
ലക്നൗ: ഉത്തര്‍പ്രദേശിലെ കാശി വിശ്വനാഥ ക്ഷേത്രം, ഗ്യാന്‍വ്യാപി മസ്ജിദ് സമുച്ചയം എന്നിവയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരിശോധന നടത്താന്‍ കോടതി ഉത്തരവ്. യുപി വാരണാസിയിലെ ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് ഉത്തരവ്.
കോടതിയുടെ ഉത്തരവ് പ്രകാരം പുരാവസ്തു വകുപ്പിലെ അഞ്ചംഗ സംഘം ക്യാമ്പസ് മുഴുവന്‍ കുഴിച്ച് കണ്ടെത്തിയ തെളിവുകള്‍ പഠിക്കുകയും ഗ്യാന്‍വാപ്പി സമുച്ചയത്തിന് താഴെയുള്ള നിലത്ത് ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ ഉണ്ടോ എന്ന് കണ്ടെത്തുകയും ചെയ്യും. ഗ്യാന്‍വ്യാപി മോസ്ക്കിന്റെ ഭൂമി ഹിന്ദു സമൂഹത്തിന് തിരികെ നല്‍കണമെന്ന വിഎസ് റസ്തോഗി എന്ന അഭിഭാഷകന്റെ പരാതിയിലായിരുന്നു കോടതിയുടെ ഉത്തരവ്.
മുഗള്‍ രാജവംശകാലത്ത് ഔറംഗസേബ് 1664 ല്‍ 2000 വര്‍ഷം പഴക്കമുള്ള പഴയ കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഒരു ഭാഗം തകര്‍ത്താണ് ഗ്യാന്‍ വ്യാപി മോസ്ക്ക് നിര്‍മ്മിച്ചതെന്നായിരുന്നു റസ്തോഗിയുടെ വാദം. പരാതിയെ ഗ്യാന്‍വ്യാപി മോസ്ക്ക് മാനേജ്മെന്റ് കമ്മറ്റി എതിര്‍ത്തിരുന്നു. എന്നാല്‍ കോടതി ഇപ്പോള്‍ ഇവിടെ സര്‍വേ നടത്താന്‍ അനുവദിച്ചിരിക്കുകയാണ്. സര്‍വേയുടെ മുഴുവന്‍ ചെലവുകളും സര്‍ക്കാര്‍ വഹിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരവിനെ അയോദ്ധ്യയിലെ സന്യാസി സമൂഹം മധുരപലഹാരങ്ങള്‍ വിതരണം ചെയ്തായിരുന്നു സ്വാഗതം ചെയ്തത്.
അതേസമയം 1991 ലെ പ്ളേസ് ഓഫ് വര്‍ഷിപ്പ് നിയമത്തിനെതിരാണ് വിധിയെന്നും തീരുമാനത്തെ സുപ്രീംകോടതിയില്‍ നേരിടുമെന്നും മുസ്ലീം പേഴ്സണല്‍ ലോ ബോര്‍ഡ് പറഞ്ഞു. ഇവിടെ പള്ളിയായിരുന്നു എന്ന കാര്യം സുപ്രീംകോടതിയും നിരീക്ഷിച്ചിട്ടുള്ളതാണെന്നും ബാബ്റി മസ്ജിദിലും ഇവിടെയും പള്ളി ഉണ്ടായിരുന്നതായി കോടതി സമ്മതിച്ചിട്ടുണ്ടെന്നും പറയുന്നു. വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രം 12 ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നായിട്ടാണ് സുപ്രീംകോടതി ആവശ്യപ്പെട്ട പ്രതികരണത്തില്‍ കേന്ദ്രം പറഞ്ഞിരിക്കുന്നത്.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അഞ്ചംഗ കമ്മറ്റിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. മോസ്ക്കിന്റെ അടിസ്ഥാന ഘടനയെ ബാധിക്കാത്ത രീതിയില്‍ വേണം സര്‍വേ നടത്താന്‍ എന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്. അതുകൊണ്ടു തന്നെ ഗ്രൗണ്ട് പെനട്രേഷന്‍ റഡാര്‍ സിസ്റ്റം ഉള്‍പ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാകും പരിശോധന.
ഗ്യാന്‍വ്യാപി മോസ്ക്കിന്റെ കെട്ടിടങ്ങള്‍ കാശി വിശ്വനാഥക്ഷേത്രത്തിന്റെ ഘടനയുടെ ഭാഗമാണോ എന്നും ക്ഷേത്രത്തിന് മുമ്പ് മുതലുള്ളതാണോ അേതാ പിന്നീട് നിര്‍മ്മിച്ചതാണോ എന്നും പരിശോധിക്കും. സര്‍വേയുടെ വിവരം മുസ്ളീം വിഭാഗത്തെയും അറിയിക്കണമെന്നും മോസ്ക്കിനുള്ളില്‍ നമസ്ക്കാരവും മറ്റും ചെയ്യുന്നതിനെ ബാധിക്കരുതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, അയോധ്യയിലെ മുസ്ലീം പാര്‍ട്ടികള്‍ ഗ്യാന്‍വാപ്പി സമുച്ചയം പള്ളിയുടെ ഭാഗമാണെന്നും അതിനടിയില്‍ ഒരിക്കലും ക്ഷേത്രം ഉണ്ടായിരുന്നില്ലെന്നും മുസ്ലീം പാര്‍ട്ടികള്‍ വാദിക്കുന്നു.






