
ജനം ഭരണമാറ്റം ആഗ്രഹിക്കുന്നു: ജി. സുകുമാരന്‍ നായര്‍
"എനിക്ക് എന്റെ വഴി; ബാലനു ബാലന്റെ വഴി"
കോട്ടയം: ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നാണു തന്റെ വിശ്വാസമെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ചങ്ങനാശേരി, വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്കൂളില്‍ വോട്ട് ചെയ്തശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹികനീതിയും മതേതരത്വവും സംരക്ഷിക്കുന്ന സര്‍ക്കാരുണ്ടാകണം. വിശ്വാസികളുടെ പ്രതിഷേധം കുറച്ചുകാലമായുണ്ട്. അതിപ്പോഴുമുണ്ട്. വിശ്വാസം തകര്‍ക്കാന്‍ വന്നാല്‍ തടയും. ഇടതുപക്ഷം ഭരിക്കുമ്പോള്‍ വിശ്വാസത്തെക്കുറിച്ചു പറയാന്‍ പാടില്ലെന്നാണോ? വിശ്വാസം എങ്ങനെ സംരക്ഷിക്കണമെന്നു വിശ്വാസികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എ.കെ. ബാലന്റെ പ്രസ്താവന സംബന്ധിച്ച ചോദ്യത്തിന്, "ഞാന്‍ എന്റെ വഴി നോക്കിക്കൊള്ളാം. എ.കെ. ബാലന് അദ്ദേഹത്തിന്റെ വഴി നോക്കട്ടെ" എന്നായിരുന്നു സുകുമാരന്‍ നായരുടെ മറുപടി.
വേറൊരു സമുദായനേതാവും
ഇങ്ങനെ പറയില്ലെന്നു കാനം
കോട്ടയം: ജി. സുകുമാരന്‍ നായരെപ്പോലെ മറ്റൊരു സമുദായനേതാവും ഇത്തരം പ്രസ്താവനകള്‍ ഇറക്കില്ലെന്നു സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഏതെങ്കിലുമൊരു സാമുദായികസംഘടനയോ സാംസ്കാരികസംഘടനയോ തെരഞ്ഞെടുപ്പുദിവസം രാവിലെ അഭിപ്രായം പറഞ്ഞോ? പറഞ്ഞ ഏകയാള്‍ സുകുമാരന്‍ നായരാണ്. അത് അദ്ദേഹത്തിനു വ്യക്തമായ രാഷ്ട്രീയമുണ്ടെന്നതിന്റെ സൂചനയാണ്.
വിശ്വാസം സംരക്ഷിക്കുന്ന നിലപാടാണ് എല്‍.ഡി.എഫിന്റേത്. മറ്റൊന്നും പറയാനില്ലാത്തുകൊണ്ടാണു ശബരിമല വിഷയം ആവര്‍ത്തിക്കുന്നതെന്നും കാനത്തെ ബൂത്തില്‍ വോട്ട് ചെയ്തശേഷം അദ്ദേഹം പ്രതികരിച്ചു.
അയ്പ്പയനും എല്ലാ ദേവഗണങ്ങളും
സര്‍ക്കാരിനൊപ്പം: പിണറായി
കണ്ണൂര്‍: അയ്യപ്പനുള്‍പ്പെടെ എല്ലാ ദേവഗണങ്ങളും ജനങ്ങള്‍ക്കു നല്ലതു ചെയ്ത സര്‍ക്കാരിനൊപ്പമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ഭരണമാറ്റം വേണമെന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സുകുമാരന്‍ നായര്‍ ഒരിക്കലും സര്‍ക്കാരിനെതിരേ പറയില്ല. അദ്ദേഹം അയ്യപ്പവിശ്വാസിയാണ്. അയ്യപ്പനും ജനങ്ങളുടെ എല്ലാ ആരാധനാമൂര്‍ത്തികളും ഈ സര്‍ക്കാരിനൊപ്പമാണ്. എല്ലാ മതവിശ്വാസികളെയും ജനങ്ങളെയും സംരക്ഷിച്ചത് ഈ സര്‍ക്കാരാണ്. ജനങ്ങള്‍ക്കു ഗുണം ചെയ്യുന്നവര്‍ക്കൊപ്പമാണ് എല്ലാക്കാലത്തും എല്ലാ ദേവഗണങ്ങളും- മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷം കരുതിവച്ച ബോംബെല്ലാം പുറത്തെടുത്തോയെന്നറിയില്ല. നേമത്തെ ബി.ജെ.പി. അക്കൗണ്ട് പൂട്ടും. മറ്റെവിടെയെങ്കിലും യു.ഡി.എഫ്-ബി.ജെ.പി. ധാരണയുണ്ടോയെന്നറിയില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ കൂടുതല്‍ സീറ്റ് ഇടതുപക്ഷം നേടും. എല്ലാ ദുരാരോപണവും തള്ളുന്ന വിധിയെഴുത്താവും ഇക്കുറിയെന്നു ധര്‍മടം ആര്.സി. അമല ബേസിക് യു.പി. സ്കൂളില്‍ വോട്ട് ചെയ്തശേഷം പിണറായി പറഞ്ഞു. പിണറായിയിലെ വീട്ടില്‍നിന്നു നടന്നാണു മുഖ്യമന്ത്രിയും ഭാര്യയും പോളിങ് ബൂത്തിലെത്തിയത്.
