
തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ പുരുഷനായി വോട്ടു രേഖപ്പെടുത്തിയ ജ്യോത്സന ഇത്തവണ സ്വന്തം അസ്ഥിത്വം അംഗീകരിക്കപ്പെട്ടുള്ള ആദ്യ വോട്ട് ചെയ്തതിന്റെ സംതൃപ്തിയില്‍. ഇടുക്കി ജില്ലയിലെ രണ്ട് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരില്‍ ഒരാളാണ് കരിങ്കുന്നം സ്വദേശി ജ്യോത്സന രതീഷ്.
കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് ഹൈസ്കൂളിലെ സ്ത്രീകള്‍മാത്രം നിയന്ത്രിക്കുന്ന 158-ാം നമ്പര്‍ പിങ്ക് പോളിങ് ബൂത്തിലായിരുന്നു ജ്യോത്സനയ്ക്കുവോട്ട്. ഇടുക്കി ജില്ലയിലെ രണ്ടാമത്തെ ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍ ദേവികുളം നിയോജക മണ്ഡലത്തിലെ വോട്ടറായ റീനയാണ്.
മൂന്നാര്‍ എം.ആര്.എസ്. സ്കൂളിലെ അമ്പത്തിരണ്ടാം നമ്പര്‍ ബൂത്തിലെത്തിയാണ് റീന വോട്ട് രേഖപ്പെടുത്തിയത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പുരുഷന് എന്നു രേഖപ്പെടുത്തിയാണു വോട്ട് ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ട്രാന്‍സ്ജെന്‍ഡറായി വോട്ട് ചെയ്യാന്‍ അപേക്ഷ നല്‍കിയതിനെത്തുടര്‍ന്നാണ് 158-ാം നമ്പര്‍ ബൂത്തിന്റെ ഓക്സിലറി ബൂത്തില്‍ ട്രാന്‍സ്ജെന്‍ഡറായി പോളിങ് രേഖപ്പെടുത്താന്‍ അവസരം ലഭിച്ചത്.
രാവിലെ 11.30-ന് പങ്കാളിക്കൊപ്പമാണ് ജ്യോത്സന കാറില്‍ ബൂത്തിലെത്തിയത്. ബൂത്ത് ലെവല്‍ ഓഫീസര്‍ ശോഭന മാത്യു പൂച്ചെണ്ടു നല്കി സ്വീകരിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസും സ്വീകരിക്കാന്‍ പുറത്തു കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
വോട്ട് ചെയ്ത് മടങ്ങിയെത്തിയപ്പോള്‍ പുറത്തുകാത്തു നിന്ന ഉദ്യോഗസ്ഥരുടെ വകയായി മധുരവും സമ്മാനിച്ചു. സംസ്ഥാനത്ത് മത്സരിക്കുന്ന മൂന്നു മുന്നണികളും ട്രാന്‍സ്ജെന്‍ഡറുകളെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചാണ് കറുപ്പ് നിറമുള്ള സാരി ധരിച്ചെത്തി താന്‍ വോട്ടു ചെയ്തതെന്ന് ജ്യോത്സന പറഞ്ഞു.






