കല്‍പ്പറ്റ: വത്തിക്കാനില്‍ നിന്നെത്തിയ ഉത്തരവ് വ്യാജമാണെന്ന് സംശയമുണ്ടെന്നും മഠം വിടണമെന്ന എഫ്സിസി കത്ത് അംഗീകരിക്കില്ലെന്നും സിസ്റ്റര്‍ ലൂസി. റിപ്പോര്‍ട്ടറിനോട് പ്രതികരിക്കവെയാണ് സിസ്റ്റര്‍ ലൂസിയുടെ ഇക്കാര്യം പറഞ്ഞത്. വത്തിക്കാനിലെ ഉത്തരവ് വ്യാജമാണെന്ന് സംശയമുണ്ട്. തന്റെ ഭാഗം വത്തിക്കാന്‍ കോടതി കേട്ടിട്ടില്ല. ഇന്ത്യന്‍ കോടതി നിയമങ്ങള്‍ എന്തു പറയുന്നു അത് അനുസരിക്കുമെന്നും മഠം വിടണമെന്ന എഫ്സിസി കത്ത് അംഗീകരിക്കില്ല. സിസ്റ്റര്‍ ലൂസി വ്യക്തമാക്കി.
2021 മാര്‍ച്ചിലാണ് വത്തിക്കാനില്‍ അപ്പീലിന് അപേക്ഷ കൊടുത്തത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ വത്തിക്കാന്‍ കോടതി പിന്നീട് അടച്ചിട്ടു. ശേഷം കഴിഞ്ഞ ഓഗസ്റ്റില്‍ മാത്രമാണ് തുറന്നത്. പുറത്താക്കിയ നടപടി ശരിവെച്ചെന്ന് കാണിച്ച് തനിക്ക് കിട്ടിയ കത്തില്‍ മെയ് 27, 2020 എന്നാണുള്ളത്. ഒരു വര്‍ഷത്തിന് ശേഷമാണ് ഈ കത്ത് കിട്ടിയത്. തന്റെ വക്കീല്‍ അപ്പീലിന് കേസ് സമര്‍പ്പിക്കുകയോ വിചാരണ നടത്തുകയോ ചെയ്യുന്നതിന് മുന്‍പ് തയ്യാറാക്കിവെച്ച കത്താണ് അതെന്ന് വ്യക്തമാണ്.
വിചാരണയ്ക്ക് മുന്നേ വന്ന കത്ത് ഉപയോഗിച്ചാണ് താനുള്‍പ്പെടുന്ന സന്ന്യാസസമൂഹം വ്യാജ പ്രചാരണം നടത്തുന്നത്. എഫ്സിസി സുപ്പീരിയര്‍ ആന്‍ ഉള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞ ഒരു വര്‍ഷമായി തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണ്. ഇതില്‍ തന്റെ വിശദീകരണം കൂടി കേള്‍ക്കണമെന്ന ആവശ്യം ഉയര്‍ത്തിയാണ് സിസ്റ്റര്‍ ലൂസി അപ്പീല്‍ നല്‍കിയത്. എന്നാല്‍ ലൂസിയുടെ ന്യായീകരണങ്ങള്‍ പരിഗണിക്കാനാവില്ലെന്ന് പറഞ്ഞാണ് സഭാ കോടതി സിറ്ററുടെ അപ്പീല്‍ തള്ളിയിരിക്കുന്നത്.
ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷന്(എഫ്സിസി) സന്യാസിനി സഭാ അംഗമായിരുന്നു സിസ്റ്റര്‍ ലൂസി കളപ്പുര. നേരത്തെ പുറത്താക്കാന്‍ ശ്രമമുണ്ടായതിനെ തുടര്‍ന്ന് ലൂസി കളപ്പുര വത്തിക്കാന്‍ പരമോന്നത സഭാ കോടതിയെ സമീപിക്കുകയായിരുന്നു. സിസ്റ്റര്‍ ലൂസിയുടെ അപ്പീല്‍ വത്തിക്കാന്‍ പരമോന്നത സഭാ കോടതി അപ്പസ്തോലിക്ക സിഞ്ഞത്തൂര തള്ളിയതായി എഫ്സിസി ആലുവ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫ് എഫ്സിസി അംഗങ്ങളായ കന്യാസ്ത്രീകള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ചൂണ്ടികാണിക്കുന്നത്.






