
കൊല്ലം: പതിവു പോലെ സ്ത്രീ വോട്ടര്‍മാരുടെ മുന്നേറ്റം. കഴിഞ്ഞ തവണത്തെ വോട്ടിങ് ശതമാനത്തേക്കാല് പ്രതീക്ഷിക്കുന്ന വര്‍ധനവ്. കഴിഞ്ഞ തവണ യു.ഡി.എഫിനെ സംപൂജ്യമാക്കിയ എല്‍.ഡി.എഫ്. ഇത്തവണ കൊല്ലം ജില്ലയില്‍ ചരിത്രം ആവര്‍ത്തിക്കുമൊ..? ചോദ്യം വോട്ടര്‍മാരുടേതാണ്. എന്നാല്‍ 2016ലെ വിജയം ആവര്‍ത്തിക്കില്ലെന്നാണ് എല്‍.ഡി.എഫ്. നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ഭൂരിപക്ഷ മണ്ഡലങ്ങളിലും വിജയ പ്രതീക്ഷയുണ്ട്. കൊട്ടാരക്കര, കുണ്ടറ, ഇരവിപുരം, പുനലൂര്‍, കൊല്ലം, ചാത്തന്നൂര്‍, പത്തനാപുരം, ചടയമംഗലം തുടങ്ങിയ മണ്ഡലങ്ങളില്‍ വന്‍ വിജയം നേടുമെന്നാണു വിലയിരുത്തല്‍. ഇതില്‍ ചില മണ്ഡലങ്ങള്‍ അപ്രതീക്ഷിതമായി നഷ്ടമാകാനും സാധ്യതയുണ്ട്.
എന്നാല്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. നേതൃത്വം. മൊത്തമുള്ള 11 സീറ്റില്‍ ആറ് സീറ്റെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണവര്‍. ചവറ, കരുനാഗപ്പള്ളി, കൊല്ലം, കുണ്ടറ, പത്തനാപുരം, കുന്നത്തൂര്‍ മണ്ഡലങ്ങളിലാണു വിജയ പ്രതീക്ഷ. തീരദേശവുമായി ചേര്‍ന്നു കിടക്കുന്ന ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ ഭരണവിരുദ്ധ തരംഗം ആഞ്ഞടിച്ചാല്‍ സീറ്റുകളുടെ എണ്ണം കൂടാമെന്നും അവര്‍ കണക്കുകൂട്ടുന്നു. 10 വര്‍ഷമായി കേരള നിയമസഭയില്‍ കൊല്ലത്തു നിന്ന് കോണ്‍ഗ്രസിന് പ്രാതിനിധ്യമില്ലാത്ത അവസ്ഥയാണ്.
ജില്ലയില്‍ ഇത്തവണ അക്കൗണ്ട് തുറക്കുമെന്ന് ബി.ജെ.പി. നേതൃത്വം പറയുന്നു. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തു വന്ന ചാത്തന്നൂരിലാണു വിജയ പ്രതീക്ഷ. സാമുദായിക വോട്ടുകള്‍ ഫല നിര്‍ണയം നടത്തുന്ന ചാത്തന്നൂരില്‍ കണക്കുകൂട്ടല്‍ ശരിയായാല്‍ ബി.ജെ.പി. ഒന്നാം സ്ഥാനത്തും യു.ഡി.എഫ്. രണ്ടാം സ്ഥാനത്തും എല്‍.ഡി.എഫ്. മൂന്നാം സ്ഥാനത്തുമാകുമെന്നാണ് അവരുടെ പ്രതീക്ഷ. മറ്റു മണ്ഡലങ്ങളില്‍ വന്‍ മുന്നേറ്റവും പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 75.23 ശതമാനമായിരുന്നു പോളിങ്. ഇത്തവണ 73.16 ശതമാനമാണ്. ഇതോടൊപ്പം ഭിന്നശേഷിക്കാര്‍, 80 വയസിനു മുകളില്‍ പ്രായമുള്ളവര്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, അവശ്യ സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ളവരുടെ വോട്ടുകളുടെ 1.89 ശതമാനം കൂടി ഉള്‍പ്പെടുത്തിയാല്‍ 75.05 ശതമാനമാവും. തപാല്‍ വോട്ടുകള്‍ കൂടി കണക്കാക്കിയാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ടിങ് ശതമാനത്തേക്കാള്‍ ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 74.96 ശതമാനമായിരുന്നു പോളിങ്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 73.80 ശതമാനമായി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫും തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫും മുന്‍തൂക്കം നേടി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു എല്‍.ഡി.എഫിന്റെ വിജയം. യു.ഡി.എഫ്. ഉറപ്പായും പ്രതീക്ഷിച്ചിരുന്ന സീറ്റുകള്‍ കൂടി പിടിച്ചെടുത്തായിരുന്നു വിജയം. ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ കരുനാഗപ്പള്ളിയും ചവറയും ഒഴിച്ചാല്‍ വന്‍ മുന്നേറ്റമാണ് എല്‍.ഡി.എഫ്. നടത്തിയത്. കരുനാഗപ്പള്ളിയില്‍ സി.ആര്. മഹേഷ് തോറ്റത് 1759 വോട്ടിനാണ്. ഇത്തവണ സി.ആര്. മഹേഷ് വിജയം ഉറപ്പിക്കുന്നു. എന്നാല്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി സി.പി.ഐയിലെ ആര്.രാമചന്ദ്രന് തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. ചവറയില്‍ ആര്.എസ്.പിയിലെ ഷിബു ബേബിജോണ്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി സി.എം.പിയിലെ എന്‍. വിജയന്‍പിള്ളയോട് തോറ്റത് 6189 വോട്ടിന്. ഇത്തവണ അനായാസ വിജയം പ്രതീക്ഷിക്കുന്നു.
യു.ഡി.എഫില്‍ തുടര്‍ന്നാലുള്ള അപകടം മനസിലാക്കി നേരത്തെ എല്‍.ഡി.എഫിലേക്ക് മറുകണ്ടം ചാടിയ കോവൂര്‍ കുഞ്ഞുമോന് കുന്നത്തൂരില്‍ തിളക്കമാര്‍ന്ന വിജയം നേടി. 20,529 വോട്ടായിരുന്നു കോവൂരിന്റെ ഭൂരിപക്ഷം. ഇത്തവണ മത്സരം കടുത്തു. യു.ഡി.എഫിലെ ഉല്ലാസ് കോവൂര്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. ആര്.എസ്.പിയിലെ ശക്തനും സംസ്ഥാന സെക്രട്ടറിയുമായ എ.എ. അസീസ് ഇരവിപുരത്ത് നിന്നു തൂത്തെറിയപ്പെട്ടതും പ്രതീക്ഷിക്കാത്തതായിരുന്നു. മുസ്ലിം വോട്ടുകളില്‍ സമ്പൂര്‍ണ വിശ്വാസം അര്‍പിച്ചിരുന്ന അസീസിനെ എല്‍.ഡി.എഫിലെ സി.പി.എം. സ്ഥാനാര്‍ഥി എം. നൗഷാദാണ് മലര്‍ത്തിയടിച്ചത്. 28,803 വോട്ടായിരുന്നു ഭൂരിപക്ഷം. എന്‍.ഡി.എ. സ്ഥാനാര്‍ഥിയായിരുന്ന ബി.ഡി.ജെ.എസിലെ ആക്കാവിള സതീക്ക് 19,714 വോട്ട് നേടി. ഇത്തവണ എം.നൗഷാദ് വീണ്ടും വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ്. എന്നാല്‍ സാമുദായിക വോട്ട് പ്രതീക്ഷിച്ചതു പോലെ ലഭിച്ചുവെന്നു കണക്കുകൂട്ടുന്ന യു.ഡി.എഫ്. സ്ഥാനാര്‍ഥി ആര്.എസ്.പിയിലെ ബാബു ദിവാകരന് അട്ടിമറി വിജയം പ്രതീക്ഷിക്കുന്നു.
