
മട്ടന്നൂര്‍: സുഹൃത്തുക്കള്‍ ഒന്നിച്ച് വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍, കണ്ണൂര്‍ കൂടാളി കുംഭത്ത് കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച നാലുപേരെയും തിരിച്ചറിഞ്ഞു. കണ്ണൂര്‍ അലവില്‍ കോളനി ഗേറ്റ് മന്നത്തില്‍ മൊയ്‌തീന്റെയും ഷംന സിറാജിന്റെയും മകന്‍ ഷാന്‍ സിറാജ് (21), നീലേശ്വരം മടിക്കൈ കണ്ടംകുട്ടിച്ചാല്‍ സ്വദേശി റിസ്‌വാന്‍ (21), ഡല്‍ഹി സ്വദേശി പരം ഛേത്രി (21), ഹൈദരാബാദ് സ്വദേശി ഹര്‍ഷ് സതൂരി (21) എന്നിവരാണ് മരിച്ചത്.
ഗുരുതരപരുക്കേറ്റ തൃശൂര്‍ സ്വദേശി ആദിത്യ കൃഷ്‌ണദീപിനെ കണ്ണൂര്‍ ചാല ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ 10-നു രാത്രി 11.20-നായിരുന്നു അപകടം. കണ്ണൂര്‍ അലവിലില്‍ ഷാന്റെ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ബംഗളൂരുവില്‍നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം വരുന്നതിനിടെയായിരുന്നു അപകടം.
വീട്ടിലേക്കെത്താന്‍ അരമണിക്കൂര്‍ മാത്രം ശേഷിക്കേ കാര്‍ മരത്തിലിടിക്കുകയായിരുന്നു. അഞ്ചുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഒരാള്‍ അപകടസ്‌ഥലത്തും മൂന്നുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്.
അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. ശബ്‌ദം കേട്ടെത്തിയ പരിസരവാസികളാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി കാര്‍ വെട്ടിപ്പൊളിച്ച് അഞ്ചുപേരെയും പുറത്തെടുത്തു.
ൈഡ്രവര്‍ ഉറങ്ങിപ്പോയതാണോ അപകടകാരണമെന്ന് പരിശോധിക്കുന്നു. പരം ഛേത്രിയാണ് കാര്‍ ഓടിച്ചിരുന്നത്. ഷാനും സുഹൃത്തുക്കളും ബംഗളുരുവിലെ വിവിധ കമ്പനികളില്‍ ജീവനക്കാരായിരുന്നു. സഹപാഠികള്‍ കൂടിയായ ഇവര്‍ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഒത്തുകൂടിയത്.
എല്ലാവരും ബംഗളുരു ബി.എം.എസ്. കോളജില്‍നിന്ന് ബി.ടെക്. എയ്‌റോസ്‌പേസ് ബിരുദം പൂര്‍ത്തിയാക്കിയവരാണ്. മൂന്നുപേരുടെ മൃതദേഹങ്ങള്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലും ഒരാളുടെ മൃതദേഹം ജില്ലാ ആശുപത്രിയിലുമാണുള്ളത്. കനത്തമഴയും കാറിന്റെ അമിതവേഗവും അപകടത്തിനിടയാക്കിയെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.






