അമ്മാന്‍: അധ്യക്ഷന്‍ ജിയാനി ഇന്‍ഫാന്റിനോയെ പിന്തുണയ്‌ക്കാന്‍ ഫിഫാ ഭരണനേതൃത്വം 'ബ്ലാക്ക് മെയിലിങ്' തന്ത്രം പയറ്റുകയാണെന്നു ജോര്‍ദാന്‍. അറബ് കപ്പ് റണ്ണേഴ്‌സ് അപ്പായ തങ്ങള്‍ക്കു ലഭിക്കാനുള്ള സമ്മാനത്തുക തടഞ്ഞുവച്ചാണ് വിലപേശലെന്ന് ഫിഫ മുന്‍ വൈസ് പ്രസിഡന്റും ജോര്‍ദാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ തലവനുമായ അലി ബിന്‍ അല്‍ ഹുസൈന്‍ രാജകുമാരനാണ് രംഗത്തെത്തിയത്.
ഇന്‍ഫാന്റീനോയെ വീണ്ടും പിന്തുണച്ചാല്‍ ജോര്‍ദാന്‍ ഫെഡറേഷന് ഗുണം ലഭിക്കുമെന്ന് ഫിഫാ നേതൃത്വം തന്നോടു പറഞ്ഞതായി സാമൂഹികമാധ്യമങ്ങളില്‍ അല്‍ ഹുസൈന്‍ കുറിച്ചു. ഫുട്‌ബോള്‍ ലോകകപ്പിനിടെയായിരുന്നു വാഗ്‌ദാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖത്തറില്‍ നടന്ന ഫിഫ അറബ് കപ്പില്‍ മൊറോക്കോയോടു തോറ്റാണ് ജോര്‍ദാന്‍ റണ്ണേഴ്‌സ് അപ്പായത്. രണ്ടാം സ്‌ഥാനക്കാര്‍ക്കുള്ള 42 ലക്ഷം യു.എസ്. ഡോളര്‍ സമ്മാനത്തുക കൈമാറാതെയാണ് ഫിഫയുടെ സമ്മര്‍ദമെന്നും അല്‍ ഹുസൈന്‍ വ്യക്‌തമാക്കി. ' ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ജോര്‍ദാന്‍ അഭിമാനിക്കുന്നു. ഞങ്ങള്‍ മുമ്പും ഇന്‍ഫാന്റിനോയെ പിന്തുണച്ചിട്ടില്ല, ഇപ്പോഴും പിന്തുണയ്‌ക്കില്ല. ബ്ലാക്ക്‌മെയിലിങ്ങിനു മുന്നില്‍ കീഴടങ്ങാന്‍ തയാറല്ല': 2016-ല്‍ ഇന്‍ഫാന്റിനോ ജയിച്ച പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്‌ഥാനാര്‍ഥികളിലൊരാളായിരുന്ന അല്‍ ഹുസൈന്‍ കുറിച്ചു.
ഇന്‍ഫാന്റിനോയുടെ പ്രസിഡന്റ്‌പദം ഉറപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചരടുവലികളുമായി രംഗത്തുണ്ട്. സമ്മര്‍ദം ഉള്‍പ്പെടെ ചെലുത്തി ഫിഫ അംഗരാജ്യങ്ങളെ വരുതിയിലാക്കുന്നതടക്കമുള്ള സാധ്യതകള്‍ ട്രംപ് പരീക്ഷിക്കുമെന്നാണ് റിപ്പോര്‍ട്ട്.



Comments