
അമ്പലപ്പുഴ: ജി. സുധാകരന്‍ എം.എല്‍.എക്കെതിരേ പരസ്യ പ്രതിഷേധവുമായി സി.പി.എം വീണ്ടും രംഗത്ത്. എം.എല്‍.എ ഓഫീസിലേക്കു നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. സി.പി.എം നേതാക്കളെയും ജനപ്രതിനിധികളെയും നിരന്തരം ആക്ഷേപിക്കുകയും വ്യാജപ്രചാരണങ്ങള്‍ നടത്തുകയും ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധപ്രകടനം.
പറവൂര്‍ തൂക്കുകുളത്തുള്ള എം.എല്‍.എ ഓഫീസിലേക്ക് സി.പി.എം അമ്പലപ്പുഴ ഏരിയാക്കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. പറവൂരില്‍ നിന്നാരംഭിച്ച മാര്‍ച്ച് എം.എല്‍.എ ഓഫീസിനു സമീപം ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതാണ് നേരിയ സംഘര്‍ഷത്തിനു കാരണമായത്. തുടര്‍ന്നു നടന്ന പ്രതിഷേധയോഗം ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ ഉദ്‌ഘാടനം ചെയ്‌തു.എം.എല്‍.എമാര്‍ സാധാരണഗതിയില്‍ പെരുമാറുന്നതില്‍നിന്നു വ്യത്യസ്‌തമായ ഒരു സമീപനമാണ് സുധാകരന്റെ ഭാഗത്തുനിന്ന് കഴിഞ്ഞദിവസം നീര്‍ക്കുന്നം സ്‌കൂളിലുണ്ടായതെന്ന് ആര്‍. നാസര്‍ പറഞ്ഞു. അവിടത്തെ അധ്യാപകര്‍ക്കെതിരേ കള്ളക്കേസെടുത്തത് ജി. സുധാകരന്‍ പറഞ്ഞിട്ടാണ്. ഈ കേസ് പിന്‍വലിച്ചില്ലെങ്കില്‍ ശക്‌തമായ പ്രതിഷേധമുണ്ടാകും. പോലീസുകാര്‍ വളരെ മര്യാദയ്‌ക്ക് പണിയെടുക്കണം. എം.എല്‍.എ പറഞ്ഞാലും ശരി, ഇതുപോലെയുള്ള കള്ളക്കേസെടുക്കുന്ന പോലീസുദ്യോഗസ്‌ഥന്മാരെ വേണ്ട രൂപത്തില്‍ കൈകാര്യം ചെയ്യും. അനാവശ്യമായ പണി കാണിക്കരുത്. യു.ഡി.എഫിന്റെ ആളായി മാറുകയാണു സുധാകരന്‍. ബി.ജെ.പിയുടെയും ആളായി മാറി. അവര്‍ക്കുവേണ്ടി എന്ത് വിടുപണിയും ചെയ്യുകയാണ്. എല്‍.ഡി.എഫിനെ തള്ളിപ്പറഞ്ഞ് അപ്പുറത്തുപോയി യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയുമൊക്കെ വോട്ടുനേടി ജയിച്ച് എം.എല്‍.എ ആയിക്കഴിഞ്ഞാല്‍ എന്തുമാകാമെന്നാണ്. ഇങ്ങനെ പണി ചെയ്യുന്നവരെയല്ലേ വര്‍ഗ വഞ്ചകനെന്നു പറയുന്നതെന്നും ആര്‍. നാസര്‍ ചോദിച്ചു. ഏരിയാ സെക്രട്ടറി സി. ഷാംജി അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ: എച്ച്. സലാം, എ. ഓമനക്കുട്ടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കൈരളി ചാനല്‍ റിപ്പോര്‍ട്ടറോട് കയര്‍ത്ത് ജി. സുധാകരന്‍
ആലപ്പുഴ: മാധ്യമങ്ങളോടു പ്രതികരിക്കുന്നതിനിടെ കൈരളി ചാനല്‍ റിപ്പോര്‍ട്ടറോടു കയര്‍ത്ത് ജി. സുധാകരന്‍ എം.എല്‍.എ. കൈരളിയില്‍ വരുന്നതിനു മുമ്പ് നിങ്ങളൊരു വര്‍ഗീയവാദിയായിരുന്നെന്നും അത്തരത്തിലുള്ള ഏജന്‍സി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നെന്നും അത് തന്നോടു കാണിക്കരുതെന്നുമാണ് സുധാകരന്‍ റിപ്പോര്‍ട്ടറോടു പറഞ്ഞത്. മാന്യമായി ചോദിച്ചാല്‍ മാന്യമായി മറുപടി നല്‍കാം, മറിച്ചായാല്‍ സാധ്യമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.






