
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസം പുനരാരംഭിക്കാൻ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാനൊരുങ്ങി സർക്കാർ. വിദ്യാർത്ഥികൾക്ക് സ്കൂൾ തലത്തിൽ ഓൺലൈൻ ക്ലാസ്സ് ആരംഭിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നു. വിക്ടേഴ്സ് ചാനലിലെ ക്ലാസിനു ശേഷം അതാത് സ്കൂൾ തലത്തിൽ ഓൺലൈൻ ക്ലാസ്സ് നടത്താനാണ് ആലോചന. ഗൂഗിൾ മീറ്റ് അടക്കമുള്ള പ്ലാറ്റ്ഫോമുകൾ ഇതിനായി ഉപയോഗിക്കുന്ന കാര്യം പരിഗണനയിലുണ്ട്. എന്നാൽ ഇതിന് പ്രധാന വെല്ലുവിളി അധ്യാപകരുടേയും പ്രധാനാധ്യാപകരുടെയും കുറവാണ്.
സംസ്ഥാനത്ത് ഈ അദ്ധ്യയന വർഷം സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകളാവും സംഘടിപ്പിക്കുകയെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ജൂൺ ഒന്ന് മുതൽ വിക്ടേഴ്സ് ചാനൽ വഴി ക്ലാസുകൾ തുടങ്ങും. ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനോത്സവവും ഓൺലൈൻ വഴിയായിരിക്കും. 1 മുതൽ 9 വരെയുള്ള ക്ലാസുകളിലുള്ള എല്ലാവരും ജയിച്ച് അടുത്ത ക്ലാസിലെത്തും. 2 മുതൽ 10 വരെ ക്ലാസുകളിൽ ആദ്യ രണ്ടാഴ്ച്ച റിവിഷനായിരിക്കും. കുട്ടികൾക്ക് ലഭിച്ച ക്ലാസുകളും പഠനനിലവാരവും ചോദിച്ചറിഞ്ഞ് ഉറപ്പാക്കാൻ പ്രത്യേക നിർദേശമുണ്ട്. വിക്ടേഴ്സ് ചാനൽ വഴിയുള്ള ഓൺലൈൻ ക്ലാസുകൾ തന്നെയായിരിക്കും ഇത്തവണയും.
സംസ്ഥാനത്തെ കോവിഡ് വാക്സിനേഷൻ എങ്ങുമെത്താത്ത സാഹചര്യത്തിൽ തുറന്നു പ്രവർത്തിക്കുന്ന കാര്യത്തിൽ ഉടനെ തീരുമാനമെടുക്കാനാകില്ല. പ്ലസ് വൺ ക്ലാസുകൾ തീർന്ന് പരീക്ഷ ഉടനെ നടത്തേണ്ടതുണ്ട്. പരീക്ഷ നടത്തരുതെന്ന ആവശ്യവും ശക്തമാണ്. പരീക്ഷ നടത്തിപ്പിലും ക്ലാസുകൾ തുടങ്ങുന്നതിലും ഉടൻ തീരുമാനമുണ്ടാകും. ഉന്നതവിദ്യാഭ്യാസ രംഗത്തും പുതിയ അധ്യയന വർഷം ജൂൺ 1ന് തന്നെയായിരിക്കും. അവസാന വർഷ ബിരുദ, ബിരുദാനനന്തര പരീക്ഷകൾ ജൂൺ 15ന് തുടങ്ങി ജൂലൈ 30നുള്ളിൽ ഫലം പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണ് വകുപ്പ്. പരീക്ഷാ നടത്തിപ്പിൽ കോവിഡ് സാഹചര്യം കണക്കിലെടുത്ത് സർവ്വകലാശാലകൾ തീരുമാനമെടുക്കും.






