
തിരുവനന്തപുരം : തീവ്രനിലപാടുകള്‍ മുറുകെപ്പിടിച്ചു സിമിയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച കെ.ടി. ജലീല്‍ ഇടതു മന്ത്രിസഭയില്‍നിന്നു പടിയിറങ്ങുന്നത് സംഭവബഹുലമായ ഭരണകാലയളവിനു ശേഷം. വിദ്യാര്‍ഥികാലം മുതല്‍ വിവിധ രാഷ്ട്രീയ പന്ഥാവുകളിലൂടെ സഞ്ചരിച്ചിട്ടുള്ള നേതാവാണ് ജലീല്‍.
കെ.ടി കുഞ്ഞുമുഹമ്മദിന്റെയും പാറയില്‍ നഫീസയുടെയും മകനായി തിരൂരില്‍ ജനിച്ച ജലീല്‍ കുറ്റിപ്പുറം ഗവണ്മെന്റ് ഹൈസ്കൂളില്‍ നിന്നാണ് ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ കോളേജ്, തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് എന്നിവിടങ്ങളില്‍ തുടര്‍പഠനം. എം.ഫില്‍ പൂര്‍ത്തിയാക്കിയ ശേഷം കേരള സര്‍വകലാശാലയില്‍നിന്ന് പിഎച്ച്.ഡി. എടുത്ത ജലീല്‍ തിരൂരങ്ങാടി പി.എസ്.എം.ഒ. കോളജില്‍ ചരിത്രാധ്യാപകനായി.
സിമിയില്‍നിന്നു ലീഗിലേക്ക്
സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി) എന്ന തീവ്രനിലപാടുകളുള്ള സംഘടനയില്‍ പ്രവര്‍ത്തിച്ചു കൊണ്ടാണ് കെ.ടി. ജലീല്‍ രാഷ്ട്രീയ പ്രവര്‍ത്തന രംഗത്തെത്തുന്നത്. 1988 ല്‍ തിരൂരങ്ങാടി പി.എസ്എം.ഒ. കോളജില്‍ ഡിഗ്രി വിദ്യാര്‍ഥിയായിരുന്ന കാലത്ത് സിമി സ്ഥാനാര്‍ഥിയായി കോളജ് യൂണിയന് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു പരാജയപ്പെട്ടു.
അടുത്തവര്‍ഷവും മത്സരിച്ചെങ്കിലും തോല്ക്കുയായിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിമി നേതൃത്വവുമായി ഇടയുകയും പിന്നീട് പുറത്താക്കപ്പെടുകയും ചെയ്തു. പിന്നീടാണ് മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എം.എസ്.എഫില്‍ ചേരുന്നത്.
മുസ്ലിം യൂത്ത് ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു. കുറ്റിപ്പുറത്തുനിന്ന് ജില്ലാ കൗണ്‍സിലിലേക്ക് വിജയിച്ചു. പിന്നീട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി. കുറ്റിപ്പുറം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ്, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. പിന്നീട് പാര്‍ട്ടിയില്‍ സ്വേച്ഛാധിപത്യ ഭരണമെന്ന് ആരോപിച്ച് ലീഗില്‍നിന്നു പുറത്തു പോയി ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നു.
ലീഗിനോട് തെറ്റി ഇടതുപക്ഷത്തേക്ക്
മലപ്പുറത്ത് ലീഗിനെ പിടിച്ചു കെട്ടുകയെന്ന അജന്‍ഡയുമായി 2006 ല്‍ തെരഞ്ഞെടുപ്പിനെ നേരിടാനിറങ്ങിയ ഇടതുപക്ഷം കുറ്റിപ്പുറത്ത് ലീഗിന്റെ അതികായന് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ മത്സരിക്കാന്‍ കെ.ടി. ജലീലിനെ രംഗത്തിറക്കി. അന്ന് കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തി കെ.ടി. ജലീല്‍ ഇടതു രാഷ്ട്രീയത്തില്‍ തന്റെ സ്ഥാനമുറപ്പിച്ചു. സി.പി.എം. അംഗമല്ലാതിരുന്നിട്ടും പാരമ്പര്യമുള്ള പാര്‍ട്ടി പ്രവര്‍ത്തകനെപ്പോലെ ഇടതുപക്ഷം ജലീലിനെ നെഞ്ചിലേറ്റി. ലീഗില്‍തന്നെ തുടര്‍ന്നിരുന്നെങ്കില്‍ ഒരു പക്ഷേ ഒരു എം.എല്‍.എ. സ്ഥാനത്തിനപ്പുറം ജലീലിന് ഉയരാനാകുമായിരുന്നില്ല.
