
തിരുവനന്തപുരം: ദളിതനായതിനാല്‍ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടില്ലെന്നും കുടുംബത്തിനു സൈബര്‍ ആക്രമണം നേരിടേണ്ടി വന്നുവെന്നുമുള്ള കൊടിക്കുന്നില്‍ സുരേഷിന്റെ വെളിപ്പെടുത്തലില്‍ കോണ്‍ഗ്രസ്സ് മറുപടി പറയണമെന്ന് ഡിവൈഎഫ്ഐ. ഇത്തരം അപരിഷ്കൃതമായ നിലപാടുകള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസിന്റെ ഒരുവിഭാഗത്തെ സംഘപരിവാര്‍ ബോധം ബാധിച്ചതിനാലാണെന്നും വിമര്‍ശിക്കുന്നു.
ജാതിയുടെ പേരില്‍ എം.പിയും കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റുമായ കൊടിക്കുന്നില്‍ സുരേഷിന് കോണ്‍ഗ്രസുകാരില്‍ നിന്നും നേരിടേണ്ടി വന്ന സൈബര്‍ ആക്രമണം കോണ്‍ഗ്രസിനുള്ളിലെ സവര്‍ണ്ണ മേധാവിത്വത്തിന്റെയും സംഘപരിവാര്‍ ബോധത്തിന്റെയും തെളിവാണെന്നും വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ ഈ നിലപാട് കേരളം നേടിയെടുത്ത നവോത്ഥാന മൂല്യങ്ങളുടെ തിരസ്ക്കരണമാണ് ഡിവൈഎഫ്ഐ പറയുന്നു.
മനുഷ്യരെ തൊഴിലിന്റെയും ജാതിയുടെയും കണ്ണിലൂടെ മാത്രം കാണുന്ന മാനസികരോഗമാണ് കോണ്‍ഗ്രസിന്. വിഷം വമിക്കുന്ന ജാതിബോധം പേറുന്ന മനുസ്മൃതിയെ ആരാധിക്കുന്ന സംഘപരിവാര്‍ ആശയങ്ങളാണ് അതിനെ നയിക്കുന്നതെന്നതിന്റെ മറ്റൊരു തെളിവാണ് ഇത്.
മുഖ്യമന്ത്രിയെ ‘ചെത്തുകാരന്റെ മകന്’ എന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന് ആക്ഷേപിച്ചപ്പോഴും വയലാര്‍ രവിയുടെ പേരക്കുട്ടിയുടെ ചോറൂണിനെത്തുടര്ന്നുണ്ടായ സംഭവങ്ങളും ഉണ്ടായപ്പോള്‍ കാട്ടിയ കുറ്റകരമായ മൗനമാണ് ഇത്തരം കാര്യങ്ങള്‍ തുടരാന്‍ കാരണം. ദളിതന് ആയതിനാല്‍ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടില്ലെന്നും കുടുംബത്തിനു സൈബര്‍ ആക്രമണം നേരിടേണ്ടി വന്നുവെന്ന കൊടിക്കുന്നില്‍ സുരേഷ് ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതാണ് ഡിവൈഎഫ്ഐ ആയുധമാക്കിയത്.
സംവരണം ഉള്ളതുകൊണ്ട് മാത്രമാണ് തെരഞ്ഞടുപ്പ് രാഷ്ട്രീയത്തില്‍ ഇത്ര വളരാന്‍ കഴിഞ്ഞത്. നവോത്ഥാനമൊക്കെ നടന്ന സംസ്ഥാനമാണല്ലോ കേരളം എന്ന പ്രതീക്ഷയൊക്കെ അവസാനിച്ചെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞിരുന്നു. മതിയായ യോഗ്യത ഉണ്ടായിരുന്നത് കൊണ്ടാണ് കെ.പി.സി.സി. പ്രസിഡന്റാകാന്‍ ശ്രമിച്ചത്. എന്നാല്‍ ദളിതനായതു കൊണ്ടു മാത്രം നേരിടേണ്ടി വന്നത് ക്രൂരമായ സൈബര്‍ ആക്രമണമാണ്. വിദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നും ജാതി പറഞ്ഞ് എന്റെ കുടുംബത്തെപ്പോലും ആക്ഷേപിച്ചതായും പറഞ്ഞു.
ദളിതനായതുകൊണ്ട് മാത്രം നേരിടേണ്ടി വന്നത് ക്രൂരമായ സൈബര്‍ ആക്രമണമാണെന്ന കൊടിക്കുന്നില്‍ സുരേഷിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്നും ഡി.വൈ.എഫ്.ഐ. പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇത്തരം ജാതിവിവേചനങ്ങളോടും സവര്‍ണ്ണ മനോഭാവത്തോടും പടപൊരുതി ജയിച്ച നാടാണ് കേരളം. ഈ നാട് നേടിയെടുത്ത നവോത്ഥാന മൂല്യങ്ങളുടെ തിരസ്ക്കരണമാണ് കോണ്‍ഗ്രസിന്റെ ഈ നിലപാട് എന്നുമായിരുന്നു കൊടിക്കുന്നില്‍ അഭിമുഖത്തില്‍ പറഞ്ഞത്.






