
മാഡ്രിഡ്: യൂറോപ്പിലെ സുപ്രധാന ഫുട്ബോള്‍ ലീഗുകളില്‍ കിരീടപോരാട്ടം അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പോരാട്ടം ഇഞ്ചോടിഞ്ച് മുറുകുന്നു. യൂറോപ്പ്യന്‍ ലീഗുകളിലെല്ലാം നിലവിലെ ചാംപ്യന്മാര് വലയുയാണ്. സ്പാനിഷ് ലാലിഗയില്‍ റയലും ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസും ഫ്രഞ്ച് ലീഗില്‍ പിഎസ്ജിയും കിരീടത്തില്‍ നിന്നും അകലെയാണ്. അതേസമയം ബയേണ്‍ മ്യൂണിക്ക് കുതിപ്പ് തുടരുന്ന ജര്‍മ്മന്‍ ലീഗില്‍ കരുത്തരായ ബോറൂഷ്യ ഡോര്‍ട്ട്മുണ്ടാണ് പ്രതിസന്ധി അനുഭവിക്കുന്നത്.
ലാലിഗയില്‍ റയലിനും ബാഴ്സയ്ക്കും സമനിലക്കുരുക്ക്
ചാംപ്യന്‍ പട്ടത്തിനായി പോര് മുറുകുന്ന സ്പാനിഷ് ലാലിഗയില്‍ രണ്ടു പോയിന്റ് അകലത്തില്‍ രണ്ടാമതാണ് ചാംപ്യന്മാരായ റയല്‍. ഇന്നലെ മുന്നിലെത്താനുള്ള അവസരം അവര്‍ നഷ്ടപ്പെടുത്തി. എതിരാളികളായ സെവിയ്യ റയലിനെ സമനിലയില്‍ കുരുക്കി. പരാജയത്തിന്റെ വക്കില്‍ നിന്നും റയല്‍ കഷ്ടിച്ചു കയറുകയായിരുന്നു. ഇഞ്ചുറി സമയത്ത് ബെല്‍ജിയം സൂപ്പര്‍താരം ഈഡന് ഹസാര്‍ഡിന്റെ ഗോളായിരുന്നു റയലിനെ രക്ഷപ്പെടുത്തിയത്.
കളിയില്‍ രണ്ടു തവണ ലീഡ് എടുത്ത ശേഷമാണ് സെവിയ്യ പിന്നില്‍ പോയത്. സെവിയ്യയ്ക്കായി റെഗാസും ഇവാന് റാക്കിട്ടിക്കും ഗോളുകള്‍ നേടിയപ്പോള്‍ പകരക്കാരനായി എത്തിയ അസന്‍സിയോ ആയിരുന്നു റയലിനായി ആദ്യം സ്കോര്‍ ചെയ്തത്. ഫെര്‍ണാണ്ടോ റഗാസിന്റെ 22 ാം മിനിറ്റിലെ ഗോളില്‍ മുന്നിലെത്തിയ റയലിനെ 66 ാം മിനിറ്റില്‍ പകരക്കാരനായി എത്തിയ അസന്‍സിയോ ഒപ്പമെത്തിക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ മിലിട്ടാവോയുടെ കയ്യില്‍ പന്തു തട്ടിയതിനെ തുടര്‍ന്ന് കിട്ടിയ പെനാല്‍റ്റി റാക്കിട്ടിക് വീണ്ടും ഗോളാക്കി. തുടര്‍ന്നായിരുന്നു ഇഞ്ചുറി സമയത്ത് ഹസാഡിന്റെ ഗോള്‍ വന്നത്.
കളിയുടെ 12 ാം മിനിറ്റില്‍ തന്നെ കരീം ബെന്‍സേമ റയലിനായി സ്കോര്‍ ചെയ്തതാണ്. ഒഡ്രിയോസോളയുടെ ക്രോസില്‍ നിന്നും ഹെഡ്ഡറിലൂടെ വലകുലുക്കി. എന്നാല്‍ വാറില്‍ പിടിക്കപ്പെട്ടു. ഓഫ്സൈഡ് വിധിച്ചു. ഇതോടെ ലീഗ് പട്ടികയില്‍ അത്ലറ്റിക്കോ മാഡ്രിഡിന് പിന്നില്‍ രണ്ടാം സ്ഥാനത്ത് റയല്‍ തുടരുകയാണ്. 75 പോയിന്റുള്ള റയല്‍ രണ്ടാമതാണെങ്കിലും അത്രയും തന്നെ പോയിന്റും മൂന്ന് മത്സരങ്ങള്‍ ബാക്കിയുമുള്ള ബാഴ്സിലോണ മൂന്നാം സ്ഥാനത്തുണ്ട്. 77 പോയിന്റുമായി ഒന്നാമതുള്ള അത്ലറ്റിക്കോയുമായി ബാഴ്സിലോണ കഴിഞ്ഞ മത്സരത്തില്‍ ഗോള്‍രഹിത സമനിലയില്‍ കുരുങ്ങിയിരുന്നു. 71 പോയിന്റുമായി നാലാമതാണ് സെവിയ്യ.
