞ്ഞ ജനുവരി 22-ന് മകന്‍ അപ്രതീക്ഷിതമായി വിടപറഞ്ഞതു ജാനകിക്ക് മറ്റൊരു ആഘാതമായി. മരുമകള്‍: ഉമ.