അയ്യപ്പനെക്കുറിച്ചു പറയാന്‍ മറ്റാര്‍ക്കും
അവകാശമില്ല: മലയരയസഭ
തിരുവനന്തപുരം: അയ്യപ്പകോപത്തെക്കുറിച്ചു പറയാനുള്ള അധികാരം മലയരയര്‍ക്കു മാത്രമാണെന്നു മലയരയ മഹാസഭ ജനറല്‍ സെക്രട്ടറി പി.കെ. സജീവ്. അയ്യപ്പനു വേണ്ടി ജീവിക്കുകയും മരിക്കുകയും അമ്പലം നിര്‍മിക്കുകയും ചെയ്തവരാണു മലയരയര്‍. അയ്യപ്പനെ തട്ടിയെടുത്ത് സവര്ണവത്കരിച്ചവര്ക്ക് അഭിപ്രായം പറയാന്‍ അവകാശമില്ലെന്നും സജീവ് പ്രതികരിച്ചു.
ദൈവങ്ങളെയും ആചാരങ്ങളെയും
ദുരുപയോഗം ചെയ്യുന്നു;
പരാതിയുമായി മന്ത്രി ബാലന്
പാലക്കാട്: യു.ഡി.എഫും ബി.ജെ.പി.യും ദൈവങ്ങളെയും ആചാരങ്ങളെയും ദുരുപയോഗം ചെയ്യുകയാണെന്നു സി.പി.എം. കേന്ദ്രകമ്മിറ്റിയംഗവും മന്ത്രിയുമായ എ.കെ. ബാലന് തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്കി. ദൈവത്തെ ഇത്രയും മോശമായി ഉപയോഗിക്കുന്നത് ഇതിനു മുമ്പു കണ്ടിട്ടില്ല. ഇത് ഭരണഘടനയ്ക്കും ജനപ്രാതിനിധ്യ നിയമത്തിനും എതിരുമാണ്. ഇതില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അടിയന്തരമായി ഇടപെടണമെന്ന് കമ്മിഷനയച്ച പരാതിയില്‍ അദ്ദേഹം ആവശ്യപ്പെട്ടു. നിയമവിരുദ്ധമായി പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും മാധ്യമങ്ങള്‍ ഈ വിഷയം സംപ്രേഷണം ചെയ്യുന്നത് വിലക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
ദൈവങ്ങള്‍ക്കു വോട്ടുണ്ടെങ്കില്‍
ഇടതിനാകുമായിരുന്നു: കോടിയേരി
കണ്ണൂര്‍: ദൈവങ്ങള്‍ക്കു വോട്ടുണ്ടായിരുന്നെങ്കില്‍ അതെല്ലാം ഇത്തവണ ഇടതുപക്ഷത്തിനാകുമായിരുന്നുവെന്നു സി.പി.എം. പി.ബി. അംഗം കോടിയേരി ബാലകൃഷ്ണന്. മുസ്ലിം, ഹിന്ദു, ക്രിസ്ത്യന്‍ തുടങ്ങി എല്ലാ മതവിശ്വാസികള്‍ക്കും സുരക്ഷിതത്വം നല്കിയ സര്‍ക്കാരാണിത്. എല്ലാ ആരാധനാലയങ്ങള്‍ക്കും ഭൗതികമായ മാറ്റമുണ്ടാക്കിയിട്ടുണ്ട്. ശബരിമലയില്‍ ഏറ്റവും കൂടുതല്‍ വികസനം നടന്നത് ഈ സര്‍ക്കാരിന്റെ കാലത്താണ്. അയ്യപ്പകോപമുണ്ടാകുമെന്നത് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ ആഗ്രഹം മാത്രമാണ്. ശബരിമല തീര്‍ഥാടകര്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തിയാല്‍ അവര്‍ ഇടതിനൊപ്പമാകുമെന്നും കോടിയേരി പറഞ്ഞു.
