
ന്യൂഡല്‍ഹി: രാജ്യത്ത് ജൂലൈ പകുതിമുതലോ അല്ലെങ്കില്‍ ഓഗസ്റ്റ് ആദ്യം മുതലോ പ്രതിദിനം ഒരു കോടി ആളുകള്‍ക്ക് വാക്സീൻ കുത്തിവയ്പ് നല്കാന് ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍. ദിവസേനയുള്ള കുത്തിവയ്പ്പുകള്‍ എങ്ങനെ വര്ധിപ്പിക്കാമെന്നതിനെക്കുറിച്ചുള്ള ചർച്ചകളിലാണ് ആരോഗ്യ വിദഗ്ധർ.
"ഓഗസ്റ്റ് മാസത്തോടെ നമുക്ക് പ്രതിമാസം 20-25 കോടി വാക്സിന് ഡോസുകള്‍ ലഭിക്കും. മറ്റൊരു 5-6 കോടി ഡോസുകള്‍ മറ്റ് ഉല്പാദന യൂണിറ്റുകളില്‍ നിന്നോ അല്ലെങ്കില്‍ അന്തര്‍ദ്ദേശീയ വാക്സിന് ഉത്പാദകരില്‍നിന്നോ പ്രതീക്ഷിക്കുന്നു. പ്രതിദിനം ഒരു കോടി ആളുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്" - കോവിഡ് വാക്സിനേഷന് സംബന്ധിച്ച ദേശീയ ടാസ്ക് ഫോഴ്സ് ചെയര്‍പേഴ്സണ്‍ എന്‍.കെ അറോറ പറഞ്ഞു.
കോവിഷീല്‍ഡ് നിര്‍മിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, കോവാക്സിന് വികസിപ്പിച്ചെടുത്ത ഭാരത് ബയോടെക് എന്നിവരില്‍നിന്ന് കൂടുതല്‍ വാക്സിനുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ജൂലൈ പകുതി മുതല്‍ പ്രതിദിനം ഒരു കോടി വാക്സിന് നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. റഷ്യയുടെ സ്പുട്നിക് വാക്സിന്റെ പ്രാദേശിക ഉല്പാദനവും ഉടന്‍ ആരംഭിക്കുന്നതിനാല്‍ ഇതും വലിയ അളവില്‍ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഇതുവരെ 23 കോടി കോവിഡ് വാക്സിന് ഡോസുകളാണ് വിവിധ സംസ്ഥാനങ്ങളള്ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി വിതരണം ചെയ്തിട്ടുണ്ട്. സൗജന്യമായും സംസ്ഥാനങ്ങള്‍ നേരിട്ട് വാങ്ങുന്നതുമടക്കം 23,18,36,510 വാക്സിന് ഡോസുകള്‍ സംസ്ഥാനങ്ങളള്ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. ഇതില്‍ പാഴായിപ്പോയതടക്കം 21,51,48,659 ഡോസുകളാണ് മൊത്തം ഉപഭോഗമെന്നും കേന്ദ്രം പ്രസ്താവനയില്‍ വ്യക്തമാക്കി.