2011 ല്‍ പുതുതായി രൂപീകരിച്ച തവന്നൂര്‍ മണ്ഡലത്തില്‍ മത്സരിച്ച ജലീല്‍ കോണ്‍ഗ്രസിന്റെ വി.വി. പ്രകാശിനെ 6,854 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി തവനൂരിന്റെ ആദ്യ എം.എല്‍.എയായി. 2016 ല്‍ തവനൂരില്‍നിന്നു വീണ്ടും ജയം. പിണറായി മന്ത്രിസഭയില്‍ തദ്ദേശ വകുപ്പാണു ജലീലിന് ലഭിച്ചത്. രണ്ടര വര്‍ഷത്തിനു ശേഷം വകുപ്പ് മാറ്റി ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ചുമതല നല്കി.
ബന്ധുനിയമന വിവാദം
മന്ത്രിസ്ഥാനത്തെത്തിയശേഷം ജലീല്‍ നേരിട്ട ആദ്യ വിവാദം ബന്ധുനിയമന ആരോപണമായിരുന്നു. യൂത്ത് ലീഗാണ് ജലീലിനെതിരേ ബന്ധു നിയമനാരോപണം ഉയര്‍ത്തിയത്. പിതൃസഹോദര പുത്രനായ കെ.ടി. അദീബിനെ ഡെപ്യൂട്ടേഷനെന്ന എന്ന പേരില്‍ ചട്ടങ്ങള്‍ മറികടന്ന് ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനിലെ ജനറല്‍ മാനേജരായി നിയമിച്ചെന്നായിരുന്നു ആരോപണം.
സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍നിന്ന് സര്‍ക്കാര്‍ ധനകാര്യ സ്ഥാപനത്തേക്ക് ഡെപ്യൂട്ടേഷന് വഴി ഒരു വ്യക്തിയെ നിയമിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള സ്പെഷല്‍ റൂളോ മറ്റോ ഇല്ലെന്നും ഈ സ്ഥാനത്തിനാവശ്യമായ വിദ്യാഭ്യാസ യോഗ്യത അദീബിനില്ലെന്നും ആരോപണം ഉയര്‍ന്നു.
മാര്‍ക്ക്ദാന ആരോപണം
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയിലിരിക്കെ എം.ജി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് അദാലത്ത് നടത്തി മാര്‍ക്ക് ദാനം ചെയ്തെന്നായിരുന്നു അടുത്ത ആരോപണം. കൊല്ലം ടി.കെ.എം. എന്‍ജിനിയറിങ് കോളജിലെ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിക്കുവേണ്ടി മന്ത്രി ഇടപെട്ടെന്നാണ് ആരോപണം ഉയര്‍ന്നത്. മന്ത്രി പങ്കെടുത്ത അദാലത്ത് ക്രമവിരുദ്ധമാണെന്ന് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് ദാനം നല്കിയ മാര്‍ക്കു പിന്‍വലിച്ചു.
മലയാളം സര്‍വകലാശാല ഭൂമി ഏറ്റെടുക്കല്‍
തിരൂരിലെ മലയാള സര്‍വകലാശാലയ്ക്കു ഭൂമി ഏറ്റെടുത്ത നടപടിയില്‍ കോടിക്കണക്കിന് രൂപയുടെ കമ്മീഷന് പറ്റുന്ന വിധത്തിലുള്ള ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. സെന്റിന് മൂവായിരം രൂപ മതിപ്പുവിലയുള്ള ഭൂമി 1,60,000 രൂപയ്ക്ക് വാങ്ങിയെന്നായിരുന്നു ആരോപണം.






