
ബ്രസീലിയ: കോപ്പാ അമേരിക്ക ഫുട്ബോളില്‍ വമ്പന്മാരായ അര്‍ജന്റിന ക്വാര്‍ട്ടറില്‍. പരാഗ്വേയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് മെസ്സിയും കൂട്ടരും ക്വാട്ടറില്‍ എത്തിയത്. മൂന്ന് മത്സരങ്ങളില്‍ അര്‍ജന്റീനയുടെ രണ്ടാം ജയമാണ്. കളിയില്‍ ഒമ്പതാം മിനിറ്റില്‍ ഗോള്‍ നേടി അലക്സാന്ഡ്രോയാണ് അര്‍ജന്റീനയ്ക്ക് വിജയം നേടിക്കൊടുത്തത്. ഇതാദ്യമായി അര്‍ജന്റീന നിരയില്‍ മെസ്സിയും ഡിമരിയയും അഗ്യൂറോയും ഇറങ്ങി.
കളിയുടെ ഒമ്പതാം മിനിറ്റില്‍ ഡി മരിയ ബോക്സിലേക്ക് നല്കിയ ഒരു മികച്ച പാസ് ഗോളിയുടെ മുകളിലൂടെ ചിപ്പ് ചെയ്തു അലക്സാന്‍ഡ്രോ ഗോമസ് വലയിലാക്കുകയായിരുന്നു. ഏഴാം മിനിറ്റില്‍ കിട്ടിയ സുവര്‍ണാവസരം സൂപ്പര്‍താരം സെര്‍ജി അഗ്യൂറോ നഷ്ടമാക്കിയതിന് തൊട്ടു പിന്നാലെയാണ് ഗോള്‍ വന്നത്. പരാഗ്വേയന്‍ പ്രതിരോധത്തിന്റെ പിഴവില്‍ നിന്നും കിട്ടിയ ഗോളി മാത്രം മുന്നില്‍ നില്‍ക്കേയുള്ള അവസരം അഗ്യൂറോ മുകളിലൂടെ അടിച്ചു തുലച്ചു.
അര്‍ജന്റീനയ്ക്കായി 147 ാമത് മത്സരമാണ് മെസ്സി കളിച്ചത്. കളിക്കിടയില്‍ ഒന്നാം പകുതിയുടെ ഒടുവില്‍ അര്‍ജന്റീന പന്ത് വലയിലാക്കിയതാണെങ്കിലും ഓഫ് സൈഡില്‍ കുരുങ്ങി. അഗ്യൂറോ മെസ്സിയെ ലക്ഷ്യമാക്കി നല്കിയ പന്ത് പരാഗ്വേയുടെ പ്രതിരോധക്കാരന് ജൂനിയര്‍ അലോന്‍സോയുടെ ദേഹത്ത് തട്ടിപന്ത് വലയിലെത്തി. എന്നാല്‍ ഓഫ്സൈഡ് പൊസിഷനില്‍ ആയിരുന്ന മെസ്സി അതില്‍ ഗോള്‍ശ്രമം നടത്തിയിരുന്നു.




