
കൊച്ചി: ഉപയോഗത്തിലില്ലാത്ത ഫോണ്‍ നമ്പര്‍ നല്കി, എ.ടി.എം. കാര്‍ഡ് ഉപയോഗിച്ചില്ല... ഒളിവ് കാലത്ത് സനു മോഹന്‍ അവശേഷിപ്പിച്ച പ്രധാന തെളിവ് ആധാര്‍ കാര്‍ഡ്. സൂക്ഷ്മതതോടെയായിരുന്നു അയാളുടെ യാത്രകള്‍. ഭക്തന്റെ വേഷമണിഞ്ഞു പ്രസരിപ്പോടെ അഭിനയിച്ചു മുന്നേറിയെങ്കിലും ഒടുവില്‍ എല്ലാം കൈവിട്ടുപോകുകയായിരുന്നു.
കൊല്ലൂരിലെ ലോഡ്ജില്‍ മുറിയെടുത്തപ്പോള്‍ മേല്‍വിലാസം തെളിയിക്കാന്‍ നല്കിയ ആധാര്‍കാര്‍ഡാണ് സനു മോഹനു അവസാന കുരുക്കായത്. ഏപ്രില്‍ 11 മുതല്‍ 16 വരെയാണു മൂകാംബികക്ഷേത്രത്തിനു സമീപമുള്ള ബീനാ ലോഡ്ജില്‍ താമസിച്ചത്. മുറിയെടുത്തപ്പോള്‍ അഡ്വാന്‍സായി പണമൊന്നും നല്‍കിയിരുന്നില്ല. വാടകയിനത്തില്‍ ലോഡ്ജില്‍ നല്കാനുണ്ടായിരുന്നത് 5,700രൂപയാണ്. ഇതു നല്‍കാതെയാണ് 16നു രാവിലെ സനു മോഹന്‍ കടന്നുകളഞ്ഞത്.
വാടക നല്‍കാതെ പറ്റിച്ച താമസക്കാരനെതിരേ ലോഡ്ജ് ഉടമ നല്കിയ പരാതിയാണു മേല്വിലാസക്കാരന് കേരളാ പോലീസ് അന്വേഷിക്കുന്ന സനു മോഹനാണെന്ന്തിരിച്ചറിഞ്ഞത്. ലോഡ്ജില്‍ നല്കിയ ഫോണ്‍ നമ്പര്‍ സനുവിന്റേതായിരുന്നു. പക്ഷേ, ആ നമ്പര്‍ ഉപയോഗത്തിലുണ്ടായിരുന്നില്ല. മൂകാംബികയില്‍ ഭജനയിരിക്കാന് വന്നതാണെന്നാണു ഹോട്ടലുകാരെ ധരിപ്പിച്ചത്. സ്വന്തം ഫോണും എ.ടി.എം. കാര്‍ഡും ഉപയോഗിക്കാതെയായിരുന്നു സനു മോഹന്റെ പലായനം.
ഒളിവു യാത്രകള്‍ വാര്‍ത്തകളുടെ ചുവടുപിടിച്ച്
കാക്കനാട്: വൈഗയുടെ ജഡം മുട്ടാര്‍പുഴയില്‍ കണ്ടെത്തിയ മാര്‍ച്ച് 22 മുതല്‍ പത്ര - ടിവി വാര്‍ത്തകള്‍ കൃത്യമായി നിരീക്ഷിച്ചായിരുന്നു സനു മോഹന്റെ ഒളിവു യാത്രകള്‍. അന്വേഷണ സംഘത്തിന്റെ നീക്കം മനസിലാക്കാന്‍ ഇതു സഹായിച്ചു. ഫോണ്‍ ഉപയോഗിച്ചാല്‍ മൊെബെല്‍ ടവര്‍ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കുടുങ്ങുമെന്ന് മനസിലാക്കിയായിരുന്നു നീക്കങ്ങള്‍.
ആറു ദിവസവും ഭക്ഷണം അന്നദാനപ്പുരയില്‍ നിന്ന്
ഏപ്രില്‍ 11ന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രപരിസരത്തെ ലോഡ്ജില്‍ മുറിയെടുത്തെങ്കിലും സനു മോഹന്‍ ഇവിടെനിന്നു ഭക്ഷണം കഴിച്ചിരുന്നില്ലെന്നു ലോഡ്ജ് മാനേജര്‍. ഭക്ഷണകാര്യത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ വ്രതശുദ്ധി നിലനിര്‍ത്താന്‍ ക്ഷേത്രസന്നിധിയിലെ അന്നദാനപ്പുരയില്നിന്നാണ് ആഹാരം കഴിക്കുന്നതെന്നായിരുന്നു വിശദീകരണം. പൊതുവേ സന്തോഷവാനായി കാണപ്പെട്ടതിനാല്‍ മറ്റു സംശയങ്ങളൊന്നും തോന്നിയില്ലെന്നും മലയാളികൂടിയായ ലോഡ്ജ് മാനേജര്‍ പോലീസിനു മൊഴിനല്‍കി.
