
തിരുവനന്തപുരം : ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ കെ.ബി. ഗണേഷ്കുമാറിന്റെ മന്ത്രിസ്ഥാനം 2013-ല്‍ തെറിപ്പിച്ചത് അന്നു ഭാര്യയായിരുന്ന ഡോ: യാമിനി തങ്കച്ചിയായിരുന്നെങ്കില് രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിപദത്തിനു തടസമായി സഹോദരി ഉഷാ മോഹന്‍ദാസ്. ഉഷയും ഭര്‍ത്താവ് റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥന് കെ. മോഹന്‍ദാസും മുഖ്യമന്ത്രിക്കു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണു ഗണേഷ്കുമാറിന് ആദ്യടേമില്‍ മന്ത്രിസ്ഥാനം നിരസിച്ചതെന്നാണു സൂചന.
ഒന്നാം പിണറായി സര്‍ക്കാരിന്റെ ശമ്പള പരിഷ്കരണ കമ്മിഷന് ചെയര്മാന് കൂടിയാണു മോഹന്‍ദാസ്. വിഴിഞ്ഞം തുറമുഖം സംബന്ധിച്ച സി.എ.ജി. റിപ്പോര്‍ട്ട് പരിശോധിച്ച ജുഡീഷ്യല്‍ സമിതിയംഗവുമായിരുന്നു അദ്ദേഹം. മന്ത്രിസഭാരൂപീകരണവുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ ഇടതുമുന്നണിയില്‍ നടക്കവേയായിരുന്നു നാടകീയനീക്കങ്ങള്‍.
കഴിഞ്ഞ 15-നാണു മുഖ്യമന്ത്രിയേയും സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെയും കണ്ട് ഉഷയും മോഹന്‍ദാസും പരാതിപ്പെട്ടത്. പിതാവ് ആര്. ബാലകൃഷ്ണപിള്ളയുടെ വില്പത്രം ഗണേഷ് തിരുത്തിയെന്നായിരുന്നു പരാതി. വില്പത്രത്തില് ഉഷയുടെ പേര് ഒഴിവാക്കപ്പെട്ടിരുന്നു. പരാതി ലഭിച്ചതിനേത്തുടര്‍ന്ന് ഗണേഷുമായി സംസാരിച്ച മുഖ്യമന്ത്രി, കുടുംബപ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിച്ചശേഷം വരാന്‍ പറഞ്ഞതായാണു സൂചന. മന്ത്രിപദം പങ്കുവയ്ക്കുമ്പോള്‍ ആദ്യത്തെ രണ്ടരവര്ഷമാണു ഗണേഷ് ഇടതുമുന്നണി യോഗത്തില്‍ ആവശ്യപ്പെട്ടത്.
എന്നാല്‍, സഹോദരിയുടെ പരാതി നിലനില്‍ക്കുന്നതിനാല്‍ അതു നിരസിക്കപ്പെട്ടു. ഗണേഷിന് അഞ്ചുവര്‍ഷവും മന്ത്രിസ്ഥാനം നല്‍കാനായിരുന്നു ആദ്യഘട്ടത്തിലെ ആലോചനയെന്നും പുതിയ സംഭവവികാസങ്ങളേത്തുടര്ന്നാണ് അതു മാറ്റിയതെന്നും കേരളാ കോണ്‍ഗ്രസ് (ബി) വൃത്തങ്ങള്‍ ആരോപിക്കുന്നു. 2013-ല്‍ ഗണേഷ് മന്ത്രിയായിരിക്കേ ഉണ്ടായ ചില സംഭവങ്ങള്‍ മംഗളത്തില്‍ വാര്ത്തയായതിനേത്തുടര്ന്ന്, സ്ത്രീപീഡനത്തിനു ഭാര്യ പരാതി നല്‍കിയതോടെയാണ് അദ്ദേഹത്തിനു രാജിവയ്ക്കേണ്ടിവന്നത്.
എന്നാല്‍ ഉഷയുടെ ആരോപണം ശരിയല്ലെന്ന് ആര്.ബാലകൃഷണപിള്ളയുടെ മനസാക്ഷി സൂക്ഷിപ്പുകാരനും കേരളാ കോണ്‍ഗ്രസ് (ബി) കൊട്ടാരക്കര നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റുമായ പ്രഭാകരന് പിള്ളയുടെ വെളിപ്പെടുത്തി.
ആദ്യം തനിക്ക് നല്കിയ സ്വത്തുക്കള്‍ പിന്നീട് ഗണേശന്റെ പേരിലാക്കിയാണ് ഉഷയെ ചൊടിപ്പിച്ചത്. ആദ്യ വില്പത്രത്തില് ഉഷയ്ക്ക് വാളകത്തെ സ്കൂളും ഉള്‍പ്പെട്ടിരുന്നു. അവസാന കാലം ആര്.ബാലകൃഷണപിള്ളയെ ശുശ്രുഷിച്ചതിലുള്ള സന്തോഷമാണ് ഇത്രയും സ്വത്തുക്കള്‍ എഴുതി കൊടുത്തതെന്നാണ് പ്രധാന സാക്ഷിയായ പ്രഭാകരന് പിള്ള പറയുന്നത്. എന്നാല്‍ ഇതിനെ ക്രൂരമായ ചതിയെന്നാണ് ഉഷാ മോഹന്‍ദാസ് പ്രതികരിച്ചത്. എന്നാല്‍ വരും ദിവസങ്ങളില്‍ സ്വത്ത് തര്‍ക്കം കോടതിയിലേക്ക് എത്താനും സാധ്യതയുണ്ട്. എന്നാല്‍ പ്രശ്നം കൂടുതല്‍ വിവാദങ്ങളില്‍ കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ലായെന്നും ഉഷാ മോഹന്‍ദാസ് മംഗളത്തോടു പറഞ്ഞു.
മന്ത്രിസ്ഥാനം രണ്ടാം ടേമിലേക്ക് മാറ്റിയതു രാഷ്ട്രീയകാരണം കൊണ്ട്: ഗണേഷ്
കൊല്ലം: തന്റെ മന്ത്രിസ്ഥാനം രണ്ടാം ടേമിലേക്കു മാറ്റിയതു രാഷ്ട്രീയകാരണംകൊണ്ടുമാത്രമാണെന്നു കേരള കോണ്‍ഗ്രസ് (ബി) ചെയര്മാന് കെ.ബി. ഗണേഷ് കുമാര്‍. മന്ത്രിസ്ഥാനം എല്‍.ഡി.എഫ്. യോഗത്തില്‍ തീരുമാനിച്ചതാണ്.
സഹോദരി മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞതിനാലാണു മന്ത്രിസ്ഥാനം രണ്ടാം ടേമിലേക്കു മാറ്റപ്പെട്ടതെന്ന ആരോപണം ശരിയല്ല-അദ്ദേഹം പറഞ്ഞു. വില്പത്രത്തില് ക്രമക്കേട് നടത്തി സ്വത്തുതട്ടാന്‍ ശ്രമിെച്ചന്ന ആരോപണവും ഗണേഷ് കുമാര്‍ നിഷേധിച്ചു.






