
കല്‍പ്പറ്റ: വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ ഇനിയും കണ്ടെത്താനുള്ള ഹിമാചല്‍പ്രദേശ് സ്വദേശി വിക്രം റാണ(കണ്‍സ്‌ട്രക്ഷന്‍ മാനേജര്‍)യ്‌ക്കായി വ്യാപക തെരച്ചില്‍. ദേശീയ ദുരന്ത പ്രതികരണ സേന, പോലീസിന്റെ സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ്, അഗ്‌നിശമന സേന എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള 50 അംഗ സംഘം മീനാക്ഷി പുഴയില്‍ ആറ് കിലോമീറ്ററോളം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മണ്ണിടിച്ചില്‍ പ്രദേശത്തെ സോണ്‍ രണ്ട്, സോണ്‍ നാല് കേന്ദ്രീകരിച്ച് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള തീവ്ര പരിശോധനയും നടത്തി. പ്രദേശത്ത് ഇന്നും വ്യാപക പരിശോധന തുടരും.
തെരച്ചിലിന്റെ സ്‌ഥിതിഗതികള്‍ അവലോകനം ചെയ്ാന്‍ റവന്യൂ വകുപ്പ് മന്ത്രി എ.പി. അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ കള്ളാടിയില്‍ യോഗം ചേര്‍ന്നു. ജില്ലാ കലക്‌ടര്‍ ഡി.ആര്‍. മേഘശ്രീ, എ.ഡി.എം: കെ. അജീഷ് എന്നിവരും വിവിധ സേന വിഭാഗത്തിലെ ഉദ്യോഗസ്‌ഥരും യോഗത്തില്‍ പങ്കെടുത്തു.
മണ്ണ് മാറ്റിയുള്ള വ്യാപക പരിശോധന നടക്കുന്നതിനാല്‍ മേപ്പാടി-ചൂരല്‍മല റോഡില്‍ ഇന്ന് രാവിലെ ഏട്ട് മുതല്‍ ഉച്ചയ്‌ക്ക് 12 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിട്ടുണ്ട്. മീനാക്ഷി പാലത്തിലൂടെ മേപ്പാടി -ചൂരല്‍മല ഭാഗങ്ങളിലേക്ക് പോകുന്നതിനും നിയന്ത്രണമുണ്ടാകും.
അതേ സമയം മേപ്പാടി ഗവ പോളിടെക്‌നിക് കോളജില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടു. കള്ളാടി മണ്ണിടിച്ചില്‍ പ്രദേശത്തുനിന്നും മേപ്പാടി ഗ്രാമ പഞ്ചായത്തിലെ ദുര്‍ബല പ്രദേശങ്ങളില്‍നിന്നും ക്യാമ്പിലേക്ക് മാറ്റിയ കുടുംബങ്ങളെ മഴ കുറഞ്ഞതോടെ റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സംയുക്‌താഭിമുഖ്യത്തില്‍ തിരികെ വീടുകളിലെത്തിച്ചു.