അയ്യപ്പനെ പിണറായി കൂട്ടുപിടിച്ചത്
ഗതികേടുകൊണ്ട്: വേണുഗോപാല്‍
ആലപ്പുഴ: ഗതികേടുകൊണ്ടാണ് അയ്യപ്പനെ പിണറായി വിജയന് കൂട്ടുപിടിച്ചിരിക്കുന്നതെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. അയ്യപ്പനെയും ദേവഗണങ്ങളെയും പിണറായി സര്‍ക്കാര്‍ പരമാവധി ഉപദ്രവിച്ചു. വിശ്വാസികളുടെ മനസിലെ മുറിവ് ഉണങ്ങിയിട്ടില്ല. ശബരിമല വിഷയം ജനങ്ങളുടെ മനസിലുണ്ട്. വിശ്വാസമില്ലാതെ ദൈവത്തെ വിളിച്ചാല്‍ വിളികേള്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ജി. സുകുമാരന്‍ നായര്‍ പറഞ്ഞത്
വൈകിപ്പോയി: വെള്ളാപ്പള്ളി
ആലപ്പുഴ: സര്‍ക്കാര്‍ മാറണമെന്ന എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പ്രതികരണം അനവസരത്തിലായെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
അത് രണ്ടു ദിവസം മുമ്പെങ്കിലും പറയണമായിരുന്നു. അങ്ങനെയെങ്കില്‍ ഫലം ലഭിച്ചേനെ. സുകുമാരന്‍ നായരുടെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെ. തന്റെ ആഗ്രഹവും അഭിലാഷവും ഇപ്പോള്‍ പറയില്ല. ഇപ്പോള്‍ വോട്ടിലൂടെ പ്രവര്‍ത്തിക്കേണ്ട സമയമായിരുന്നു. അത്ു ചെയ്തിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ദേവഗണങ്ങള്‍ അസുരന്മാര്‍ക്കൊപ്പം
നിന്നിട്ടില്ല: കെ. സുധാകരന്
കണ്ണൂര്‍: ദേവഗണങ്ങള്‍ അസുര വിഭാഗത്തോടൊപ്പം എവിടെയും നിന്നിട്ടില്ലെന്നു കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്റെ പരിഹാസം. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഭക്തരുടെ വികാരത്തെ ചൂഷണം ചെയ്യാനുള്ള തന്ത്രമാണു സി.പി.എമ്മിന്റേതെന്നു ജനങ്ങള്‍ക്കറിയാം. ഭക്തരെ ഇത്രയധികം അപമാനിച്ചതു പിണറായി മാത്രമാണ്. നികൃഷ്ടമായ മനസിന്റെ ഉടമയാണെന്നു പിണറായി പ്രവൃത്തിയിലൂടെ തെളിയിച്ചു. ശബരിമല അയ്യപ്പനെ ഇതിനപ്പുറം നിന്ദിക്കാന്‍ പിണറായിക്കല്ലാതെ ആര്‍ക്കു കഴിയും? തേരാപ്പാരാ നടക്കുന്ന രണ്ടു സ്ത്രീകളെ കസ്റ്റഡിയില്‍ എടുത്തുകൊണ്ടുപോയി അയ്യപ്പനെ അപമാനിച്ച പിണറായിയോടു കേരളത്തിലെ ഭക്തജനങ്ങള്‍ ക്ഷമിക്കില്ല. നാലു കിറ്റ് കൊടുത്ത് ജനങ്ങളെ വളയ്ക്കാമെന്നു കരുതുന്നത് ഇടതുപക്ഷത്തിന്റെ മൗഢ്യമാണെന്നും സുധാകരന് പറഞ്ഞു.
ശബരിമലയില്‍ യുവതികളെ
കയറ്റിയതു പിണറായിയും
അസുരഗണങ്ങളും: കെ. സുരേന്ദ്രന്
കോഴിക്കോട്: അയ്യപ്പനും ദേവഗണങ്ങളും സര്‍ക്കാരിനൊപ്പമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന അദ്ദേഹത്തിന്റെ ദൗര്‍ബല്യമാണു കാണിക്കുന്നതെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. ഇരട്ടച്ചങ്കനാണെന്നും ആയിരം തെരഞ്ഞെടുപ്പില്‍ തോറ്റാലും നിലപാട് മാറ്റില്ലെന്നുമൊക്കെ പറഞ്ഞ പിണറായി വിജയന് ദുര്‍ബലനായ രാഷ്ട്രീയക്കാരനാണെന്നതിന്റെ തെളിവാണ് ഈ പ്രസ്താവന.
