
ന്യൂഡല്‍ഹി: മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ പോലും ഒരു മുസ്ലീം സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കാന്‍ കഴിയാതെ അസമില്‍ ബിജെപി. എട്ടു മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ ബിജെപിയ്ക്കായി മത്സരിച്ചിട്ടും എട്ടുപേരും തോല്‍വി ഏറ്റുവാങ്ങിയതോടെ അസമിലെ ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച പിരിച്ചുവിട്ടു. ബിജെപിയുടെ എട്ടു പേര്‍ക്ക് പുറമേ എന്‍ഡിഎയിലെ അസം ഗണപരിഷത്തും യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടിയും ഇറക്കിയവരും തോറ്റു.
എന്‍ഡിഎ സഖ്യം 75 സീറ്റുകള്‍ നേടി അധികാര തുടര്‍ച്ച നേടിയെങ്കിലും ന്യൂനപക്ഷ വിരുദ്ധതയെന്ന പേര് മായ്ക്കാനാണ് ബിജെപി മുസ്ലീം സ്ഥാനാര്‍ത്ഥികളെ പരീക്ഷിച്ചത്. എന്നാല്‍ ബിജെപിയ്ക്കും സഖ്യകക്ഷികള്‍ക്കും ആരേയും ജയിപ്പിക്കാനായില്ല. മുസ്ലിം ഭൂരിപക്ഷ മേഖലകളായ പടിഞ്ഞാറന്‍ അസം, ഉത്തര, മധ്യ അസം എന്നിവിടങ്ങളിലായിരുന്നു എട്ട് മുസ് ലിം സ്ഥാനാര്‍ത്ഥികളെ ബിജെപി നിര്‍ത്തിയത്. പിരിച്ചുവിട്ട ന്യൂനപക്ഷ സ്ഥിതിഗതികള്‍ വിശദമായി പഠിച്ച ശേഷം ന്യൂനപക്ഷ മോര്‍ച്ച പുന:സംഘടിപ്പിക്കാനാണ് തീരുമാനം.
സംസ്ഥാനത്തെ 31 മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ എല്ലാം മഹാസഖ്യത്തിലുള്ള കോണ്‍ഗ്രസും എ.ഐ.യു.ഡി.എഫും പിടിച്ചു. കോണ്‍ഗ്രസ് 16, എ.ഐ.യു.ഡി.എഫ് 15 വീതം സീറ്റുകളിലാണ് ജയിച്ചത്. ഏഴു പേരെങ്കിലും ജയിക്കുമെന്നും ബിജെപി കരുതിയിരുന്നു. 20,21 അംഗങ്ങളുള്ള ബൂത്ത് കമ്മറ്റികളില്‍ നിന്നും 20 വോട്ടുകള്‍ പോലും കിട്ടിയില്ലെന്ന് അസം ബിജെപി പ്രസിഡന്റ് രഞ്ജിത് കുമാര്‍ ദാസ് പറഞ്ഞു. 2016 തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ന്യൂനപക്ഷത്തില്‍ നിന്നും കിട്ടിയ ഏക എംഎല്‍എയും സ്പീക്കറുമായിരുന്ന അമിനുള്‍ ഹക്ക് ലാസ്ക്കറും പരാജയപ്പെട്ടു.
സോനായിയില് നിന്നും മത്സരിച്ച ഇദ്ദേഹം എ.ഐ.യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കരിം ഉദ്ദിന്‍ ബാര്ഭൂയിയയോടാണ് തോറ്റത്. തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഒറ്റയ്ക്ക് 60 സീറ്റുകള്‍ കിട്ടിയിരുന്നു. 2016 ലും ബിജെപിയ്ക്ക് ഇതേ സീറ്റുകള്‍ തന്നെയാണ് കിട്ടിയത്. മഹാസഖ്യത്തില്‍ പെട്ട സിപിഎമ്മും ബോഡോലാന്റ് പീപ്പിള്‍ ഫ്രണ്ടും 50 സീറ്റുകളില്‍ ജയിച്ചു. 3.12 കോടി മുസ്ളീങ്ങളുള്ള അസമില്‍ 34 ശതമാനമാണ് ന്യൂനപക്ഷങ്ങളുടെ വോട്ടുഷെയര്‍. നിയമസഭയിലേക്കുള്ള 30-35 സീറ്റുകള്‍ മുസ്ളീം ഏരിയയിലാണ്.