മാന്യനായി നടിച്ച് ഹോട്ടലുകാരെയും കബളിപ്പിച്ചു
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിനു സമീപമുള്ള സ്വകാര്യ ടൂറിസ്റ്റ് ഹോമില്‍ സനു മോഹന്റെ പെരുമാറ്റം മാന്യതയുടെ മുഖംമൂടിയണിഞ്ഞ്. ഹോട്ടല്‍ ജീവനക്കാരോട് മാന്യമായി പെരുമാറുകയും ക്ഷേത്രത്തില്‍ ഭജന ഇരിക്കാനെത്തിയ ഭക്തനാണെന്ന് ധരിപ്പിക്കുകയും ചെയ്തു.
പണം അഡ്വാന്‍സ് നല്കാന് വിസമ്മതിച്ചപ്പോഴും സംശയം തോന്നാതിരിക്കാന്‍ ഇതും കാരണമായി. കാര്‍ഡ് പേമെന്റാണെന്നും െസ്വെപ്പിങ് ചാര്‍ജ് കളയേണ്ടെന്നും ഒറ്റത്തവണ സെറ്റില്‍ ചെയ്യാമെന്നും ഹോട്ടല്‍ ജീവനക്കാരെ വിശ്വസിപ്പിച്ചു. ബില്‍ അടയ്ക്കാതെ ഹോട്ടലില്‍നിന്ന് മുങ്ങുന്നതിനു തലേന്ന് മംഗളുരു വിമാനത്താവളത്തിലേക്ക് പിറ്റേന്ന് തനിക്കു പോകണമെന്ന് ഹോട്ടലുകാരെ ധരിപ്പിച്ചു. ഇതിനായി കാര്‍ ബുക്ക് ചെയ്യാനും ആവശ്യപ്പെട്ടിരുന്നു. െവെകിട്ട് 4.45 നാണു വിമാനം.
ഇതിനായി വിമാനത്താവളത്തിലേക്ക് പോകുന്നതിന് ഒരുമണിക്ക് കാര്‍ വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഒരുമണിക്ക് കാറെത്തിയപ്പോള്‍ സനു മോഹന്‍ മുറിയിലില്ലായിരുന്നു. മൂന്നുമണിവരെ ഹോട്ടലുകാര്‍ കാത്തിരുന്നു. ക്ഷേത്രത്തില്‍ നിന്നും പ്രസാദം വാങ്ങിവരാമെന്നു പറഞ്ഞാണു മുറി വിട്ടത്. മലയാളിയായ ഹോട്ടല്‍ റിസപ്ഷനിസ്റ്റാണ് സനു മോഹനെ കണ്ടെത്താനുള്ള നിര്‍ണായക സൂചന പോലീസിന് കൈമാറിയത്.
പിടിയിലായത് 26 ദിവസം ഒളിവില്‍ കഴിഞ്ഞശേഷം
മകള്‍ വൈഗയുടെ മരണത്തിനുശേഷം ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷനായ പിതാവ് സനു മോഹന്‍ പിടിയിലായത് 26 ദിവസം ഒളിവില്‍ കഴിഞ്ഞശേഷം. കര്‍ണാടകയില്‍നിന്നും അന്വേഷണ സംഘം ഇന്നലെ രാത്രിയില്‍ കൊച്ചിയിലെത്തിച്ച സനുവിനെ കൂടുതല്‍ ചോദ്യംചെയ്യലിനായി പ്രത്യേകകേന്ദ്രത്തിലേക്കു മാറ്റി. മകളെ താന്‍തന്നെ കൊലപ്പെടുത്തിയതാണെന്നു സനു സമ്മതിച്ചതായാണു സൂചന.
പിടികൂടുമ്പോള്‍ തീരെ അവശനിലയിലായിരുന്നു അയാള്‍. ആരോഗ്യം വീണ്ടെടുത്ത ശേഷം അന്വേഷണസംഘം ഇന്നു സനുവിനെ വിശദമായി ചോദ്യംചെയ്യും. കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ ഇന്ന് രാവിലെ 11.30 ന് അറസ്റ്റിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങളെ അറിയിക്കും.
കഴിഞ്ഞമാസം 22നാണു മുട്ടാര്പുഴയില്നിന്നു വൈഗയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. വൈഗയേയും സനു മോഹനേയും ആരോ കൊലപ്പെടുത്തി പുഴയില്‍ തള്ളിയതാവാമെന്ന സംശയത്തില്‍ അയാളുടെ ജഡംതേടി രണ്ടുദിവസം മുട്ടാര്‍പുഴയില്‍ അന്വേഷണ സംഘം തെരച്ചില്‍ നടത്തിയിരുന്നു.
മകളെ കൊലപ്പെടുത്തി പുഴയിലെറിഞ്ഞ ശേഷം സനുവുമായി അക്രമിസംഘം കടന്നതാണെന്ന സംശയവും ഉയര്‍ന്നു. ആവഴിക്കും അന്വേഷണം നീണ്ടു. അതിനിടെ, ഗോശ്രീ പാലത്തിനടിയില്‍ കണ്ട മൃതദേഹവും സനു മോഹന്റേതാണെന്ന സംശയം ഉയര്‍ന്നിരുന്നു.
26 ദിവസമായിട്ടും കേസില്‍ പുരോഗതിയില്ലാത്തതിനാല്‍ തുടരന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പ്പിക്കാനിരിക്കെയാണ് അയാള്‍ കൊല്ലൂരില്‍ ഉണ്ടെന്ന വിവരം അന്വേഷണസംഘത്തിനു കര്‍ണാടക പോലീസ് കൈമാറിയത്.