പിണറായി വിജയനും അദ്ദേഹത്തിന്റെ അസുരഗണങ്ങളും ചേര്‍ന്നാണ് ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചത്. ശബരിമലയില്‍ യുവതികളെ കയറ്റാന്‍ സര്‍ക്കാരാണു സംവിധാനമൊരുക്കിയത്. ആഭ്യന്തര മന്ത്രിയായ പിണറായി വിജയനും അസുരഗണങ്ങളും ചേര്‍ന്നാണ് അവിശ്വാസികളായ യുവതികളെ അര്‍ധരാത്രിയില്‍ സര്‍ക്കാരിന്റെ ആംബുലന്‍സില്‍ പോലീസ് അകമ്പടിയോടെ ശബരിമലയില്‍ കയറ്റിയത്. ഇതാ രണ്ടുപേര്‍കൂടി കയറിക്കഴിഞ്ഞു, വേണെമങ്കില്‍ ഹര്‍ത്താല്‍ നടത്തിക്കോളൂ എന്നാണ് പിണറായി അന്നു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. അതൊന്നും ജനങ്ങള്‍ മറന്നിട്ടില്ല. ശബരിമല വിഷയം ചര്‍ച്ചയാക്കിയതില്‍ എ.കെ. ബാലന് പരാതി കൊടുക്കേണ്ടത് പിണറായിക്കെതിരേ യാണെന്നും സുരേന്ദ്രന് പറഞ്ഞു.
ജനങ്ങള്‍ മണ്ടന്മാരല്ല:
ഉമ്മന്‍ ചാണ്ടി
കോട്ടയം: വിശ്വാസികള്‍ക്കൊപ്പമാണെന്നു പിണറായി വിജയന് പറയുന്നതു വിശ്വസിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ മണ്ടന്മാരെല്ലന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
തെരഞ്ഞെടുപ്പു പരാജയ ഭീതിയിലാണു പിണറായി ഈ നിലപാട് പറഞ്ഞത്. ശബരിമലയില യുവതികളെ പ്രവേശിപ്പിക്കണമെന്ന സത്യവാങ്ങ്മൂലം പിന്‍വലിക്കാന്‍ പിണറായി തയാറുണ്ടോ? ശബരിമല വിശ്വാസ വിഷയത്തില്‍ തുടക്കം മുതല്‍ യു.ഡി.എഫിനും എന്‍.എസ്.എസിനും ഒരേ നിലപാടാണുള്ളത്. വിശ്വാസികള്‍ക്കൊപ്പമാണെന്നു പറയുന്ന പിണറായി വിശ്വാസം കാക്കാന്‍ നില്ക്കുന്ന എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ അധിക്ഷേപിക്കുന്നതെന്തിനാണെന്നു വ്യക്തമാക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
വിശ്വാസം ഒരു ബോധ്യമാണ്:
അതില്‍ സമ്മര്‍ദം പാടില്ല:
ജി. സുധാകരന്
ആലപ്പുഴ: വിശ്വാസം ഒരു ബോധ്യമാണെന്നും അതില്‍ സമ്മര്‍ദം ചെലുത്തുന്നതു മനഃസാക്ഷിയുടെ സ്വാതന്ത്ര്യത്തിനെതിരാണെന്നും പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്. വിശ്വാസികളുടെ വിശ്വാസങ്ങളില്‍ സമ്മര്‍ദം ചെലുത്തരുത്. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പറഞ്ഞതിനെപ്പറ്റി തന്നോടു ചോദിക്കേണ്ട കാര്യമില്ലെന്നും സുധാകരന് പറഞ്ഞു.
പിണറായി സര്‍ക്കാരിന്
അയ്യപ്പകോപമുണ്ടാകും:
രമേശ് ചെന്നിത്തല
ആലപ്പുഴ: നിരീശ്വരവാദിയായ പിണറായി വിജയന് വോട്ട് ചെയ്തതിനു ശേഷം അയ്യപ്പന്റെ കാലു പിടിക്കുന്നതാണു കേരളം കണ്ടതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അയ്യപ്പഭക്തരുടെ വികാരങ്ങളെ ചവിട്ടിമെതിച്ച മുഖ്യമന്ത്രിയോട് അയ്യപ്പനും പൊറുക്കില്ല, വിശ്വാസികളും പൊറുക്കില്ല.
ശബരിമലയുടെ പരിശുദ്ധി നശിപ്പിച്ച മുഖ്യമന്ത്രിയാണിത്. പിണറായി വിജയനും സര്‍ക്കാരിനും തീര്‍ച്ചയായും തീര്‍ച്ചയായും അയ്യപ്പകോപവും ജനജനങ്ങളുടെ കോപവുമുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.






