
ഒരു ക്രിസ്മസ് കാലം. ടൗണില്‍ നാടോടികളായി കഴിയുന്നവരുമായി ക്രിസ്മസിന്റെ സന്തോഷം പങ്കുവയ്ക്കാന്‍ ആഗ്രഹിച്ച ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത, അവരെ സംഘടിപ്പിക്കാന്‍ തിരുവല്ല വൈ.എം.സി.എ. സെക്രട്ടറിയായ ജോയി ജോണിനോട് ആവശ്യപ്പെട്ടു.
സ്ത്രീകളും കുട്ടികളുമടക്കം എണ്‍പതോളംപേരെ വൈ.എം.സി.എയിലെ ഷട്ടില്‍ കോര്‍ട്ടില്‍ വിളിച്ചുചേര്‍ത്തു.
അവരുടെ നടുക്കായി കസേരയിട്ടിരുന്നു മെത്രാപ്പോലീത്ത സംസാരിച്ചു. പക്ഷേ, മലയാളഭാഷ വശമില്ലാതിരുന്ന അവര്‍ക്കു മെത്രാപ്പോലീത്ത പറയുന്നതു മനസിലായില്ല. പെട്ടെന്ന് ഒരു കൊച്ചു ബാലന് ചാടിയെണീറ്റ് മെത്രാപ്പോലീത്ത പറയുന്നത് അവര്‍ക്കും അവര്‍ പറയുന്നതു തിരിച്ചും പരിഭാഷപ്പെടുത്തിക്കൊടുത്തു. സുബ്രഹ്മണ്യന് എന്ന ആ ബാലന് പില്ക്കാലത്ത് വലിയ തിരുമേനിയുടെ വലിയ സുഹൃത്തായി മാറുകയുംചെയ്തു.
കൂട്ടംകൂടി നിന്ന നാടോടികളോട് മെത്രാപ്പോലീത്ത പറഞ്ഞു. നിങ്ങള്‍ 10 രൂപ വീതം നല്‍കണം. ഞാന്‍ നിങ്ങള്‍ക്ക് രാത്രി ഭക്ഷണവും ക്രിസ്മസിന്റെ പുതിയ വസ്ത്രങ്ങളും നല്‍കും. അവര്‍ക്കതു സമ്മതമായിരുന്നു. അവരെയും കൂട്ടി തിരുവല്ലയിലെ അന്നത്തെ ഏറ്റവും മുന്തിയ വസ്ത്രശാലയില്‍ കയറി അവര്‍ക്കിഷ്ടമുള്ള വസ്ത്രങ്ങളെടുത്തു നല്കി. വൈ.എം.സി.എയില്‍നിന്ന് അവരോടൊപ്പം ഭക്ഷണവും കഴിച്ചു. പിന്നീടും കൊച്ചു സുബ്രഹ്മണ്യനുമായി മെത്രാപ്പോലീത്ത ചങ്ങാത്തം തുടര്‍ന്നു. ലോട്ടറിക്കച്ചവടം ചെയ്യാനായി സുബ്രഹ്മണ്യനു സൈക്കിള്‍ വാങ്ങി നല്കി.
പിന്നീടു മെത്രാപ്പോലീത്തയുടെ നിര്‍ദേശപ്രകാരം സുബ്രഹ്മണ്യന് വൈ.എം.സി.എയില്‍ പ്യൂണായി ജോലി നല്കി. ജോലിക്കൊപ്പം പത്താം ക്ലാസിലെ പരീക്ഷയ്ക്കായി പഠനവും ആരംഭിച്ചു. അവനും അമ്മയ്ക്കും താമസിക്കുന്നതിനായി റെയില്‍വേ സ്റ്റേഷനു സമീപം അഞ്ച് സെന്റ് സ്ഥലവും വീടും വാങ്ങി നല്കി. പിന്നീട്, 10 -ാം ക്ലാസ് പാസായി സുബ്രഹ്മണ്യന് ഹയര്‍ സെക്കന്‍ഡറി കോഴ്സിനൊപ്പം ഡ്രൈവിങ്ങും പഠിച്ചു.
നിലവില്‍ വൈ.എം.സി.എ. വികാസ് സ്കൂള്‍ വാന്‍ ഡ്രൈവറായി ജോലിചെയ്യുന്നു. 2016 ല്‍ നടന്ന സുബ്രഹ്മണ്യന്റെ വിവാഹ, സല്‍ക്കാര ചടങ്ങുകളില്‍ വലിയ മെത്രാപ്പോലീത്ത പങ്കെടുത്തിരുന്നു. ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍നിന്നു വന്ന അന്നത്തെ നാടോടിക്കൂട്ടങ്ങളിലുള്ളവര് എവിടെയെന്നുപോലും സുബ്രഹ്മണ്യന് ഇപ്പോള്‍ അറിയില്ല. അലഞ്ഞുനടന്നിരുന്ന തന്നെയും അമ്മയെയും പുനരധിവസിപ്പിച്ച്, ജീവിക്കാന്‍ അവസരം തന്നെ "തിരുമേനിയപ്പച്ചനെ" പ്പറ്റി പറയുമ്പോള്‍ സുബ്രഹ്മണ്യന്റെ സ്വരത്തില്‍ ഇടര്‍ച്ച.
24 മണിക്കൂറും തിരുമേനിയപ്പച്ചനെ കാണാനുള്ള അവസരം തനിക്കു ലഭ്യമായിരുന്നുവെന്നും സുബ്രഹ്മണ്യന് പറഞ്ഞു. മൂത്ത കുഞ്ഞ് ജനിച്ചപ്പോള്‍ കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയില്‍ കൊണ്ടുപോയി മെത്രാപ്പോലീത്തയെ കാണിച്ച് തലയില്‍ കൈവച്ച് പ്രാര്‍ഥിപ്പിച്ചിരുന്നു. രണ്ടാമത്തെ കുഞ്ഞിനെ തിരുമേനിയപ്പച്ചനെ കാണിക്കാന്‍ കോവിഡ് അവസരം തന്നില്ലെന്ന ദുഃഖത്തിലാണ് സുബ്രഹ്മണ്യന്.






