
സ്പാനിഷ് ലീഗില്‍ കിരീടപോരാട്ടം അന്ത്യത്തോടടുക്കുമ്പോള്‍ ഫോട്ടോഫിനിഷിലേക്ക് മാഡ്രിഡ് ക്ലബ്ബുകള്‍. വമ്പന്മാരായ റയലും അത്ലറ്റിക്കോയും തമ്മിലാണ് കിരീടപ്പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തില്‍ ഇരു ടീമുകളും വിജയം നേടിയതോടെ ലീഗ് പട്ടികയില്‍ ഇവര്‍ തമ്മലുള്ള വ്യത്യാസം മൂന്ന് പോയിന്റായി ചുരുങ്ങുകയും അടുത്ത മത്സരം നിര്‍ണ്ണായകമാകുകയും ചെയ്തു. അത്ലറ്റിക്കോ ബില്‍ബാവോയെ റയല്‍ തോല്‍പ്പിച്ചപ്പോള്‍ ഒസാസുനയെയാണ് അത്ലറ്റിക്കോ മാഡ്രിഡ് പരാജയപ്പെടുത്തിയത്.
കളിയുടെ 68 ാം മിനിറ്റില്‍ നാച്ചോ നേടിയ ഗോളില്‍ റയല്‍ വിജയം പിടിച്ചു. കാസിമിറോയുടെ പാസ്സിലായിരുന്നു ഗോള്‍. ഇതോടെ വില്ലാറയലിനെതിരേയുള്ള അടുത്ത മത്സരം റയലിന് കിരീട പോരാട്ടത്തില്‍ നിര്‍ണ്ണായകമായി. അടുത്ത മത്സരത്തില്‍ ജയിക്കുകയും അത്ലറ്റിക്കോ മാഡ്രിഡ് അടുത്ത മത്സരം തോല്‍ക്കുകയും ചെയ്താല്‍ കിരീടം റയലിന് സ്വന്തമാകും. അതേസമയം റയല്‍ സമനിലയില്‍ കുരുങ്ങിയാല്‍ പോലും കിരീടം അത്ലറ്റിക്കോ മാഡ്രിഡിന്റെ ഷോക്കേസില്‍ എത്തും. മറുവശത്ത് അത്ലറ്റിക്കോയുടെ അവസാന മത്സരം റീയല്‍ വലഡോയ്ഡിന് എതിരേയാണ്.
മുന്‍ ബാഴ്സിലോണ താരം ലൂയി സുവാരസിന്റെ അവസാന മിനിറ്റ് ഗോളായിരുന്നു ഇന്നലെ അത്ലറ്റിക്കോ മാഡ്രിഡിനെ തുണച്ചത്. 75 ാം മിനിറ്റില്‍ ബുഡിമീറിലൂടെ ഒസാസുന ഗോള്‍ നേടി മുന്നിലെത്തിയെങ്കിലും 82 ാം മിനിറ്റില്‍ ലോഡി ഡോസ് സാന്റോസും ആറ് മിനിറ്റിന് ശേഷം സുവാരസും സ്കോര്‍ ചെയ്തത് അത്ലറ്റിക്കോയ്ക്ക് ജയം സമ്മാനിച്ചു. ഇതോടെ 37 കളികളില്‍ അത്ലറ്റിക്കോയ്ക്ക് 83 പോയിന്റായി. അത്രയും കളിയില്‍ 81 പോയിന്റുമായി റയല്‍ രണ്ടാമതുണ്ട്. മൂന്നാമതുള്ള ബാഴ്സിലോണയ്ക്ക് 76 പോയിന്റുണ്ട്.






