
തിരുവനന്തപുരം : അപ്രതീക്ഷിതമായി എത്തിയ അര്‍ബുദത്തെ "ഏപ്രില്‍ ഫൂള്‍" തമാശ പോലെ തള്ളാനായിരുന്നു നന്ദുവിന് ഇഷ്ടം. തമാശ കാര്യമായപ്പോഴും അദ്ദേഹം പതറിയില്ല. "ഐ ആം ബിസി, നിന്നെ പ്രണയിക്കാന്‍ സമയമില്ല" എന്നായിരുന്നു ആദ്യ പ്രതികരണം.
കഥയും കവിതയുമൊക്കെയായി നടന്ന നന്ദുവിനെ അദ്ദേഹത്തിന്റെ ഭാഷയില്‍ "പ്രണയിക്കാനെത്തിയ"തായിരുന്നു ക്യാന്‍സര്‍. കുടുംബാംഗങ്ങള്‍ എല്ലാം ആ വാര്‍ത്ത കേട്ട് തളര്‍ന്നു. ധൈര്യംനല്കാന് മുന്നില്‍നിന്നത് നന്ദു തന്നെയായിരുന്നു. അമ്മ ലേഖയും അച്ഛന് ഹരിയും സഹോദരങ്ങളായ അനന്തുവും സായ് കൃഷ്ണയും താങ്ങായി ഇടംവലം നിന്നതോടെ നന്ദു മറ്റൊരു മനുഷ്യനാകുകയായിരുന്നു.
ബി.ബി.എ പഠനത്തിനു ശേഷം, കുടുംബ ബിസിനസായ കേറ്ററിങ് യൂണിറ്റ് നോക്കി നടത്താനാരംഭിച്ച സമയം. അന്ന് 23 വയസായിരുന്നു നന്ദുവിന്. കൂട്ടുകാര്‍ക്കൊപ്പം പുതിയ സംരംഭം തുടങ്ങാനും പദ്ധതിയുണ്ടായിരുന്നു. വിടാതെ പിന്തുടര്ന്നിരുന്ന കാലുവേദനയ്ക്ക് ചികിത്സ തേടിയാണ് ആശുപത്രിയിലെത്തിയത്. 2018 ഏപ്രില്‍ ഒന്നിനാണു ബയോപ്സി റിപ്പോര്‍ട്ട് വന്നത്. വിഡ്ഢിദിനത്തിലെ തമാശയായിട്ടാണു നന്ദുവിനു ആദ്യം അത് തോന്നിയത്. അതു തമാശയെല്ലന്നു ഡോക്ടര്‍ പറഞ്ഞിട്ടും നന്ദു തളര്‍ന്നില്ല.
പിന്നീട് പോരാളിയായി മാറി. ഇടതുകാലില്‍ നീരുവന്നതായിരുന്നു തുടക്കം. ബോണ്‍ കാന്‍സര്‍ ആയിരുന്നു നന്ദുവിനെ ആക്രമിച്ചത്. പിന്നീട് ശശീരത്തിന്റെ പല ഭാഗത്തേക്കും വ്യാപിച്ചു. ഇടയ്ക്ക് ഒരു കാല് നഷ്ടമായെങ്കിലും പതറിയില്ല. അര്‍ബുദം കാര്‍ന്നു തിന്നുന്നവര്‍ക്കായി പിന്നീട് ആ ജീവിതം.
ഡോക്ടറോട് ചോദിച്ചും മറ്റു മാര്‍ഗങ്ങളില്‍ നിന്നും നന്ദു രോഗത്തെക്കുറിച്ചു കൂടുതല്‍ അറിഞ്ഞു. എന്നിട്ട് ഫെയ്സ്ബുക്കില്‍ ഇങ്ങനെ കുറിച്ചു: "എനിക്ക് കാന്‍സറാണ്. പക്ഷേ, ഇതിനെ മഹാരോഗമായി പരിഗണിക്കില്ല. ചെറിയൊരു ജലദോഷം പോലെ നേരിടും".
ഒന്നരലക്ഷത്തോളം പേരാണു അതിനു ലൈക്കടിച്ചത്. നന്ദുവിന്റെ യാത്രയില്‍ പല ലക്ഷം പേരാണു കരുത്തേകിയത്. കേരളത്തിലുടനീളമുള്ള ക്യാന്‍സര്‍ രോഗികള്‍ക്കു കൂട്ടായ്മ പിന്തുണ നല്കി.
ആര്.സി.സിയില്‍ റേഡിയേഷന് ഉള്‍പ്പെടെയുള്ള ചികില്‍സകളുമായി നന്ദുവും മുന്നോട്ട് പോയി. കാലിലെ വേദന സഹിക്കാവുന്നതിനപ്പുറമായിരുന്നു. കിടക്കാനും ഇരിക്കാനും വയ്യാത്ത അവസ്ഥ. ഒറ്റക്കാലില്‍ എഴുന്നേറ്റുനിന്നു നേരം വെളുപ്പിച്ച രാത്രികളെക്കുറിച്ചു നന്ദു പറഞ്ഞിരുന്നത് ചിരിച്ചുകൊണ്ടായിരുന്നു. നന്ദുവിന്റെ പാട്ടുകള്‍ യൂടൂബില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ കേട്ടു. അഭിനയിച്ച വിഡിയോകള്‍ തരംഗമായി.
സാമൂഹിക മാധ്യമങ്ങളില്‍ നന്ദു പോസ്റ്റ് ചെയ്തത് ക്യാന്‍സര്‍ ചാലഞ്ചായിരുന്നു. ചികില്‍സയുടെ ഭാഗമായി മുടി പോയ അവസ്ഥയും ഭേദമായ ശേഷം തലമുടി വീണ്ടും വന്ന സമയത്തെ ചിത്രവും. പിന്നീട് ഒട്ടേറെപ്പേര്‍ ക്യാന്‍സര്‍ ചലഞ്ച് ഏറ്റെടുത്തു. ഇതിനിടയിലാണു രോഗം ഗുരുതരമാകുന്നത്. അങ്ങനെയാണു ചികിത്സ എം.വി.ആര്. ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റിയത്. തിരിച്ചു വന്ന് വീണ്ടും ഒത്തിരി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ടെന്നു പറഞ്ഞാണു നന്ദു അവിടേക്കു പോയത്.