കുണ്ടറയില്‍ പൗരുഷമുള്ള ഒരു എം.എല്‍.എയെ വേണമെന്നു പ്രഖ്യാപിച്ചു കഴിഞ്ഞ തവണ മത്സരരംഗത്തു വന്ന യു.ഡി.എഫ്. സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ രാജ്മോഹന്‍ ഉണ്ണിത്താന് കഴിഞ്ഞ തവണ എല്‍.ഡി.എഫിലെ സി.പി.എം. സ്ഥാനാര്‍ഥി ജെ. മേഴ്സിക്കുട്ടിയമ്മയോട് തോറ്റു. പൊതുവെ കോണ്‍ഗ്രസിന് അനുകൂല മണ്ഡലമായ കുണ്ടറയില്‍ കോണ്‍ഗ്രസ് വോട്ടുകളും വ്യാപകമായി എല്‍.ഡി.എഫിന് ലഭിച്ചു. 30,460 വോട്ടിന്റെ റിക്കാര്‍ഡ് ഭൂരിപക്ഷത്തിലാണ് മേഴ്സിക്കുട്ടിയമ്മ വിജയിച്ചത്. ബി.ജെ.പിക്ക് ഇവിടെ ശക്തമായ അടിത്തറയില്ലാതിരുന്നിട്ടും ബി.ജെ.പി. സ്ഥാനാര്‍ഥി എം.എസ്. ശ്യാംകുമാര്‍ നേടിയത് 20,257 വോട്ടാണ്. ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. യു.ഡി.എഫിലെ പി.സി.വിഷ്ണുനാഥ് അട്ടിമറിയിലുടെ വിജയിക്കുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ.
കഴിഞ്ഞ തവണ താരങ്ങള്‍ ഏറ്റുമുട്ടിയ പത്തനാപുരത്ത് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കേരളാ കോണ്‍ഗ്രസ് (ബി)യിലെ കെ.ബി. ഗണേഷ്കുമാര് 24,562 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫിലെ നടന് ജഗദീഷിനെ തോല്പിച്ചത്. ബി.ജെ.പിയിലെ രഘു ദാമോദരന്‍ (ഭീമന് രഘു) 11,700 വോട്ടും നേടി. ഇക്കുറി ശക്തനായ ജ്യോതികുമാര്‍ ചാമക്കാലയാണ് എതിരാളി. ചാമക്കാലയുടെ വിജയം യു.ഡി.എഫ്. ഉറപ്പിച്ചിട്ടുണ്ട്. കൊല്ലത്തു സിനിമാ നടന് മുകേഷിനു ലഭിച്ചതും അഭിമാനാര്‍ഹമായ വിജയമായിരുന്നു. 17,611 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. യു.ഡി.എഫിലെ സൂരജ് രവിയെയാണ് അദ്ദേഹം തോല്പിച്ചത്. എന്‍.ഡി.എ. സ്വതന്ത്രനായി മത്സരിച്ച പ്രഫ. ആര്. ശശികുമാര്‍ 17409 വോട്ട് നേടി. ഇത്തവണ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി മുകേഷിനെതിരെ മത്സരിച്ച ബിന്ദുകൃഷ്ണ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ്.
