
തെരഞ്ഞെടുപ്പു കമ്മിഷന് വിലക്കിയ കൊട്ടിക്കലാശത്തിനു റോഡ്ഷോ എന്ന് ഓമനപ്പേര്. അധികാരം മാത്രം ഉന്നമിട്ട രാഷ്ട്രീയ നേതാക്കള്‍ കോവിഡിന്റെ രണ്ടാം തരംഗമെന്ന മുന്നറിയിപ്പും കാറ്റില്‍പ്പറത്തി. നാടിളക്കിയുള്ള പ്രചാരണത്തില്‍നിന്നു വിട്ടുനിന്ന പ്രമുഖര്‍ വിരലിലെണ്ണാവുന്നത്രമാത്രം. ഇതോടെ പരസ്യപ്രചാരണം കഴിഞ്ഞു. ഒച്ചപ്പാടില്ലാത്ത വോട്ടഭ്യര്‍ഥനയുടെ ഈ ദിനം കൂടി കഴിഞ്ഞാല്‍ കേരളം നാളെ ബൂത്തിലേക്ക്.
തദ്ദേശ തെരഞ്ഞെടുപ്പിനു പിന്നാലെയുണ്ടായ കോവിഡ് വ്യാപനവും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കു പാഠമായില്ല. എതിരാളികള്‍ നിറഞ്ഞാടുമെന്നു തോന്നിയ ഘട്ടങ്ങളില്‍ പല സ്ഥാനാര്‍ഥികളും കിട്ടാവുന്ന പ്രവര്‍ത്തകരെയെല്ലാം ഒത്തുകൂട്ടി മണ്ഡലമധ്യത്തിലേക്കു പാഞ്ഞു. കരകാട്ടം, മാര്‍ഗംകളി തുടങ്ങിയ കലാരൂപങ്ങളും തിരക്കിനിടെ ആവേശമായി.
സംസ്ഥാനത്തു പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും മൂവായിരത്തിലേക്ക് അടുക്കുകയാണ്. പലയിടത്തും സ്ഥാനാര്ഥികള്ക്കടക്കം കോവിഡ് ബാധിച്ചതോടെയാണ് ആരോഗ്യവകുപ്പിന്റെ അഭ്യര്‍ഥന മാനിച്ച് തെരഞ്ഞെടുപ്പു കമ്മിഷന് പ്രചാരണത്തിനൊടുവിലെ കൊട്ടിക്കലാശം വിലക്കിയത്. പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് പോലീസിനോട് ആരോഗ്യ വകുപ്പ് ശിപാര്‍ശ ചെയ്തിരുന്നു. മാസ്കുകള്‍ പോലും ഊരിയെറിഞ്ഞ് മിക്കാവാറും എല്ലായിടത്തും സ്ഥാനാര്‍ഥികളടക്കം ജനസമുദ്രം സൃഷ്ടിച്ചു. മുന്‍കരുതലുകള്‍ പരസ്യമായി ലംഘിക്കുന്നതു ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് ഡി.ജി.പിയെ വിവരങ്ങള്‍ ധരിപ്പിച്ചെങ്കിലും നടപടിയുണ്ടായില്ല. കേസെടുക്കാതെയും പിഴയിടാതെയും പോലീസ് എല്ലാം കണ്ടുനിന്നു.
കൊട്ടിക്കലാശം ഒഴിവാക്കുന്നതിനു പകരമായി ഇന്നലെ വൈകിട്ട് ഏഴു വരെ പരസ്യപ്രചാരണം അനുവദിച്ചിരുന്നു. നേരത്തേ ഇത് അഞ്ചു മണിയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ്ഷോ സ്വന്തം മണ്ഡലമായ ധര്‍മ്മടത്തെയും തലശേരിയെയും ചെങ്കടലാക്കി. നേമത്ത് കെ മുരളീധരന്റെ പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധി തലസ്ഥാനത്ത് റോഡ് ഷോയിലൂടെ ആവേശം പകര്‍ന്നു. രാഹുല്‍ പോയതിനു ശേഷവും മൂന്നു മുന്നണികളുടെയും പ്രവര്‍ത്തകര്‍ സര്‍വ മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി പൂജപ്പുരയില്‍ റോഡില്‍ ഒത്തുകൂടി. ഇടുക്കിയിലെ ഉടുമ്പന്‍ചോലയിലായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ റോഡ്ഷോ.വലിയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ബി.ജെ.പി. സ്ഥാനാര്‍ഥികളും നിയമലംഘനത്തില്‍ പിന്നിലായില്ല. വട്ടിയൂര്‍ക്കാവില്‍ വി.വി. രാജേഷും തിരുവനന്തപുരത്ത് ജി. കൃഷ്ണകുമാറും തൃശൂരില്‍ സുരേഷ് ഗോപിയും റോഡ് ഷോ നടത്തി. നേമത്ത് കുമ്മനം രാജശേഖരന്റെ പദയാത്രയിലും ആള്‍ക്കൂട്ടം നിരന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും പരസ്യപ്രചാരണവും കൊട്ടിക്കലാശവും ഒഴിവാക്കി. കോട്ടയത്തെ പ്രധാന പോരാട്ടവേദികളായ പുതുപ്പള്ളി, പാലാ തുടങ്ങിയ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ ഇല്ലാതെ പ്രവര്‍ത്തകര്‍ മാത്രമായിട്ടായിരുന്നു സമാപനം.






