
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മൂന്നാംഘട്ട വോട്ടെടുപ്പിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കുനേരേ കൈയേറ്റം. പോളിങ് ബൂത്തിനു സമീപമുണ്ടായ സംഘര്‍ഷത്തില്‍ സ്ഥാനാര്‍ഥിയുടെ തലയ്ക്കടിച്ചു പരുക്കേല്‍പ്പിച്ചു.
അരാംബാഗിലെ തൃണമൂല്‍ സ്ഥാനാര്‍ഥി സുജാത മൊണ്ടല്‍ ഖാനു നേരേയായിരുന്നു കൈയേറ്റം. ബി.ജെ.പി. പ്രവര്‍ത്തകരുടെ ഭീഷണിമൂലം തൃണമൂലുകാര്ക്കു ഭയരഹിതമായി വോട്ട് ചെയ്യാനുള്ള സാഹചര്യമില്ലെന്ന പരാതി അന്വേഷിക്കാന്‍ അരാന്ഡി മേഖലയിലെ ബൂത്തിലെത്തിയതായിരുന്നു സുജാതാ മൊണ്ടല്‍.
ബി.ജെ.പി. അനുയായികളുമായുള്ള വാക്കുതര്‍ക്കത്തിനിടെ സംഘര്‍ഷമായി. ഉന്തിനും തള്ളിനുമിടെ സുജാതയുടെ തലയ്ക്കു വടികൊണ്ടുള്ള അടിയേറ്റെന്നു തൃണമൂല്‍ നേതാക്കള്‍ പറഞ്ഞു. സംഘര്‍ഷത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനു പരുക്കേറ്റതായും അവര്‍ വ്യക്തമാക്കി.
ബതനാലിലെ ബൂത്തില്‍ ടി.എം.സി. സ്ഥാനാര്‍ഥിയുടെ പേരിനുനേരേയുള്ള ബട്ടന് അമര്‍ത്തിയാലും വോട്ട് ബി.ജെ.പി. സ്ഥാനാര്‍ഥിക്കാണു വീണതെന്നു മൊണ്ടല്‍ പറഞ്ഞു. അരാന്ഡിയില് ആക്രമണം നടത്തി ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാനായിരുന്നു ബി.ജെ.പിയുടെ ശ്രമമെന്നും അവര്‍ പറഞ്ഞു.
എന്നാല്‍, സുജാതയും സംഘവും തങ്ങളുടെ വീടുകളിലെത്തി മോശമായി പെരുമാറിയെന്ന് അരാന്ഡിയിലെ ഗ്രാമവാസികള്‍ പറഞ്ഞു. ഗ്രാമവാസികളുമായി വാഗ്വാദം നടത്തുന്ന സുജാതയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്.
സുജാത മൊണ്ടലിനുണ്ടായ ദുരനുഭവം സംസ്ഥാനത്തു പല സ്ഥാനാര്ഥികള്ക്കുമുണ്ടായതായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി പറഞ്ഞു. കാനിങ് ഈസ്റ്റില്‍ സ്ഥാനാര്‍ഥിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പോളിങ് ബൂത്തിലേക്കു പ്രവേശിക്കുന്നതില്‍നിന്നു തടഞ്ഞു. പലയിടത്തും തൃണമൂല്‍ പ്രവര്‍ത്തകര്‍ക്കുനേരേ ആക്രമണമുണ്ടായി.
ഇന്നലെ രാവിലെ മുതല്‍ നൂറിലധികം പരാതികളാണ് ഇതുസംബന്ധിച്ചു ലഭിച്ചത്. ഇക്കാര്യം തെരഞ്ഞെടുപ്പു കമ്മിഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്നും അലിപുര്‍ദുവാറില്‍ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തു മമത പറഞ്ഞു.