ജില്ലയില്‍ ഏറ്റവും ശ്രദ്ധേയമായ മണ്ഡലം ചാത്തന്നൂരായിരുന്നു. ചരിത്രത്തിലാദ്യമായി യു.ഡി.എഫിനെ പ്രത്യകിച്ച് കോണ്‍ഗ്രസിനെ പിന്തള്ളി ബി.ജെ.പി. സ്ഥാനാര്‍ഥി രണ്ടാം സ്ഥാനത്തു വന്നു. സി.പി.ഐയിലെ ജി.എസ്. ജയലാലാണ് രണ്ടാം തവണയും ഇവിടെ വിജയിച്ചത്. ജി.എസ്. ജയലാല്‍ 34407 വോട്ടിന്റെ റിക്കാര്‍ഡ് ഭൂരിപക്ഷത്തിനു വിജയിച്ചപ്പോള്‍ തൊട്ടടുത്ത് രണ്ടാംസ്ഥാനവുമായി ബി.ജെ.പിയിലെ ബി.ബി. ഗോപകുമാര്‍ ആധിപത്യം ഉറപ്പിച്ചു. 33199 വോട്ടുകള്‍ അദ്ദേഹം നേടി. കോണ്‍ഗ്രസിലെ പ്രമുഖനായ ശൂരനാട് രാജശേഖരനാണ് മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയത്. 30139 വോട്ടാണ് അദ്ദേഹം നേടിയത്. ഇത്തവണ വിജയിക്കുമെന്ന ഉറച്ച നിലപാടിലാണ് ബി.ജെ.പിയിലെ ബി.ബി. ഗോപകുമാര്‍. തോല്‍ക്കുമെന്ന യാതൊരു വിചാരവും ജി.എസ്. ജയലാലിനില്ല. എന്‍.പീതാംബരക്കുറുപ്പും വിജയ പ്രതീക്ഷയിലാണ്.
കൊട്ടാരക്കരയില്‍ പ്രതീക്ഷിച്ച വിജയമാണ് എല്‍.ഡി.എഫിലെ സി.പി.എം. സ്ഥാനാര്‍ഥി പി. അയിഷാപോറ്റി കഴിഞ്ഞ തവണ നേടിയത്. അശക്തനായ യു.ഡി.എഫിലെ അഡ്വ. സവിന്‍ സത്യനെ തോല്പിക്കാന് അയിഷാപോറ്റിക്ക് വിര്പ്പൊഴുക്കേണ്ടി വന്നില്ല. അയിഷാപോറ്റിയുടെ ഭൂരിപക്ഷം 42,632 വോട്ടായിരുന്നു. ജില്ലയില്‍ റിക്കാര്‍ഡാണിത്. ബി.ജെ.പിയിലെ രജേശ്വരി രാജേന്ദ്രന് 24,062 വോട്ടു നേടി ശക്തി തെളിയിക്കുകയും ചെയ്തു. ഇത്തവണ എല്‍.ഡി.എഫിലെ കരുത്തനായ കെ.എന്‍.ബാലഗോപാല്‍ വിജയം ഉറപ്പിക്കുന്നു. പുനലൂരിലെ സി.പി.ഐ. സ്ഥാനാര്‍ഥി അഡ്വ. കെ. രാജുവും കഴിഞ്ഞ തവണ റിക്കാര്‍ഡ് ഭൂരിപക്ഷമാണു നേടിയത്. മുസ്ലിംലീഗിലെ എ. യൂനുസ്കുഞ്ഞിനെ 33,582 വോട്ടിനാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഇവിടെ എന്‍.ഡി.എ. സ്ഥാനാര്‍ഥി കേരളാ കോണ്‍ഗ്രസിലെ അഡ്വ. സിസില്‍ ഫെര്‍ണാണ്ടസ് 10,558 വോട്ട് നേടി. ഇത്തവണ സി.പി.ഐയിലെ പി.എസ്. സുപാല്‍ വിജയം ഉറപ്പിക്കുന്നു. ചടയമംഗലത്തെ വിജയത്തിനും പ്രത്യേകതയുണ്ട്. കോണ്‍ഗ്രസിലെ എം.എം. ഹസനെയാണ് സി.പി.ഐയിലെ മുല്ലക്കര രത്നാകരന് തോല്പിച്ചത്. 21,928 വോട്ടായിരുന്നു ഭൂരിപക്ഷം. ബി.ജെ.പി. സ്ഥാനാര്‍ഥി കെ. ശിവദാസന്‍ 19,259 വോട്ട് നേടി. ഇത്തവണ സി.പിഐയിലെ ജെ.ചിഞ്ചുറാണി വിജയം ഉറപ്പിക്കുന്നു.
ഉണ്ണി വി.ജെ.നായര്‍






