
കണ്ണൂര്‍: പിണറായി വിജയന് തന്നെയാണു ടീം ലീഡറെന്നും പ്രതിസന്ധികളെ നേരിട്ട് ഇച്ഛാശക്തിയോടെ ഭരിച്ച അദ്ദേഹത്തെ ജനം ആദരിക്കുന്നതില്‍ ആരും അസഹിഷ്ണുത കാട്ടേണ്ടെന്നും പി. ജയരാജന്റെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റ്! "പാര്‍ട്ടിയില്‍ എല്ലാവരും സഖാക്കളാണ്, പാര്‍ട്ടിയാണു ക്യാപ്റ്റന്‍" എന്ന തലേന്നത്തെ കുറിപ്പ് പിണറായി പാര്‍ട്ടിക്കു മേലേ വളരുന്നുവെന്ന വിമര്‍ശനമായി വ്യാഖ്യാനിക്കപ്പെട്ടതോടെയാണു പി. ജയരാജന് പന്ത് പിന്നോട്ടടിച്ചത്.
കഴിഞ്ഞ ദിവസത്തെ കുറിപ്പ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നാണു വിശദീകരണം. അതു വലതുപക്ഷ മാധ്യമങ്ങള്‍ ദുരുദ്ദേശ്യപരമായി ചര്ച്ചയാക്കിയതിനാലാണു പുതുതായി എഴുതുന്നത്. എല്‍.ഡി.എഫ്. ഒറ്റ മനസോടെയാണു തെരഞ്ഞെടുപ്പില്‍ പോരാടുന്നത്. 140 മണ്ഡലങ്ങളിലും മികവുറ്റ സ്ഥാനാര്‍ഥികളെ അണിനിരത്തി. ഭരണത്തിന് നേതൃത്വം നല്കിയ പിണറായിക്കെതിരേ കേന്ദ്ര സര്‍ക്കാരും യു.ഡി.എഫും നടത്തിയ ഹീനനീക്കങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ്. സ്വാഭാവികമായും പിണറായിയോട് ജനങ്ങള്‍ ആദരവും സ്നേഹവായ്പും പ്രകടിപ്പിക്കും. ഇതില്‍ ആരും അസഹിഷ്ണുത പ്രകടിപ്പിച്ചിട്ടു കാര്യമില്ല- ജയരാജന് പറയുന്നു.
പി. ജയരാജനെ തന്നെ ഒതുക്കിയെന്നും സ്ഥാനാര്‍ഥിത്വം നല്‍കാത്തതില്‍ ജനങ്ങളില്‍ അതൃപ്തിയുണ്ടെന്നുമുള്ള കെ. സുധാകരന്റെ പ്രതികരണം കണ്ടു. അതു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയിലെ സ്വന്തം നൈരാശ്യം സുധാകരന് പരസ്യമാക്കിയതാണ്. സി.പി.എം. സ്ഥാനാര്‍ഥിപ്പട്ടിക അംഗീകരിച്ചത് നിശ്ചിത മാനദണ്ഡങ്ങള്‍ അനുസരിച്ചാണ്.എല്ലാ തീരുമാനങ്ങളിലും താനും ഭാഗഭാക്കാണ്.
ഭരണത്തുടര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുകയാണ്. പിണറായിയുടെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരും. എല്ലാ മാധ്യമങ്ങളും ഭരണത്തുടര്‍ച്ച പ്രവചിച്ച സാഹചര്യത്തില്‍ ഇടതുപക്ഷത്തു ഭിന്നതയുണ്ടെന്ന് വരുത്തി മുതലെടുപ്പ് നടത്താനുള്ള ശ്രമം വിജയിക്കില്ലെന്നും പി. ജയരാജന് കുറിച്ചു.
ജയരാജന്റെ 'പാസ്' പിഴച്ചില്ലെന്നു പിണറായി
കണ്ണുര്‍: പി. ജയരാജന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ഒരു വാചകമോ വാക്കോ പിശകായിട്ടില്ലെന്നും അദ്ദേഹം പാര്‍ട്ടിയെ ഡിഫന്‍ഡ് ചെയ്യാന്‍ പറഞ്ഞതു മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്.
ജയരാജനെ നിങ്ങളിനിയും വെറുതെ വിടുന്നില്ലേ എന്നാണു മാധ്യമങ്ങളോടു പിണറായിയുടെ ചോദ്യം. അദ്ദേഹം എന്തു പറയുന്നതും മാധ്യമങ്ങളില്‍ ഒരേപോലെ വാര്‍ത്തയാകുകയാണ്. കേരളത്തിലെ മാധ്യമങ്ങളില്‍ പലതിനെയും വിലക്കെടുത്തിരിക്കുന്നു. അതുകൊണ്ടാണ് നിങ്ങള്‍ക്കെല്ലാവര്‍ക്കും ജയരാജന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ഭയങ്കര വാര്ത്തയാക്കണമെന്നു തോന്നുന്നത്. ഇത് സിന്‍ഡിക്കേറ്റല്ല, വിലയ്ക്കെടുക്കലാണ്.
കമ്യുണിസ്റ്റുകാരുടെ ക്യാപ്റ്റന്‍ എന്നും പാര്‍ട്ടിയാണ്. അതിലാര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ടാവില്ല. ഇതൊക്കെ പാര്‍ട്ടിക്കും എല്‍.ഡി.എഫിനും കിട്ടുന്ന സ്നേഹവും ആവേശവുമാണ് അതിനെ അങ്ങനെ തന്നെ കണ്ടാല്‍ മതി. പാര്‍ട്ടിയോടുള്ള സ്നേഹപ്രകടനമാണ് ജനങ്ങള്‍ കാണിക്കുന്നത്. അതു സ്വന്തം കേമത്തം കൊണ്ടാണെന്ന് മേനി നടിച്ച് തലക്കനമുണ്ടായാല്‍ കുഴപ്പമാകും. അപ്പോള്‍ അത്തരമാളുകളെ തിരുത്താന്‍ പാര്‍ട്ടി തയാറാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
"കമ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ല. ഞാന്‍ ഈ പണിയെടുക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. നവകേരളയാത്ര നടത്തുമ്പോള്‍ ജനങ്ങളുടെ സ്നേഹപ്രകടനം കുറെ കണ്ടിട്ടുണ്ട്. എവിടെയെങ്കിലും പോകുമ്പോള്‍ ചെറിയ കുഞ്ഞുങ്ങള്‍ പോലും സ്നേഹം പ്രകടിപ്പിക്കുകയാണ്. പ്രത്യേകതരത്തിലുള്ള അഭിനിവേശം എല്‍.ഡി.എഫിനോട് ഉണ്ടാകുന്നുവെന്നാണ് ഇതെല്ലാം കാണിക്കുന്നത്. ഇത്തരത്തില്‍ ധാരാളം ആവേശപ്രകടനം കണ്ടിട്ടുണ്ട്. അതുകൊണ്ടൊന്നും എന്റെ രീതിയില്‍ വ്യത്യാസം വരാന്‍ പോകുന്നില്ല. ഒരു കമ്യൂണിസ്റ്റുകാരന് കാത്തു സൂക്ഷിക്കേണ്ട ജാഗ്രത പാലിച്ച് മുന്നോട്ടുപോകും. പാര്‍ട്ടി വളണ്ടിയറായിരിക്കെ ഇത്തരം അമിതാവേശത്തിന്റെ മറുവശവും കണ്ടിരുന്നു" -പിണറായി പറഞ്ഞു.






