
തൃശ്ശൂർ: ചൈനയിൽ പഠിക്കുന്ന ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾക്ക് നിരാശയായി പുതിയ വാർത്ത. വിദ്യാർഥികളുടെ ഓൺലൈൻ പഠനം അംഗീകരിക്കില്ലെന്നും ഇന്ത്യയിലെ യോഗ്യതാപരീക്ഷ എഴുതാൻ അനുവദിക്കുകയില്ലെന്നുമാണ് ദേശീയ മെഡിക്കൽ കമ്മിഷന്റെ അറിയിപ്പ്.
ക്ലാസിൽ നേരിട്ട് ഹാജരാകാൻ ഒരുവർഷത്തിനപ്പുറം ഇളവ് നൽകാൻ സാധിക്കില്ലെന്നാണ് കമ്മിഷന്റെ നിലപാട്. പ്രാക്ടിക്കൽ പഠനവും ഇന്റേൺഷിപ്പും ചെയ്താലേ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാകൂ എന്നതിനാൽ ഓൺലൈൻ പഠനം ഇനി അംഗീകരിക്കാനാവില്ലെന്നാണ് നിലപാട്.
ഇത്തരത്തിൽ പതിനായിരത്തോളം വിദ്യാർഥികൾ കേരളത്തിൽ മാത്രമുണ്ട്. അത് മാത്രമല്ല ഇന്ത്യയിൽ പഠിച്ച വിദ്യാർഥികൾ സൗജന്യമായാണ് ഇന്റേൺഷിപ്പ് ചെയ്യുന്നത്. എന്നാൽ, വിദേശത്ത് പഠിച്ചവർ ഒരുലക്ഷത്തി ഇരുപതിനായിരം രൂപ ഫീസ് നൽകണമെന്നാണ് സംസ്ഥാന സർക്കാർ തീരുമാനം.






