
ചെന്നൈ: തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം പാര്‍ട്ടി വന്‍ തിരിച്ചടി ഏറ്റുവാങ്ങിയതിന് പിന്നാലെ പാര്‍ട്ടിയെ ഉപേക്ഷിച്ച ഉപാദ്ധ്യക്ഷന്‍ ആര് മഹേന്ദ്രനെതിരേ രൂക്ഷമായ വിമര്‍ശനവുമായി നടന് കമല്ഹാസന്. പാര്‍ട്ടിയുടെ ഉപാദ്ധ്യക്ഷ സ്ഥാനത്തിന് പുറമേ പ്രാഥമികാംഗത്വവും രാജിവെച്ച ആര് മഹേന്ദ്രനെ 'ഒറ്റുകാരന്' എന്നായിരുന്നു മക്കള്‍ നീതി മയ്യം പ്രസിഡന്റ് കമല്ഹാസന് വിശേഷിപ്പിച്ചത്. പാര്‍ട്ടിയില്‍ ജനാധിപത്യം നഷ്ടമായി എന്നാരോപിച്ചാണ് മഹേന്ദ്രന് പാര്‍ട്ടി വിട്ടത്. മഹേന്ദ്രനെ മാര്ട്ടിയില് നിന്നും കമല്‍ പുറത്താക്കുകയും ചെയ്തു.
പാര്‍ട്ടിയില്‍ നിന്നും ഒരു കളയെ പറിച്ചുകളഞ്ഞു എന്നായിരുന്നു കമലിന്റെ പ്രതികരണം. പാര്‍ട്ടിയിലെ രണ്ടാമന് എന്ന നിലയില്‍ പരിഗണിക്കപ്പെട്ടിരുന്ന മഹേന്ദ്രന് താന്‍ പോകുന്ന കൂട്ടത്തില്‍ പാര്‍ട്ടിയുടെ സുപ്രധാന പദവിയിലുള്ള മറ്റ് ആറ് പേര് കൂടി രാജിവെയ്ക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് നടന്ന തമിഴ്നാട്ടിലെ 234 സീറ്റുകളില്‍ മത്സരിച്ച എംഎന്‍എമ്മിന് ഒരു സീറ്റുകളില്‍ പോലും വിജയം നേടാനായിരുന്നില്ല. കോയമ്പത്തൂരിലെ സിംഗനല്ലൂരില്‍ നിന്നും മഹേന്ദ്രനും മത്സരിച്ചിരുന്നു. പാര്‍ട്ടി പദവികളില്‍ നിന്നും പ്രാഥമികാംഗത്വത്തില്‍ നിന്നും പിന്മാറുന്നതായി കാട്ടി പാര്‍ട്ടിനേതാവ് കമല്ഹാസന് താന്‍ കത്തയച്ചിട്ടുണ്ടെന്ന് മഹേന്ദ്രന് പറഞ്ഞു. പാര്‍ട്ടിയുടെ നിയന്ത്രണം കമലിന് നഷ്ടമായെന്നും ഏതാനും ഉപദേശകര്‍ പാര്‍ട്ടിക്ക് മുകളിലേക്ക് ഉയര്‍ന്നിരിക്കുകയാണെന്നും മഹേന്ദ്രന് ആക്ഷേപം ഉന്നയിച്ചു. പാര്‍ട്ടിക്കുള്ളില്‍ ഭിന്നിപ്പിച്ചു ഭരിക്കുന്ന ഗ്രൂപ്പുകള്‍ കളിക്കുകയും ഇടപെടുകയും ചെയ്യുന്നെന്നും ജനാധിപത്യ സ്വഭാവം പാര്‍ട്ടിയില്‍ നഷ്ടമായെന്നും മഹേന്ദ്രന് ആരോപിച്ചു.
അനേകര്‍ പ്രതീക്ഷയോടെ കഠിനാദ്ധ്വാനം ചെയ്തതാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എല്ലാം മാറിഞ്ഞു. എന്നിട്ടും താന്‍ കമലിനൊപ്പം നിന്നു. എന്നാല്‍ കമലിന്റെ സമീപനത്തില്‍ ഒരു മാറ്റവുമില്ലെന്ന് കഴിഞ്ഞ മാസം തിരിച്ചറിഞ്ഞെന്നും പറഞ്ഞു. അതേസമയം മഹേന്ദ്രനൊപ്പം പാര്‍ട്ടിയിലെ സീനിയര്‍ നേതാക്കളായ എ.ജി. മൗര്യ, എം. മുരുഗാനന്ദം, സി.കെ. കുമാരമേവല്, ഉപാദേവി എന്നിവരും രാജിക്കത്ത് നല്‍കിയിട്ടുണ്ട്. തമിഴ്നാട്ടില്‍ കാര്യമായ മാറ്റം കൊണ്ടുവരാനായിരുന്നു തന്റെ ശ്രമം. ഏപ്രില്‍ 6 ന് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ കാര്യക്ഷമമായി തന്നെ പണിയെടുക്കുകയും ചെയ്തു. എന്നാല്‍ ഒരേ സമയം ശത്രുക്കളെയും ഒറ്റുകാരെയും ഒരു പോലെ നേരിടേണ്ട സ്ഥിതിയായിരുന്നു പാര്‍ട്ടിക്കെന്നും അജ്ഞാതരായ കളകളും ഒറ്റുകരും ഒരുപോലെ പ്രവര്‍ത്തിക്കുകയായിരുന്നു എന്നും പറഞ്ഞു.
തന്റെ കഴിവില്ലായ്മയ്ക്കും സത്യസന്ധതയില്ലായ്മയ്ക്കും മഹേന്ദ്രന് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് സഹതാപം ഉണ്ടാക്കാന്‍ വേണ്ടിയാണ്. തന്നെ പുറത്താക്കുമെന്ന് നേരത്തേ മനസ്സിലാക്കി അയാള്‍ ബുദ്ധിപരമായി നടത്തിയ നീക്കമാണ് രാജി. ഇത്തരത്തിലുള്ള കളകളെ നേരത്തേ തന്നെ മനസ്സിലാക്കി പറിച്ചു കളയുന്നതില്‍ താന്‍ സന്തോഷവാനാണെന്നും പാര്‍ട്ടിക്ക് ഇനി വരാനിരിക്കുന്നത് നല്ലകാലമാണ്. തന്റെ ജീവിതം എപ്പോഴും സുതാര്യമാണെന്നും തെറ്റുകള്‍ മറച്ചുവെയ്ക്കാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും പ്രവര്‍ത്തകര്‍ നിരാശരാകരുതെന്നും കമല്‍ പറഞ്ഞു.






