
പെട്ടെന്ന് ഒരു ആക്രമണം വന്നാല്‍ ആരും പതറി പോകും. സമചിത്തതയോടെ പ്രതികരിയ്ക്കാന്‍ പലര്‍ക്കും സാധിയ്ക്കാറില്ല. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് തന്നെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച അക്രമിയെ ശക്തമായി നേരിടുന്ന പെണ്‍കുട്ടിയാണ്. അമേരിക്കയിലെ ഫ്ളോറിഡയിലെ വെസ്റ്റ് പെന്സകോളയിലാണ് സംഭവം നടന്നത്. പതിനൊന്നു വയസുകാരിയായ പെണ്‍കുട്ടിയാണ് അക്രമിയെ ധൈര്യപൂര്‍വ്വം നേരിടുന്നത്.
സമീപത്തുള്ള വീടിന്റെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. രാവിലെ സ്കൂളിലേക്ക് പോകാനായി സ്കൂള്‍ ബസ് കാത്ത് നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. കാറില്‍ നിന്ന് ഇറങ്ങിയ അജ്ഞാതന്‍ അവളെ പിടിച്ചു കൊണ്ട് പോകാന്‍ ശ്രമിക്കുകയായിരുന്നു. കാറിനടുത്തേക്ക് പെണ്‍കുട്ടിയെ വലിച്ചു കൊണ്ടുവന്നെങ്കിലും പെണ്‍കുട്ടി അക്രമിയെ തടയാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. പെണ്‍കുട്ടി ശക്തമായി തൊഴിക്കുകയും ഇടിക്കുകയും എതിര്‍ക്കുകയും ചെയ്തതോടെ അക്രമി പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
'' രക്ഷപ്പെടാനായി അവള് എല്ലാ വഴികളും നോക്കി. അവള് നന്നായി പൊരുതി, വിട്ടുകൊടുക്കാതെ. അവള് വളരെ ധൈര്യശാലിയാണ്. '' - മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പെണ്‍കുട്ടിയെ അഭിനന്ദിച്ചു കൊണ്ട് പറഞ്ഞു. പിന്നീട് പോലീസ് അക്രമിയെ തിരിച്ചറിഞ്ഞു. തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് ഇയാള്‍ ഇതേ സ്ഥലത്ത് വച്ച് പെണ്‍കുട്ടിയോട് സംസാരിക്കാന്‍ ശ്രമിച്ചിരുന്നതായും പോലീസ് പറഞ്ഞു. ഇയാള്‍ മറ്റ് പല കേസുകളിലും പ്രതിയാണെന്നും പോലീസ് അറിയിച്ചു.






