
ബംഗലുരു: ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനായ രാഹുല്‍ദ്രാവിഡ് ഇന്ത്യയുടെ പരിശീലകനാകുന്നു. നടക്കാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ ടീം ഇന്ത്യയെ പരിശീലിപ്പിക്കുക ഇന്ത്യയുടെ വന്‍ മതിലാകും. ജൂലൈയില്‍ നടക്കുന്ന പര്യടനത്തില്‍ ശ്രീലങ്കയ്ക്ക് എതിരേ ഏകദിനവും ടി 20 യുമാണ് ഇന്ത്യ കളിക്കുക. ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായ ദ്രാവിഡിന് ടീം ഇന്ത്യയുടെ പരിശീലകനായി ഇത് രണ്ടാം ഊഴമാണ്.
ഇന്ത്യന്‍ പരിശീലകന് രവിശാസ്ത്രിയ്ക്ക് പകരക്കാരനായിട്ടാണ് ശ്രീലങ്കയിലേക്ക് ദ്രാവിഡ് വരുന്നത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്റിനെതിരേ കളിക്കാന്‍ യുകെയില്‍ രവിശാസ്ത്രി പോകുന്ന സാഹചര്യത്തിലാണ് ടീമിനൊപ്പം രാഹുല്‍ ചേരുന്നത്. ഇംഗ്ളണ്ടിനെതിരേ അഞ്ച് ടെസ്റ്റ് മാച്ചുകളിലും ഇന്ത്യ കളിക്കുന്നുണ്ട്. ഇതോടെയാണ് ഇന്ത്യ അയയ്ക്കുന്ന രണ്ടാം നിരയുടെ പരിശീലകനായി രാഹുല്‍ എത്തുന്നത്.
ലോകകപ്പ് ജേതാക്കളായ അണ്ടര്‍ 19 ടീമിന്റെ പരിശീലകനായിരുന്ന ദ്രാവിഡ് 2014 ല്‍ ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റായി സേവനം ചെയ്തിട്ടുണ്ട്. അതേസമയം മുഴുനീള പരിശീലകനായി ഒരു പര്യടനത്തിനെത്തുന്നത് ആദ്യമാണ്.
ശ്രീലങ്കയില്‍ ഇന്ത്യ മൂന്ന് ഏകദിനവും മുന്ന് ട്വന്റി20 മാച്ചുകളുമാണ് കളിക്കുക. ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രണ്ടാം നിര ടീമുമായിട്ടാകും ഇന്ത്യ ശ്രീലങ്കന്‍ പര്യടനത്തിന് പോകുക. ഇന്ത്യന്‍ എ ടീമിനൊപ്പം ജോലി ചെയ്തിട്ടുള്ളതിനാല്‍ ദ്രാവിഡിന് ജോലി എളുപ്പമാകുമെന്നാണ് കരുതുന്നത്. രാഹുലിന് സഹായിയായി പരസ് മാമ്പ്രയെ ആണ് നിയോഗിച്ചിട്ടുള്ളത്. ബൗളിംഗ് കോച്ച് ഭരത് അരുണ്‍, ബാറ്റിംഗ് പരിശീലകന് വിക്രം രത്തോഡ്, ഫീല്‍ഡിംഗ് കോച്ച് ആര് ശ്രീധര്‍ എന്നിവരെല്ലാം ശാസ്ത്രിയ്ക്കൊപ്പം ഇംഗ്ളണ്ടിലാണ്.






