പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്‌റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റില്‍ പാകിസ്‌താന്‍ ജയത്തിലേക്ക്. 75 റണ്‍ ലക്ഷ്യത്തിലേക്കു ബാറ്റേന്തുന്ന പാക് പട ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ടുവിക്കറ്റിന് 57 റണ്ണെന്ന നിലയിലാണ്. നാലാം ദിവസം ജയത്തിന് വെറും 18 റണ്ണകലെയാണ് പാകിസ്‌താന്‍.
വെസ്‌റ്റിന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 344 റണ്ണിനു മറുപടി പറഞ്ഞ പാകിസ്‌താന്‍ 387 റണ്ണിന് എല്ലാവരും പുറത്തായി. നേരിയ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച വെസ്‌റ്റിന്‍ഡീസ് കുറഞ്ഞ സ്‌കോറില്‍ ഒതുങ്ങി. രണ്ടാം ഇന്നിങ്‌സില്‍ 46.1 ഓവറില്‍ 117 റണ്ണിന് ആതിഥേയര്‍ ഓള്‍ ഔട്ടായി. ഇതോടെയാണ് പാകിസ്‌താന്റെ വിജയലക്ഷ്യം 75 റണ്ണായത്.
160 റണ്ണുമായി പുറത്താകാതെനിന്ന അബ്‌ദുള്ള ഷഫീഖിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് പാകിസ്‌താന് ഒന്നാം ഇന്നിങ്‌സ് ലീഡ് സമ്മാനിക്കുന്നതില്‍ നിര്‍ണായകമായത്. നായകന്‍ ബാബര്‍ അസം (88), ഓപ്പണര്‍ അസാന്‍ അവെയ്‌സ് (55), സാജിദ് ഖാന്‍ (30) എന്നിവരും മികച്ച ബാറ്റിങ് പുറത്തെടുത്തു. ജൊമെല്‍ വാറിക്കന്‍ ആറും ഷമാര്‍ ജോസഫ് രണ്ടു വിക്കറ്റുമായും വിന്‍ഡീസിനായി തിളങ്ങി.
രണ്ടാം ഇന്നിങ്‌സില്‍ തരക്കേടില്ലാത്ത തുടക്കം ലഭിച്ചിട്ടും വെസ്‌റ്റിന്‍ഡീസ് അവിശ്വസനീയമായി തകര്‍ന്നടിഞ്ഞു. 71 പന്തില്‍ 34 റണ്ണടിച്ച ഓപ്പണര്‍ കാവെം ഹോഡ്‌ജ് മാത്രമാണു ചെറുത്തുനിന്നത്. ടാഗ്നരെയ്‌ന്‍ ചന്ദര്‍പോളും ക്യാപ്‌റ്റന്‍ റോസ്‌റ്റണ്‍ ചേസും 17 റണ്‍ വീതം നേടി. ഷായ് ഹോപ്പ് (15) അമീര്‍ ജാന്‍ഗൂ (13) എന്നിവരാണ് മൂവര്‍ക്കും പുറമേ രണ്ടക്കം കടന്നത്. ഒരുവിക്കറ്റിന് 40 റണ്ണെന്ന നിലയില്‍നിന്നാണ് 117 ന് വിന്‍ഡീസ് ബാറ്റര്‍മാര്‍ കൂടാരം കയറിയത്.
നാലുവിക്കറ്റ് വീതം വീഴ്‌ത്തിയ അലി ഉസ്‌മാനും സാജിദ് ഖാനും പാകിസ്‌താന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നു. മുഹമ്മദ് അലിക്കാണ് ശേഷിച്ച ഒരുവിക്കറ്റ്.
ചെറിയ ലക്ഷ്യത്തിലേക്കു ബാറ്റേന്തിയ പാകിസ്‌താന്‍ നിരയില്‍ അസാന്‍ അവെയ്‌സ് (18), ഇമാം ഉള്‍ ഹഖ് (ഒന്‍പത്) എന്നിവര്‍ പുറത്തായി.



Comments