
കൊട്ടാരക്കര: നാലോളം മുഖ്യമന്ത്രിമാര്‍ക്ക് കീഴില്‍ മന്ത്രിസഭയില്‍ സേവനം അനുഷ്ഠിച്ചതിന്റെ രാഷ്ട്രീയ പാരമ്പര്യം അനന്യമാക്കുമ്പോഴും കേരള രാഷ്ട്രീയത്തില്‍ ജയില്‍വാസം അടക്കം അനേകം തിരിച്ചടികള്‍ കിട്ടിയ നേതാവ് കൂടിയാണ് ആര്. ബാലകൃഷ്ണപിള്ള.
അഴിമതി ക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ പോയ കേരളത്തിലെ ആദ്യത്തെ മന്ത്രി കൂടിയാണ് ബാലകൃഷ്ണപിള്ള. ഇടമലയാര്‍ കേസില്‍ 2011 ല്‍ സുപ്രീംകോടതി തടവു ശിക്ഷക്ക് വിധിച്ചതോടെ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ പോയ കേരളത്തിലെ ആദ്യത്തെ മന്ത്രിയുമായി
കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. മന്ത്രിസഭയില്‍ വൈദ്യുത മന്ത്രിയായിരുന്ന കാലത്ത് ഇടമലയാര്‍ ജലവൈദ്യുത പദ്ധതിയില്‍ കരാര്‍ കൊടുത്തതില്‍ കൃത്രിമത്വം നടത്തിയെന്നായിരുന്നു ബാലകൃഷ്ണപിള്ളയ്ക്ക് എതിരേ ഉയര്‍ന്ന ആരോപണം. ഇടമലയാര്‍ ടണല്‍ നിര്‍മാണത്തിനായി നല്കിയ ടെണ്ടറില്‍ ക്രമക്കേടുകള്‍ ഉണ്ടെന്നും മൂന്നുകോടിയില്‍ കൂടുതല്‍ തുക സര്‍ക്കാരിന് നഷ്ടമുണ്ടായെന്നായിരുന്നു വിജിലന്‍സ് കേസിലെ ആരോപണം. ജെസ്റ്റിസ് കെ.സുകുമാരന്‍ കമ്മീഷന്റെ ശുപാര്‍ശയെ തുടര്‍ന്നായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്.
വി.എസ്. അച്യുതാനന്ദന് നടത്തിയ അസാധാരണ നിയമ പോരാട്ടത്തിനൊടുവിലായിരുന്നു ശിക്ഷിക്കപ്പെട്ടത്. ഒരു വര്‍ഷത്തെ കഠിനതടവും 10000 രൂപ പിഴയുമായിരുന്നു വിധി. കരാറുകാരന് പി.കെ. സജീവന്, മുന്‍; കെഎസ്ഇബി ചെയര്മാന് രാമഭദ്രന് നായര്‍ എന്നിവരേയും കോടതി ശിക്ഷിച്ചു. എന്നാല്‍ ഒരു വര്‍ഷത്തെ ശിക്ഷയില്‍ 60 ദിവസം മാത്രമായിരുന്നു ബാലകൃഷ്ണപിള്ള ജയിലില്‍ കഴിഞ്ഞത്. 75 ദിവസം പരോള്‍ കിട്ടിയ അദ്ദേഹത്തെ കേരളപ്പിറവിയോട് അനുബന്ധിച്ച് ശിക്ഷാ ഇളവ് ലഭിച്ച 138 തടവുകാര്‍ക്കൊപ്പം ശിക്ഷായിളവ് നല്കി വിട്ടയച്ചു.
നിയമപോരാട്ടം കാല് നൂറ്റാണ്ട് നീണ്ടു. കേസില്‍ ബാലകൃഷ്ണ പിള്ളയെ വെറുതെ വിട്ട ഹൈക്കോടതി വിധിയ്ക്കെതിരെയാണ് വിഎസ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. 2011 ല്‍ ആയിരുന്നു സുപ്രീംകോടതി ശിക്ഷ വിധിച്ചു.
1990 ഡിസംബര്‍ 14ന് പ്രത്യേക വിജിലന്‍സ് സംഘം കൊച്ചിയിലെ ഇടമലയാര്‍ പ്രത്യേക കോടതിയില്‍ കുറ്റപത്രം നല്കി. കേസില്‍ ആകെ 22 പ്രതികള്‍ ഉണ്ടായിരുന്നു. ചില പ്രതികള്‍ മരിച്ചുപോകുകയും ചിലരെ കോടതി ഒഴുവാക്കുകയും ചെയ്തതോടെ പ്രതികളുടെ എണ്ണം 11 ആയി. വിചാരണ ആരംഭിക്കാനും തടസങ്ങളുണ്ടായി. കുറ്റപത്രം റദ്ദാക്കാന്‍ പിള്ള ഉള്‍പ്പെടെയുള്ള പ്രതികള്‍ ഹൈക്കോടതിയും സുപ്രീം കോടതിയും കയറിയിറങ്ങി. പക്ഷേ വിജയിച്ചില്ല. ഒടുവില്‍ 1997ല്‍ കേസിന്റെ വിചാരണ തുടങ്ങി. വിചാരണ കോടതി ബാലകൃഷ്ണപിള്ള കുറ്റക്കാരനെന്ന് കണ്ടെത്തി.
പിള്ളയ്ക്കും മറ്റ് രണ്ട് പേര്‍ക്കും 1999 ല്‍ അഞ്ച് വര്‍ഷം ശിക്ഷയും വിധിച്ചു. എന്നാല്‍ 2003 ഒക്ടോബര്‍ 31ന് ഈ വിധി ഹൈക്കോടതി റദ്ദാക്കി. പിള്ളയുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ അപ്പീലും കോടതി തള്ളി. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കാത്തതിനെ തുടന്ന് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യതാന്ദന്‍ സുപ്രീം കോടതിയെ സമീപിച്ചത്. 1985 ല്‍ പഞ്ചാബ് മോഡല്‍ എന്ന പേരില്‍ വിവാദമായ പ്രസംഗത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നയാളാണ് ആര്. ബാലകൃഷ്ണപിള്ള.






