വിജയത്തുടര്ച്ചയിലേക്ക ്ഇടതുമുന്നണിയെ നയിച്ച പിണറായി വിജയന് ഇക്കുറി ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്നത് അരങ്ങേറ്റക്കാരായ താരനിരയുടേത്. രാഷ്ട്രീയ ജിവിതത്തത്തില് ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചാണ് അനിഷേധ്യനായി രണ്ടാമതും മുഖ്യമന്ത്രിപദത്തിലേറുന്നത്. 26-ാം വയസില്‍ ആദ്യമായി എം.എല്‍.എയായ പിണറായിക്ക് ഇതു നിയമസഭയിലെ ആറാം അവസരം.
ജനപ്രതിനിധിയായിട്ടുകൂടി അടിയന്തരാവസ്ഥക്കാലത്തു പോലീസുകാരുടെ ക്രൂരമര്‍ദനത്തിനിരയായി. ചോരപുരണ്ട വസ്ത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടി നിയമസഭയില്‍ ആഭ്യന്തരമന്ത്രി കെ കരുണാകരനോടു ചോദ്യമുതിര്‍ത്ത പോരാട്ടവീര്യം.
ചെത്തുതൊഴിലാളിയായ മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും മകനായി 1945 മേയ് 24-നായിരുന്നു ജനനം. ദാരിദ്ര്യം നിറഞ്ഞ ബാല്യ, കൗമാരങ്ങള്‍.
പിണറായി യു.പി. സ്കൂളിലും പെരളശേരി ഹൈസ്കൂളിലും വിദ്യാഭ്യാസത്തിനു ശേഷം ഒരു വര്‍ഷം നെയ്ത്തുതൊഴിലാളിയായി. തുടര്‍ന്ന് തലശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ പ്രീഡിഗ്രിയും ബിരുദവും പഠിച്ചു.
കെ.എസ്.എഫ്. സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. 1968ല്‍ മാവിലായിയില്‍ ചേര്‍ന്ന കണ്ണൂര്‍ ജില്ലാ പ്ലീനത്തില്‍ സി.പി.എം. ജില്ലാ കമ്മിറ്റിയംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1972ല്‍ ജില്ലാ സെക്രട്ടേറിയറ്റിലും 1978ല്‍ സംസ്ഥാന കമ്മിറ്റിയിലുമെത്തി.
1986-ല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി. 88-ല്‍ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗമായി. 1996-ല്‍ സഹകരണ - വൈദ്യുതി മന്ത്രിയായപ്പോഴാണ് വൈദ്യുതി മേഖലയില്‍ കേരളം കുതിച്ചത്. 1998-ല്‍ ചടയന്‍ ഗോവിന്ദന്റെ വിയോഗത്തെതുടര്‍ന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറിയായി. പിന്നീടു കണ്ണൂര്‍, മലപ്പുറം, കോട്ടയം, തിരുവനന്തപുരം സമ്മേളനങ്ങളിലും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴ സമ്മേളനത്തില്‍ സെക്രട്ടറി പദം ഒഴിഞ്ഞു. കൊല്‍ക്കത്തയില്‍ ചേര്‍ന്ന പതിനാറാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റിയംഗമായും തുടര്‍ന്ന് പോളിറ്റ്ബ്യൂറോ അംഗമായും തെരഞ്ഞെടുക്കപ്പെട്ടു.
റിട്ട. അധ്യാപിക കമലയാണു ഭാര്യ. മക്കള്‍: വിവേക്, വീണ. മരുമക്കള്‍: ദീപ, മുഹമ്മദ് റിയാസ്. പേരക്കുട്ടികള്‍: വിവാന് വിവേക് കിരണ്‍, ഇഷാന് വിജയ്.






