
തിരുവനന്തപുരം : പീഡന പരാതി പറയാന്‍ വിളിച്ച യുവതിയോട് മോശം പെരുമാറ്റം നടത്തിയതിന്റെ പേരില്‍ വന്‍ വിമര്‍ശനം നേരിടുന്നതിനിടയില്‍ ഇന്ന് നടക്കുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ വനിതാ കമ്മീഷന് അദ്ധ്യക്ഷയുടെ കാര്യം ചര്‍ച്ചചെയ്യും. കാലാവധി തീരാന്‍ ഒരു വര്‍ഷം കൂടി ബാക്കിയിരിക്കെ എംസി ജോസഫൈനെതിരേ എന്ത് നടപടിയെടുക്കണമെന്ന തീരുമാനം യോഗത്തില്‍ ഉണ്ടായേക്കും.
സമൂഹത്തിലെ നാനാ തുറകളിലും ഉള്ളവരുടെ വിമര്‍ശനത്തിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടി വിമര്‍ശനം ഉയര്‍ത്തുന്ന സാഹചര്യത്തില്‍ സിപിഎം ജോസഫൈനെതിരേ കടുത്ത നടപടി സ്വീകരിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയാണ് ജോസഫൈന്. എം സി ജോസഫൈൻ സ്ത്രീയോട് തട്ടിക്കയറിയ വിഷയത്തിൽ സിപിഐഎം ഇന്നലെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടന എഐഎസ്എഫ് ജോസഫൈനെ പുറത്താക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു. വിഷയത്തില്‍ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷവും രംഗത്ത് വന്നിട്ടുണ്ട്. ജോസഫൈനെ വനിതാ കമ്മിഷന് അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കണമെന്നാവശ്യപ്പെട്ട് പലയിടത്തും കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. തിരുവനന്തപുരത്ത് വനിതാ കമ്മിഷന് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയിരുന്നു. വനിതാ കമ്മീഷന് അധ്യക്ഷക്കെതിരെ വനിതാ കമ്മീഷന് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ പരാതി നല്‍കിയിട്ടുണ്ട്.
ജോസഫൈന്റെ പ്രതികരണത്തില്‍ സഹതാപമാണുള്ളതെന്നായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ പ്രതികരണം. ജോസഫൈന് സ്ഥാനമൊഴിഞ്ഞില്ലെങ്കില്‍ സമര പരിപാടികളിലേക്ക് കടക്കാനും സര്‍ക്കാരിനെതിരെ പ്രചരാണയുധമാക്കാനുമാണ് യുഡിഎഫിന്റേയും ബിജെപിയുടേയും നീക്കം. ജോസഫൈനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് വഴിതടയല്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങേയറ്റം പിന്തിരിപ്പന് മാനസികാവസ്ഥയില്‍ നിന്നുകൊണ്ട് ഇരകളാക്കപ്പെട്ട സ്ത്രീകളെ വിചാരണ ചെയ്യുകയും അപമാനിക്കുകയും ചെയ്ത എം സി ജോസഫൈനെ ഇനിയും തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി ആണെന്ന് കെ സുധാകരന് പറഞ്ഞു.






