
ലണ്ടന്‍: യുറോപ്പിലെ ഫുട്ബോള്‍ വീരന്മാരുടെ കിരീടം ഇത്തവണ ഇംഗ്ളണ്ടില്‍ എത്തുമെന്ന് ഉറപ്പായി. യുവേഫാ ചാംപ്യന്‍സ് ലീഗ് ഫുട്ബോളിന്റെ കലാശപ്പോരില്‍ പ്രീമിയര്‍ ലീഗ് ചാംപ്യന്മാര്ക്ക് എതിരാളിയാകുക മുന്‍ ചാംപ്യന്മാര് ചെല്‍സി. ഇന്നലെ നടന്ന രണ്ടാം സെമിയില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിനെ ഏകപക്ഷീയമായ രണ്ടു ഗോളിന് ചെല്‍സി മുക്കി. 1-1 സമനിലയില്‍ ആദ്യപാദ മത്സരത്തില്‍ രക്ഷപ്പെട്ട ചെല്‍സി രണ്ടാം പാദത്തില്‍ സ്വന്തം തട്ടകത്തില്‍ സെര്‍ജി റാമോസിനെയും സംഘത്തെയും പരാജയപ്പെടുത്തി.
തിമോ വെര്‍ണറും മൗണ്ടുമായിരുന്നു ചെല്‍സിയുടെ സ്കോറര്‍മാര്‍. ചെല്‍സിയുടെ അതിവേഗ ഫുട്ബോളിനെ റയലിന് നേരിടാനേ കഴിഞ്ഞില്ല. പഴയ ക്ലബ്ബിലെ കൂട്ടുകാര്‍ ചാംപ്യന്‍സ് ലീഗ് ഫൈനല്‍ കളിക്കാനൊരുങ്ങുമ്പോള്‍ ചെല്‍സിയില്‍ നിന്നും മാഡ്രിഡിലേക്ക് എത്തിയ ബല്‍ജിയന്‍ താരം ഈഡന് ഹസാര്‍ഡ് നിരാശയോടെ കളം വിടേണ്ടിവന്നു. തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടക്കുന്ന ഫൈനലില്‍ ചെല്‍സിയുടെ എതിരാളിയാകുക മാഞ്ചസ്റ്റര്‍ സിറ്റിയാണ്. 2012 ന് ശേഷം ഇതാദ്യമായിട്ടാണ് ചെല്‍സി ചാംപ്യന്‍സ് ലീഗ് ഫൈനല്‍ കളിക്കുന്നത്. ഇതുവരെ അഞ്ചു തവണ ഏറ്റുമുട്ടിയിട്ടും ഒരു തവണ പോലും ചെല്‍സിയെ തോല്‍പ്പിക്കാന്‍ റയലിന് കഴിഞ്ഞിട്ടില്ല. രണ്ടു കളി സമനിലയില്‍ ആയപ്പോള്‍ മൂന്ന് കളികളിലും റയല്‍ ചെല്‍സിയോട് പരാജയപ്പെട്ടു.
ചെല്‍സി കൂടി ജയിച്ചതോടെ രണ്ടു ഇംഗ്ളീഷ് ക്ലബ്ബുകളാണ് ഫൈനല്‍ കളിക്കുന്നത്. 2008 ലും 2012 ലും ഫൈനല്‍ കളിച്ച ചെല്‍സി മൂന്നാം തവണയാണ് ഫൈനലിന് യോഗ്യത നേടിയത്. അതേസമയം 13 തവണ ചാംപ്യന്മാരായ റയലിനെയാണ് അവര്‍ വീഴ്ത്തിയത്. നാലു തവണ വീതം ഫൈനല്‍ കളിച്ചിട്ടുള്ള ലിവര്‍പൂളും മാഞ്ചസ്റ്റര്‍ യുണൈറ്റഡുമാണ് ഇംഗ്ളീഷ് ക്ലബ്ബുകളില്‍ ഫൈനല്‍ കൂടുതല്‍ കളിച്ചിട്ടുള്ളവര്‍. വിജയത്തോടെ തുടര്‍ച്ചയോടെ രണ്ടു തവണ രണ്ടു ക്ലബ്ബുകളുമായി ഫൈനല്‍ കളിക്കാനെത്തുന്ന മാനേജരായി ജര്‍മ്മനിക്കാരനായ ചെല്‍സിയുടെ മാനേജര്‍ ടുഷേല്‍ മാറി. കഴിഞ്ഞ തവണ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുമായി ടുഷേല്‍ ഫൈനല്‍ കളിച്ചിരുന്നു.






