
തിരുവനന്തപുരം: ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനു വിധേയയായ തന്റെ പരാതിയില്‍ മ്യൂസിയം പോലീസ് അന്വേഷണം നടത്തിയില്ലെന്ന് മുന്‍ ഡി.ജി.പി: ആര്. ശ്രീലേഖ. സാമൂഹിക മാധ്യമത്തില്‍ ശ്രീലേഖയുടെ കുറിപ്പ് വൈറലായതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ മ്യൂസിയം പോലീസ് പ്രതിയെ പിടികൂടി.
പോലീസിന്റെ കാര്യക്ഷമതമില്ലായ്മയെക്കുറിച്ച് വിമര്‍ശനം ഉന്നയിച്ച ശ്രീലേഖ പിന്നീട് തൃപ്തിയും രേഖപ്പെടുത്തി. സംസ്ഥാനത്തെ ആദ്യ വനിതാ ഡി.ജി.പി. എന്ന ഖ്യാതിയോടെ മൂന്നുമാസം മുമ്പ് സര്‍വീസില്‍നിന്നു വിരമിച്ച ശ്രീലേഖ പോലീസില്‍നിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ച് പോസ്റ്റിട്ടത് വൈറലായിരുന്നു.
തനിക്ക് 1700 രൂപയുടെ നഷ്ടം ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിലൂടെ ഉണ്ടായതായി അവര്‍ വ്യക്തമാക്കി. ഉടന്‍തന്നെ മ്യൂസിയം സി.ഐയെ വിളിച്ച് പരാതി പറയുകയും ഇ-മെയില്‍ ചെയ്യുകയും ചെയ്തു. എന്നിട്ടും പോലീസ് അനങ്ങിയില്ലെന്നായിരുന്നു ആദ്യ പോസ്റ്റ്.






