
ഇന്ത്യയുടെ മുന്‍ നായകന് മഹേന്ദ്രസിംഗ് ധോനിയെ കണ്ടെത്തുമ്പോള്‍ ടീമിന്റെ 170 റണ്‍സില്‍ 130 റണ്‍സ് അടിച്ചു നില്ക്കുന്ന സ്ഥിതിയിലായിരുന്നു അദ്ദേഹമെന്നും ആ കോലന്‍ മുടിക്കാരനെ ടീമിലെടുക്കാന്‍ പക്ഷേ സൗരവ് ഗാംഗുലി പത്തു ദിവസത്തെ ചര്‍ച്ചയ്ക്ക് ശേഷമാണ് സമ്മതിച്ചതെന്നും കിരണ്‍ മോറെ. ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരില് ഒരാളായി പിന്നീട് മാറിയ ധോനിയെ കണ്ടെത്തിയ മുന്‍ സെലക്ടറും ഇന്ത്യന്‍ ടീമിന്റെ മുന്‍ വിക്കറ്റ് കീപ്പറുമായ കിരണ്‍മോറെയുടെ വെളിപ്പെടുത്തല്‍ ഒരു ചാറ്റ് ഷോയിലായിരുന്നു.
അടിച്ചു തകര്‍ക്കുന്ന ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് വേണ്ടിയുള്ള അന്വേഷണത്തില്‍ ധോണിയെക്കുറിച്ച് തന്റെ സഹപ്രവര്‍ത്തകരാണ് ആദ്യമായി പറഞ്ഞതെന്നും കിരണ്‍ മോര് പറയുന്നു. പറഞ്ഞുകേട്ട് ധോനിയെ കാണാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം തകര്‍ത്തടിച്ചു നില്‍ക്കുകയായിരുന്നു. ടീമിന്റെ മൊത്തം സ്കോറിന്റെ മുക്കാല്‍ ഭാഗം റണ്‍സും സംഭാവന ചെയ്തു നില്ക്കുന്ന ധോനി ടീമിലുണ്ടാവണമെന്ന് താന്‍ അന്നു തന്നെ തീരുമാനം എടുത്തിരുന്നു. എന്നാല്‍ അന്ന് ടീം നായകനായ ഗാംഗുലിയോട് ഇക്കാര്യം പറഞ്ഞപ്പോള്‍ ആദ്യം അത് എടുക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. പത്തു ദിവസത്തെ ചര്‍ച്ചയ്ക്ക് ശേഷമാണ് ഗാംഗുലി സമ്മതിച്ചത്.
ധോണിയെന്ന പുത്തന്‍ താരത്തെ ടീമിലെടുക്കുന്നതിനെ കുറിച്ച് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ ബോധ്യപ്പെടുത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ഈസ്റ്റ്സോണില് നിന്നുള്ള കീപ്പര്‍ബാറ്റ്സ്മാന്‍ ദീപ്ദാസ് ഗുപ്തയായിരുന്നു ഗാംഗുലിയുടെ മനസ്സില്‍. എന്നാല്‍ നിരന്തര ചര്‍ച്ചകള്‍ക്ക് ശേഷം അദ്ദേഹം തന്റെ വാക്കുകള്‍ക്ക് പരിഗണന നല്കി. തെരഞ്ഞെടുപ്പിനെ ന്യായീകരിച്ച് 2004 ശ്രീലങ്കയ്ക്ക് എതിരോ ഇന്ത്യ എ ടീമില്‍ ഇറങ്ങിയ ധോനി ഏഴു മത്സരങ്ങളില്‍ 362 റണ്‍സ് അടിച്ചുകൂട്ടുകയും ചെയ്തു. രണ്ടു സെഞ്ച്വറിയും ഒരു അര്‍ദ്ധ സെഞ്ച്വറിയും ധോനി ഈ പരമ്പരയില്‍ സമ്പാദിക്കുകയും ചെയ്തു. പിന്നീട് ടീം ഇന്ത്യയെയും കൊണ്ട് ഒട്ടുമിക്ക മേജര്‍ കിരീടത്തിലും മുത്തമിടുന്ന നായകനായി ധോനി മാറി.




