
റിയോ ഡി ജനീറോ: ഉറുഗ്വേയെ ഒരു ഗോളിന് വീഴ്ത്തി കോപ്പാ അമേരിക്ക ഫുട്ബോളില്‍ അര്‍ജന്റീനയ്ക്ക് ആദ്യ ജയം. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ റോഡ്രിഗസ് നേടിയ ഗോളിലായിരുന്നു അര്‍ജന്റീനയുടെ വിജയം. ഒന്നാം പകുതിയിലായിരുന്നു ഗോള്‍.
കളി തുടങ്ങി പത്താം മിനിറ്റില്‍ ലിയോണേല്‍ മെസ്സി നല്കിയ ക്രോസില്‍ ഹെഡ്ഡറില്‍ നിന്നുമായിരുന്നു റോഡ്രിഗസ് ഗോള്‍ നേടിയത്. ഇതുവരെ അര്‍ജന്റീനയ്ക്കായി 11 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഗൈഡോ റോഡ്രിഗസിന്റെ ആദ്യ അന്താരാഷ്ട്രഗോളാണ് ഇത്.
പതിവിന് വിപരീതമായി ഇത്തവണ സ്റ്റാര്‍ട്ടിംഗ് ഇലവണില്‍ സ്ഥാനം കിട്ടിയ റോഡ്രിഗസ് കോച്ചിന്റെ തീരുമാനത്തെ ന്യായീകരിക്കുന്ന കളിയാണ് പുറത്തെടുത്തത്. 2019 ന് ശേഷം അര്‍ജന്റീന ടീമിന്റെ ആദ്യ ഇലവണില്‍ റോഡ്രിഗസിനെ ഉള്‍പ്പെടുത്തുന്നതും ഇതാദ്യമാണ്.
അതേസമയം ഏകഗോളിന് വിജയിച്ചതോടെ 1989 ന് ശേഷം ഉറുഗ്വേയോട് തോറ്റിട്ടില്ലെന്ന റെക്കോഡ് നില നിര്‍ത്താന്‍ അര്‍ജന്റീനയ്ക്കായി. 2019 ലെ കോപ്പയില്‍ സെമിയില്‍ തോറ്റ ശേഷം കോപ്പയില്‍ തുടര്‍ച്ചയായി 15 മത്സരം തോല്‍ക്കാതെ നില്‍ക്കാനും അര്‍ജന്റീനയ്ക്കായി.
ആദ്യ മത്സരത്തില്‍ ചിലെയുമായി സമനിലയില്‍ കുരുങ്ങിയ അര്‍ജന്റീനയ്ക്ക് ജീവന് നില നിര്‍ത്തുന്നതായി ഈ വിജയം. ഇതോടെ അര്‍ജന്റീനയ്ക്ക് പോയിന്റ് നാലായി. തിങ്കളാഴ്ച പരാഗ്വേയ്ക്ക് എതിരേയാണ് മെസ്സിയുടേയും കൂട്ടരുടേയും അടുത്ത മത്സരം.






