
"രണ്ടര വർഷമായി പിതാവിന് ശമ്പളം കിട്ടിയിട്ട്. ജീവിതം ദുസ്സഹമായി തുടരുന്നു. ഞാന്‍ ജീവിതം അവസാനിപ്പിക്കുന്നതിനൊപ്പം ശമ്പളം ലഭിക്കാത്ത എല്ലാ അധ്യാപകരുടെയും ദുരിതങ്ങൾ അവസാനിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു". ജമ്മു കശ്മീരില്‍ വിഷം കഴിച്ചു മരിച്ചതിന്പിന്നാലെ കണ്ടെടുത്ത ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ ഷുഹൈബിന്റെ ഫോണില്‍ നിന്നും കിട്ടിയ വീഡിയോ വൈറലായിരിക്കുകയാണ്.
തന്റെ ഫോണില്‍ ഈ വാക്കുകള്‍ റെക്കോഡ് ചെയ്ത ശേഷമായിരുന്നു മനശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി വിഷം കഴിച്ചത്. ഗുരുതരാവസ്ഥയില്‍ ഷുഹൈബിനെ ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ മരിച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സർക്കാർ റദ്ദാക്കിയതിന് ശേഷം ജീവനക്കാർ നേരിടുന്ന ബുദ്ധിമുട്ടുകളുടെ നേര്‍ചിത്രം എന്ന രീതിയിലാണ് വീഡിയോ പ്രചരിക്കുന്നത്.
ദേശീയ മാധ്യമമായ ‘ദി ക്വിന്റാ’ ണ് ഷുഹൈബിന്റെ കഥ പുറത്തുവിട്ടിരിക്കുന്നത്. 2019ല്‍ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ അനേകരാണ് കശ്മീരില്‍ തൊഴില്‍ പ്രതിസന്ധി നേരിടുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആരെങ്കിലും തന്നെ അന്വേഷിച്ചാല്‍ സമീപത്തെ തോട്ടത്തിലുണ്ടാവുമെന്ന് പറയണമെന്ന് മെയ് 26ന് സുഹൃത്ത് മുഹമ്മദ് അബ്ബാസിന് ഷുഹൈബ് സന്ദേശമയച്ചിരുന്നു. അബ്ബാസ് വിളിച്ചപ്പോള്‍ ഷുഹൈബ് ഫോണ്‍ എടുത്തില്ല. ഈ സമയത്ത് ആത്മഹത്യയ്ക്ക് തൊട്ടു മുന്‍പ് തനിക്ക് ലോകത്തോട് പറയാനുള്ളത് ഷുഹൈബ് റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. മരണത്തിന് ശേഷം ഷുഹൈബിന്റെ അവസാന വാക്കുകള്‍ കണ്ടെടുത്തു.
ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതോടെ സര്‍ക്കാര്‍ ജീവനക്കാരായിരുന്ന പലര്‍ക്കും തൊഴില്‍ നഷ്ടമായതായിട്ടാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനും ജീവനക്കാർക്ക് വിലക്കുണ്ട്. ഷുഹൈബിന്റെ ദുരിതം തുടങ്ങിയത് 2019 മുതലായിരുന്നു. 2005 ലാണ് ഷുഹൈബിന്റെ പിതാവ് ബഷീര്‍ സര്‍ക്കാര്‍ ജീവനക്കാരനായി നിയമിതനായത്. 1996ലെ പൊതു സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടയാളാണ് ബഷീറെങ്കിലും 1999ൽ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.
മൂന്ന് മക്കള്‍ക്കും നല്ല വിദ്യാഭ്യാസം നല്കാന് ബഷീര്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കിയതോടെ ബഷീര്‍ ഉള്‍പ്പെടെ മുന്നോറോളം ജീവനക്കാര്‍ക്ക് അറിയിപ്പൊന്നും കൂടാതെ തന്നെ ശമ്പളം മുടങ്ങി. ജോലി തുടരാനും ആവശ്യപ്പെട്ടു. ഇവരെ സര്‍ക്കാര്‍ ജീവനക്കാര്‍ എന്ന നിലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്വാറന്റൈന് സെന്ററുകളിലേക്കും വിടുകയുണ്ടായി. രണ്ടു വര്‍ഷമായി ശമ്പളം മുടങ്ങിയതോടെ കുടുംബത്തിന്റെ ദുരിതവും തുടങ്ങി. ഒരുു ഭാഗത്ത് കടവും മറുവശത്ത് ദാരിദ്ര്യവും. തിരിച്ചടവ് മുടങ്ങിയപ്പോള്‍ വായ്പക്കാരുടെ ഭീഷണിപ്പെടുത്തലും അപമാനിക്കലും. വിദ്യാഭ്യാസം മുടങ്ങുന്ന അവസ്ഥ വരെ എത്തിയിട്ടും ഷുഹൈബ് സഹിച്ചു.
സെമസ്റ്റര്‍ ഫീസ് അടയ്ക്കാനുള്ള പണമില്ല. ഇടയ്ക്ക് കുടുംബത്തെ സഹായിക്കാന്‍ ഷുഹൈബും ചില ജോലികള്‍ ചെയ്തു. പക്ഷേ കുടുംബത്തിന്റെ ബാധ്യത അവസാനിച്ചില്ല. ഇതോടെയായിരുന്നു ആത്മഹത്യ ഉറപ്പിച്ചത്. ആത്മഹത്യാ കുറിപ്പായി ചിത്രീകരിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാന്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ പോലും പണമില്ലായിരുന്നു. ആ വീഡിയോ തന്റെ ഫോണില്‍ നിന്നെടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കണമെന്ന് അബ്ബാസിന് സന്ദേശവുമയച്ചു. വീട്ടിലെത്തി വിഷം കഴിച്ചെന്ന് അമ്മയോട് പറയുന്നതിന് മുമ്പ് നമ്മള് എന്താണ് ഇത്ര ദരിദ്രരായി പോയെന്ന് ഷുഹൈബ് ചോദിച്ചിരുന്നു. ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയങ്കിലും രണ്ട് ദിവസത്തിന് ശേഷം മരണം സംഭവിച്ചു.
എന്നും ശമ്പളം വന്നോ എന്ന് ഷുഹൈബ് ചോദിക്കുമായിരുന്നുവെന്ന് പിതാവ് പറയുന്നു. മരണത്തിന് പിന്നാലെ ഷുഹൈബിന്റെ ബി.എഡ് കോഴ്സിന്റെ ഫലവും പുറത്തുവന്നു. 81 ശതമാനം മാര്‍ക്ക് വാങ്ങി അവന് പാസ്സായെന്ന വിവരം എങ്ങിനെ മാതാപിതാക്കളെ അറിയിക്കുമെന്ന വിഷമമാണ് ഇപ്പോള്‍ കൂട്ടുകാരന് അബ്ബാസിന്. ഷുഹൈബിന്റെ മരണത്തോടെ അധ്യാപകരുടെ തടഞ്ഞുവച്ച ശമ്പളം വിട്ടുകൊടുക്കുന്നതിന് ജൂൺ 2ന് ജമ്മു കശ്മീർ ഭരണകൂടം ഉത്തരവും ഇറക്കി. ജീവന് ത്യജിച്ച് ആഗ്രഹം അവന് നേടിയെങ്കിലും തിരിച്ചു കൊണ്ടുവരാനാകുമോ എന്നാണ് പിതാവിന്റെ സങ്കടം.
കടപ്പാട്: ദി ക്വിന്റ്.






