
തൊടുപുഴ: അതിർത്തികളിൽ സുരക്ഷ കർശനമാക്കി. കള്ളവോട്ട് തടയുകയാണ് ലക്ഷ്യം. കൂടാതെ എല്ലാ പോളിങ് സ്റ്റേഷനുകളിലും മതിയായ സുരക്ഷാ സംവിധാനവും ഒരുക്കും. സംശയമുള്ളവരെ അതിർത്തി കടത്തി വിടില്ല. ഇടുക്കി ജില്ലയിലെ അതിർത്തികളിൽ സുരക്ഷയ്ക്കായി കേന്ദ്ര സേനയെ വിന്ന്യസിച്ചിട്ടുണ്ട്.
മാത്രമല്ല, അതിർത്തി കടക്കണമെങ്കിൽ തിരിച്ചറിയൽ രേഖ നിർബന്ധമാക്കി. അതിർത്തിയിൽ ഇന്നും നാളെയും കർശന പരിശോധന നടത്താനാണ് നിർദേശം. കേരള പൊലീസിന്റെ 59,292 ഉദ്യോഗസ്ഥർക്കൊപ്പം കേന്ദ്രസേനയും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷാ ചുമതലയ്ക്കുണ്ട്.
ഇരട്ട വോട്ടുകൾ വിവാദമായ സാഹചര്യത്തിൽ ഒന്നിലേറെ പ്രാവശ്യം വോട്ടർ പട്ടികയിൽ ഉൾപ്പെട്ടവർ ഒറ്റ വോട്ടുമാത്രം ചെയ്യുന്നത് ഉറപ്പാക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ നക്സൽ ബാധിത പ്രദേശങ്ങളിൽ സ്പെഷ്യൽ ഓപറേഷൻസ് ഗ്രൂപ്പ്, തണ്ടർബോൾട്ട് എന്നിവയുമുണ്ടാകും. കൂടാതെ ഡ്രോൺ സംവിധാനവും സുരക്ഷയ്ക്കായി ഒരുക്കുന്നുണ്ട്.