യുവന്റസിന് വമ്പന്‍ തോല്‍വി
ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ സാന്നിദ്ധ്യത്തില്‍ യുവന്റസ് തോറ്റത് 3-0 നായിരുന്നു. ഡിയാസ്, റെബിക്, ടോമോറി എന്നിവര്‍ എ.സി. മിലാനായി സ്കോര്‍ ചെയ്തു. തോല്‍വിയോടെ അടുത്ത യുവേഫാ ചാംപ്യന്‍സ് ലീഗില്‍ നിന്നുപോലും യുവന്റസ് പുറത്താകുമെന്ന സ്ഥിതിയിലായി. നിലവില്‍ പട്ടികയില്‍ മുന്നാമതാണ് എ.സി. മിലാന്. 85 പോയിന്റുള്ള ഇന്റര്‍മിലാനാണ് പട്ടികയില്‍ ഒന്നാമത്.
പിഎസ്ജി കപ്പിനും ലില്ലിയ്ക്കും ഇടയില്‍
ഫ്രഞ്ച് ലീഗില്‍ കിരീടപോരാട്ടത്തില്‍ പിഎസ്ജിയും പ്രതിസന്ധിയിലാണ്. ദുര്‍ബ്ബലരായ റെന്നേഴ്സ് അവരെ ഇന്നലെ ഒരു ഗോള്‍ സമനിലയില്‍ പിടിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ നെയ്മര്‍ നേടിയ ഗോളിന് പിഎസ്ജി ലീഡ് നേടിയെജ്കിലും ഗുയിരാസി റെന്നേഴ്സിനെ ഒപ്പം പിടിച്ചു. 87 ാം മിനിറ്റില്‍ പിഎസ്ജിയുടെ കിംപെപേ ചുവപ്പ് കാര്‍ഡ് കണ്ടു. പട്ടികയില്‍ 79 പോയിന്റുമായി ഒന്നാമതുള്ള ലില്ലിയേക്കാള്‍ മൂന്ന് പോയിന്റ് പുറകിലാണ് പിഎസ്ജി.
ബയേണിന്റെ വിജയക്കുതിപ്പ് ; ബോറൂഷ്യ നാലാമത്
ജര്മ്മന്ലീഗില് വലയുന്നത് കരുത്തരായ ബോറൂഷ്യഡോര്ട്ട്മുണ്ടാണ്. പട്ടികയില്‍ നാലാം സ്ഥാനക്കാരായ അവര്‍ നിലവിലെ റണ്ണറപ്പുകളാണ്. ഇന്നലെ നടന്ന മത്സരത്തില്‍ അവര്‍ ടേബിളില്‍ രണ്ടാമതുള്ള ലീപ്സിഗിനെ 3-2 ന് വീഴ്ത്തിയിരുന്നു. റൂസും സാഞ്ചോയുടെ ഇരട്ടഗോളുകളും തുണയയാപ്പോള് ക്ളോസ്റ്റര്മാനും ഒല്മോയുമായിരുന്നു എതിരാളികളുടെ സ്കോറര്‍മാര്‍.
അതേസമയം ചാംപ്യന്മാരായ ബയേണ്‍ മ്യൂണിക്ക് ലീപ് സിഗുമായുള്ള അകലം പത്തു പോയിന്റാക്കി. ഇന്നലെ നടന്ന മത്സരത്തില്‍ ബോറുഷ്യ മോണ്‍ഷെന്‍ ഗ്ളാഡ്ബാക്കിനെ അവര്‍ 6-0 നാണ് മുക്കിയത്. ലെവന്‍ഡോവ്സ്ക്കി ഹാട്രിക് നേടി. കോമാനും സാനേയും ആയിരുന്നു മറ്റ് സ്കോറര്‍മാര്‍. 75 ാം മിനിറ്റില്‍ നിയാന്‍സു ചുവപ്പ് കാര്‍ഡ് കണ്ടത് അവര്‍ക്ക് തടയായില്ല.






