
മാഡ്രിഡ്: ഫോട്ടോഫിനിഷിലേക്ക് നീങ്ങുന്ന സ്പാനിഷ് ലീഗ് ഫുട്ബോളില്‍ അത്ലറ്റിക്കോ മാഡ്രിഡ് കിരീടത്തിനരികെ. ഇന്നലെ നടന്ന മത്സരത്തില്‍ റീയല്‍ സോസിഡാഡിനെതിരേ വിജയം നേടിയതോടെ അവര്‍ കിരീടം നേടാനുള്ള സാധ്യത ശക്തമായി. രണ്ടു മത്സരങ്ങള്‍ ഇനിയും ബാക്കി കിടക്കെ രണ്ടാം സ്ഥാനക്കാരായ ബാഴ്സിലോണയേക്കാള്‍ നാലു പോയിന്റ് മുന്നിലാണ് അത്ലറ്റിക്കോ മാഡ്രിഡ്.
ഇന്നലെ നടന്ന മത്സരത്തില്‍ യാന്നിക് കരാസ്ക്കോയും ഏയ്ഞ്ചല്‍ കൊറിയോയുമായിരുന്നു അത്ലറ്റിക്കോയുടെ സ്കോറര്‍മാര്‍. സുബെല്ദിയ രണ്ടാം പകുതിയില്‍ ഒരു ഗോള്‍ മടക്കി. അടുത്ത രണ്ടു മത്സരങ്ങളില്‍ പരാജയം അറിയാതിരുന്നാല്‍ 11 ാം തവണ അത്ലറ്റിക്കോയ്ക്ക് കപ്പ് ഉയര്‍ത്താനാകും. ഞായറാഴ്ച ലീഗ് ടേബിളില്‍ 11 ാമതുള്ള ഒസാസുനയ്ക്ക് എതിരേ ഹോം മാച്ചും 18 ാം തീയതി റീയല്‍ വലഡോയ്ഡിന് എതിരേയുമാണ് അത്ലറ്റിക്കോയുടെ മത്സരങ്ങള്‍. രണ്ടും അവര്‍ക്ക് കാര്യമായ ഭീഷണി ഉയര്‍ത്തില്ലെന്നാണ് കരുതുന്നത്.
അതേസമയം രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ടാല്‍ മാത്രമേ രണ്ടാമതുള്ള ബാഴ്സിലോണയ്ക്കും മൂന്നാമതുള്ള റയലിനും സാധ്യതയുള്ളൂ. കഴിഞ്ഞ മത്സരത്തില്‍ ലാവന്റേയോട് സമനില വഴങ്ങിയതാണ് ബാഴ്സിലോണയ്ക്ക് തിരിച്ചടിയായത്. 2-0 ന് മുന്നില്‍ നിന്ന അവര്‍ 3-3 സമനിലയില്‍ കുരുങ്ങി. അതേസമയം അത്ലറ്റിക്കോയ്ക്ക് ഏറ്റവും ഭീഷണി നാട്ടുകാരായ റയല്‍ മാഡ്രിഡാണ്. ഇനി മൂന്ന് മത്സരങ്ങള്‍ അവര്‍ക്ക് ബാക്കിയുണ്ട് എന്നതാണ് പ്രശ്നം. മുന്നു മത്സരങ്ങളും ജയിച്ചാല്‍ അത്ലറ്റിക്കോയ്ക്കോയ്ക്ക് പണിയാകും. അത്ലറ്റിക്കോയ്ക്ക് 36 മത്സരങ്ങളില്‍ 80 പോയിന്റുണ്ട്. ബാഴ്സിലോണയ്ക്ക് 76 ഉം റയലിന് 35 മത്സരങ്ങളില്‍ 75 പോയിന്റുണ്ട്.
അടുത്ത രണ്ടു മത്സരങ്ങളില്‍ ജയിച്ചാല്‍ മാത്രമാണ് ബാഴ്സയുടെ സാധ്യതകള്‍. ഒപ്പം അത്ലറ്റിക്കോ രണ്ടു കളിയും തോല്‍ക്കുകയും വേണം. നിലവിലെ സ്ഥിതിയില്‍ ബാഴ്സിലോണ രണ്ടു കളി ജയിച്ചാലും അത്ലറ്റിക്കോ ഒരു കളി ജയിച്ചാല്‍ കപ്പടിയ്ക്കും. പോരാത്തതിന് ലീഗില്‍ നിന്നും തരംതാഴ്ത്തല്‍ നേരിടുന്ന വലഡോയ്ഡാണ് അവരുടെ ഒരു എതിരാളി എന്നതും കൂടുതല്‍ സാധ്യതയാണ്.






