
കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് വിജയത്തിന്റെയും ഭരണം നേടിയതിന്റെയും ആത്മവിശ്വാസത്തില്‍ പശ്ചിമബംഗാളില്‍ ബിജെപിയുമായി മമതാബാനര്‍ജി തുറന്ന യുദ്ധത്തിലേക്ക്. നന്ദിഗ്രാം തോല്വിയ്ക്കെതിരേ മമത പശ്ചിമബംഗാള്‍ ഹൈക്കോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്നും മത്സരിച്ച മമതാ ബാനര്‍ജി സുവേന്ദു അധികാരിയോടാണ് പരാജയപ്പെട്ടത്. തന്റെ തോല്‍വി ചോദ്യം ചെയ്തു ഹര്‍ജി നല്കി. മറുകണ്ടം ചാടി തൃണമൂലില്‍ നിന്നും ബിജെപിയിലേക്ക് പോയ തന്റെ ആളുകളെ തിരിച്ചുപിടിച്ചു കൊണ്ടിരിക്കുന്ന മമത ബിജെപിയ്ക്കെതിരേയുള്ള അവസാന ആണിയും അടിക്കുകയാണ് ലക്ഷ്യമിടുന്നത്.
സുവേന്ദു അധികാരിയുടെ വിജയം റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഇന്ന് 11 മണിക്ക് കോടതി ഹര്‍ജി കേള്‍ക്കും. 2011 ല്‍ നന്ദിഗ്രാമില്‍ നിന്നും ജയിച്ച് അധികാരത്തിലെത്തിയ മമതാബാനര്‍ജി പക്ഷേ ഇത്തവണ ഒരിക്കല്‍ തന്റെ വലംകൈ ആയിരിക്കുകയും പിന്നീട് ബിജെപിയിലേക്ക് പോകുകയും ചെയ്ത സുവേന്ദു അധികാരിയോടാണ് പരാജയപ്പെട്ടത്. തെരഞ്ഞെടുപ്പില്‍ അധികാരി വോട്ടിന് കൈക്കൂലി കൊടുത്തു, വിദ്വേഷ പ്രചാരണം നടത്തി മതത്തിന്റെ പേരിലും ബൂത്ത് പിടുത്തവും നടത്തി തുടങ്ങിയവയാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. വോട്ടെണ്ണലില്‍ കൃത്രിമം കാട്ടിയെന്നും ആരോപിച്ചിട്ടുണ്ട്.
ഇക്കാര്യത്തില്‍ നേരത്തേ തന്റെ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളിയതിനെയും മമതാബാനര്‍ജി ചോദ്യം ചെയ്തിട്ടുണ്ട്. മമതാബാനര്‍ജി തെരഞ്ഞെടുപ്പില്‍ വിജയിക്കാതിരിക്കാന്‍ ആളും അര്‍ത്ഥവുമെല്ലാം സുവേന്ദു അധികാരി പയറ്റി എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. മൂന്ന് ദിവസം മുമ്പാണ് മമത ഹര്‍ജി നല്‍കിയത്. ജസ്റ്റീസ് കൗശിക് ചന്ദ ഹര്‍ജിയില്‍ ആദ്യം വാദം കേള്‍ക്കും. അതേസമയം പ്രതിരോധവുമായി ബിജെപി രംഗത്ത് വന്നിട്ടുണ്ട്. ജനവിധിയെ കോടതിയില്‍ വെല്ലുവിളിക്കുമ്പോള്‍ രണ്ടു തവണ മമത തോല്‍ക്കില്ലേ എന്നാണ് ബിജെപി ചോദിക്കുന്നത്. നന്ദിഗ്രാമില്‍ ജനവിധിയില്‍ തോല്‍വി ഏറ്റുവാങ്ങിയ മമത കോടതിയില്‍ തോറ്റാല്‍ അത് അതിനേക്കാള്‍ വലിയ നാണക്കേടാകുമെന്നും ബിജെപിയുടെ അമിത് മാളവ്യ ട്വീറ്റ് ചെയ്തു.
മെയ് 2 ന് അര്‍ദ്ധരാത്രി വരെ നീണ്ട വോട്ടെണ്ണലില്‍ അനേകം തവണയാണ് മാറിമറിയല് നടന്നത്. 11 റൗണ്ട് വരെ മമതാബാനര്‍ജി അധികാരിക്ക് പിന്നിലായിരുന്നു. എന്നാല്‍ അടുത്ത നാലു റൗണ്ടുകളില്‍ കാര്യങ്ങള്‍ മാറി. മമതയുടെ മാര്‍ജിന്‍ ആറില്‍ നിനനും 11,000 വരെ ഉയര്‍ന്നു. ഒടുവില്‍ അവസാന റൗണ്ടില്‍ അധികാരി വിജയിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തില്‍ കൃത്രിമം നടന്നിരുന്നതായി പിറ്റേന്ന് തന്നെ മമത ആരോപിക്കുകയും ചെയ്തു. ഗവര്‍ണര്‍ വരെ തന്നെ അഭിനന്ദിച്ചെന്നും പെട്ടെന്ന് കാര്യങ്ങള്‍ മാറിമറിഞ്ഞതെന്നും മമത പറഞ്ഞു.
വോട്ടെണ്ണല്‍ കേന്ദ്രത്തിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും മമത ആരോപിച്ചിട്ടുണ്ട്. വീണ്ടും വോട്ടെണ്ണലിന് അനുവാദം നല്കിയാല് ജീവന് അപകടത്തില്‍ ആകുമെന്ന് ഭീഷണി മുഴക്കുന്നതായി തനിക്ക് ഒരു റിട്ടേണിംഗ് ഓഫീസര്‍ എസ്എംഎസ അയച്ചിരുന്നതായും മമത ആരോപിക്കുന്നു. റീകൗണ്ടിംഗ് അനുവദിച്ചാല്‍ അവര്‍ എന്റെ കുടുംബത്തെ തകര്‍ക്കും. എനിക്ക് ഒരു കുഞ്ഞു മകള്‍ ഉള്ളതാണ് എന്നായിരുന്നു എസ്എംഎസ് എന്നും മമത പറഞ്ഞു.
വോട്ടെണ്ണലിന് പിന്നാലെ താന്‍ തോറ്റെങ്കിലും തന്റെ പാര്‍ട്ടി വന്‍ വിജയം നേടിയതോടെ നന്ദിഗ്രാമിലെ ജനവിധി മാനിക്കുന്നു എന്നും എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ സുപ്രീംകോടതിയില്‍ പോകുമെന്നും മമത പറഞ്ഞിരുന്നു. തെഞ്ഞെടുപ്പ് കമ്മീഷന് ചില ലക്ഷ്മണ രേഖയുണ്ടെന്നും ഇക്കാര്യം സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിനോട് ചോദിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു.






